Advertisment

ജസ്റ്റിസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോൾ സ്‌പ്രിംഗ്‌ളർ, സർവകലാശാലാ വി.സി. നിയമന കേസുകളിൽ എൽഡിഎഫ് സർക്കാർ അനുകൂല നിലപാടുകൾ അദ്ദേഹത്തിൽനിന്നുണ്ടായെന്നും ശുപാർശ അംഗീകരിക്കരുതെന്നും കാണിച്ച് പ്രതിപക്ഷം ഗവർണർക്ക് കത്തുനൽകിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
manikumar 8Untitled.jpg

തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും. രാജ്ഭവനിൽ ഒപ്പിടാതെ മാസങ്ങളായി കെട്ടിക്കിടന്ന സർക്കാർ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെയാണ് ഇതിൽ തീരുമാനം ആയത്.

Advertisment

ഇത് കൂടാതെ സമാവർത്തിപ്പട്ടികയിലെ നിയമനിർമാണത്തിന് കേന്ദ്രത്തിൻ്റെ മുൻകൂർ അനുമതി വേണ്ടെന്ന നിയമഭേദഗതിയും, വീടുകളുടെ നികുതി സംബന്ധിച്ച ബില്ലിലും ഗവർണർ ഒപ്പിട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടുന്നമുറയ്ക്ക് ഇവ വിജ്ഞാപനം ചെയ്യും.  കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് എസ്. മണികുമാറിനെ സർക്കാർ നിർദേശിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോൾ സ്‌പ്രിംഗ്‌ളർ, സർവകലാശാലാ വി.സി. നിയമന കേസുകളിൽ എൽഡിഎഫ് സർക്കാർ അനുകൂല നിലപാടുകൾ അദ്ദേഹത്തിൽനിന്നുണ്ടായെന്നും ശുപാർശ അംഗീകരിക്കരുതെന്നും കാണിച്ച് പ്രതിപക്ഷം ഗവർണർക്ക് കത്തുനൽകിയിരുന്നു.

ഇതോടെ ഇതിന്മേൽ വിശദീകരണം ചോദിച്ച് ഗവർണർ സർക്കാരിന് കത്തുനൽകി. പിന്നീട് സർവകലാശാലാ വി.സി. നിയമന തർക്കങ്ങളിൽ സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരുവിട്ടതോടെ ഈ  ശുപാർശ രാജ്ഭവനിൽ കെട്ടിക്കിടന്നു.

നിയമനം അനിശ്ചിതത്വത്തിലായതോടെ, കമ്മിഷൻ ചെയർമാന്റെ ചുമതല ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനെ ഏല്പിക്കണമെന്ന ശുപാർശ സർക്കാർ ഗവർണർക്ക് നൽകിയിരുന്നു.

Advertisment