Advertisment

ഇടതു പക്ഷത്തിന്റെ താര പ്രചാരകനായ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് തുക്കം; തുടക്കം നെയ്യാറ്റിൻകരയിൽ നിന്ന്; ഓരോ മണ്ഡലത്തിലും മൂന്ന് യോഗങ്ങളിൽ വീതം പങ്കെടുക്കുന്ന മുഖ്യമന്ത്രി മൊത്തം സംസാരിക്കുക അറുപത് യോഗങ്ങളിൽ; രാവിലെ ഒന്നും ഉച്ചയ്ക്ക് ശേഷം രണ്ടും എന്ന നിലയിൽ ക്രമീകരണം; പൗരത്വ നിയമം മുഖ്യ ആയുധമാക്കും; പ്രചാരണ രംഗത്ത് ശ്രദ്ധാകേന്ദ്രമായി വീണ്ടും പിണറായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇടത് മുന്നണിയുടെ നായകനും താരപ്രചാരകനുമായ   മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ നിന്നാണ് മുഖ്യമന്ത്രി ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിന് നാന്ദി കുറിക്കുക.

Advertisment

സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും എത്തുന്ന മുഖ്യമന്ത്രി ഒരു മണ്ഡലത്തിൽ 3 പൊതുയോഗങ്ങൾ എന്ന കണക്കിൽ  60 പൊതുയോഗങ്ങളിൽ  പങ്കെടുക്കും.


2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ ഇടത് മുന്നണിയെ ഒറ്റയ്ക്ക് നയിച്ച പിണറായി വിജയൻ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫിൻെറ ക്യാപ്റ്റൻ. തെക്ക് നിന്ന് വടക്കോട്ട് പ്രയാണം ആരംഭിക്കുന്ന മുഖ്യമന്ത്രി ഓരോ മണ്ഡലങ്ങളിലെയും പ്രചരണ പ്രവ‍ർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുമുണ്ട്.


 

cmidukki

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്നാണ് ഔദ്യോഗികമായി  തുടക്കം കുറിക്കുന്നതെങ്കിലും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച റാലികളോടെ അദ്ദേഹം പ്രചരണത്തിലേക്ക് അനൗദ്യേഗികമായി കടന്നിരുന്നു.

പൗരത്വ റാലികൾ  യഥാർത്ഥത്തിൽ  തിരഞ്ഞെടുപ്പ് പ്രചരണം തന്നെയായിരുന്നു. മുസ്ളീം  ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പിച്ചാൽ വിജയം നേടാമെന്ന് കരുതുന്ന മുഖ്യമന്ത്രി ഇന്നു മുതൽ ആരംഭിക്കുന്ന പൊതു യോഗങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിൽ തന്നെയായിരിക്കും ഊന്നുക. മകൾക്കെതിരായ കരിമണൽ മാസപ്പടിയിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിൽ വരും ദിവസങ്ങളിൽ വലിയ സംഭവവികാസങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വിമ‍ർശിച്ച് രംഗത്ത് വരുമെന്ന് ഉറപ്പാണ്. മകൾക്കും കുടുംബത്തിനും എതിരായ മാസപ്പടി കേസിലെ നടപടികളെ പ്രചരണ വേദികളിൽ മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കും എന്നതാണ് അറിയാനുളളത്.

കേന്ദ്ര ഏജൻസികളെ കടന്നാക്രമിച്ച് മകളെ ന്യായികരിക്കുമോ അതോ മറുപടി പറയാതെ മൗനം പാലിച്ച്  മുന്നോട്ട് പോകുമോ എന്നതാണ് അറിയാനുളളത്. ഇതൊക്കെ കൊണ്ട് തന്നെ മറ്റ് ഏത് നേതാക്കൾ പ്രചരണത്തിന് എത്തിയാലും  മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും  മുന്നണിയുടെ ശ്രദ്ധാകേന്ദ്രമെന്ന് ഉറപ്പാണ്.

ഇന്ന് മുതൽ ഏപ്രിൽ 22 വരെ മൊത്തം 24 ദിവസമാണ് മുഖ്യമന്ത്രി ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. 20 മണ്ഡലങ്ങൾക്കുമായി ഓരോ ദിവസം വീതം നീക്കിവെച്ചിരിക്കുന്ന മുഖ്യമന്ത്രി, ഒരുദിവസം 3 യോഗങ്ങളിൽ പങ്കെടുക്കും. രാവിലെ ഒന്ന്, ഉച്ചക്ക് ശേഷം രണ്ട് എന്ന ക്രമത്തിലായിരിക്കും യോഗങ്ങളുടെ സംഘാടനം.

ഓരോ മണ്ഡലങ്ങളിലും ഏതൊക്കെ സ്ഥലങ്ങളിലാണ് മുഖ്യമന്ത്രിയുടെ യോഗങ്ങൾ സംഘടിപ്പിക്കേണ്ടതെന്ന് അതാത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികളായിരിക്കും തീരുമാനിക്കുക. ഏപ്രിൽ ഒന്ന് വയനാട്, രണ്ട് - മലപ്പുറം, മൂന്ന് - എറണാകുളം, നാല് - ഇടുക്കി, അഞ്ച് - കോട്ടയം, ആറ് - ആലപ്പുഴ, ഏഴ് - മാവേലിക്കര, എട്ട് - പത്തനംതിട്ട, ഒൻപത് - കൊല്ലം, 10 - ആറ്റിങ്ങൾ, 12 - ചാലക്കുടി, 15 - തൃശ്ശൂർ, 16 - ആലത്തൂർ, 17 - പാലക്കാട്, 18 - പൊന്നാനി, 19 - കോഴിക്കോട്, 20 - വടകര, 21- കാസർകോട്, 22 - കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ.


ദേശിയതലത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നതിനെ ഭീതിയോടെ കാണുന്ന മുസ്ളീം സമൂഹത്തിൻെറ ആശങ്ക വോട്ടായി മാറ്റുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യം. ദേശിയ തലത്തിൽ ബി.ജെ.പിക്ക് ബദലായി മാറാൻ കോൺഗ്രസിന് കഴിയില്ല എന്ന് സമ‍ർ‍ത്ഥിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ന്യൂനപക്ഷ പിന്തുണ ഉറപ്പിച്ച് നിർത്തുകയാണ് ഇടത് തന്ത്രം.


തലപ്പലത്ത് 251 അംഗ എൽ.ഡി.എഫ് കമ്മിറ്റി രൂപീകരിച്ചു 

എന്നാൽ സമീപകാലത്ത് മുഖ്യമന്ത്രിയിൽ നിന്നുണ്ടായ രണ്ട് പരാമ‍ർശങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടത് മുന്നണിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. യാക്കോബായ വിഭാഗത്തിൻെറ പരമാധ്യക്ഷന് പുത്തൻകുരിശിൽ നൽകിയ സ്വീകരണ ചടങ്ങിൽ ഓ‍ർത്തഡോക്സ് വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം ആ വിഭാഗത്തെ വലിയ തോതിൽ വികാരം കൊളളിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളുമായുളള സംവാദ പരിപാടിയിൽ ഈരാറ്റുപേട്ട സംഭവം മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പരാമ‍ർശം മുസ്ളീം വിഭാഗത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട്.  സംഘടനാ ഭേദമില്ലാതെ മുസ്ളീം വിഭാഗത്തിലെ എല്ലാ സംഘടനകളും മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Advertisment