തിരുവനന്തപുരം: കേരളത്തിൽ ആളൊഴിഞ്ഞ് കിടക്കുന്നത് 15 ലക്ഷത്തിലധികം വീടുകൾ. ആളൊഴിഞ്ഞ വീടുകളുടെ എണ്ണം കൂടുമ്പോഴും ഓരോ വർഷവും കേരളത്തിൽ നിർമ്മിക്കുന്ന വീടുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്.
2021-22 കാലയളവിലെ സംസ്ഥാന നിർമ്മാണ മേഖലയെക്കുറിച്ചുള്ള സാമ്പത്തിക, സ്ഥിതി വിവരക്കണക്ക് അനിസരിച്ച് 3.95 ലക്ഷം കെട്ടിടങ്ങളാണ് കേരളത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 2.9 ലക്ഷം കെട്ടിടങ്ങളും വീടുകളാണ്.
2021-22ൽ നിർമിച്ച കെട്ടിടങ്ങളുടെ എണ്ണം മുൻവർഷത്തേക്കാൾ 11.22 ശതമാനം കൂടുതലാണെന്ന് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനങ്ങളുടെ വരുമാനത്തിലുണ്ടായ പുരോഗതിയാണ് വർധനവിന്റെ പ്രധാന കാരണം.
റിപ്പോർട്ട് അനുസരിച്ച്, പുതിയതായി നിർമിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിർമ്മാണത്തിൽ മുന്നിൽ. ഇടുക്കിയിലാണ് നിർമ്മാണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവിൽ ഇടുക്കിയിൽ നിർമ്മിച്ചത്.