Advertisment

തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ സിപിഎം വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; യുവാവ് അറസ്റ്റില്‍, മെമ്പര്‍ ആശുപത്രിയില്‍

മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോള്‍ സജി ബിജുവിന്റെ ദേഹത്തേക്ക് കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുന്നു. 

New Update
saji attingal

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ  മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവി(53)നെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) പൊലീസ് അറസ്റ്റ് ചെയ്തു.  

ഞായറാഴ്ച രാവിലെ 11.30 -ഓടെയാണ് സംഭവം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു മുദാക്കല്‍ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയായ ബിജു.

എന്നാല്‍ ഇദ്ദേഹത്തിനെ സജി അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോള്‍ സജി ബിജുവിന്റെ ദേഹത്തേക്ക് കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുന്നു. 

Advertisment