Advertisment

നവകേരള സദസിന് പഴുതടച്ച സുരക്ഷ. മുഖ്യമന്ത്രിക്ക് വേദികളിലും താമസസ്ഥലത്തും യാത്രകളിലും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ വടക്കൻ ജില്ലകളിൽ കമാൻഡോ സുരക്ഷ. ഭരണ സംവിധാനം ഒന്നാകെ 140 മണ്ഡലങ്ങളിലേക്ക് എത്തുമ്പോൾ സുരക്ഷയ്ക്ക് ഒരുക്കങ്ങൾ കടുപ്പം !

New Update
navakerala

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിസഭ ഒന്നാകെ 140 നിയോജക മണ്ഡലങ്ങളിലേക്ക് എത്തുമ്പോൾ സുരക്ഷാകോട്ടയാണ് പോലീസ് ഉയർത്തുന്നത്.

Advertisment

മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന് പഴുതടച്ച സുരക്ഷയൊരുക്കാൻ പ്ലാനുകൾ തയ്യാറായിക്കഴിഞ്ഞു. യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും മുഖ്യമന്ത്രിക്ക് ഇസ‍ഡ് പ്ലസ് സുരക്ഷ നൽകും. സംസ്ഥാനത്ത് ഗവർണർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്.

മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കമാൻഡോ സുരക്ഷയൊരുക്കും. അടുത്തിടെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയും നഗരപ്രദേശങ്ങളിൽ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ തണ്ടർബോൾട്ട് കമാൻഡോകൾ അടക്കം രംഗത്തുണ്ടാവും.

77navakerala

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് സായുധ ബറ്റാലിയനുകൾ, ലോക്കൽ പോലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരുണ്ടാവും. സുരക്ഷാ മേൽനോട്ടവും ഏകോപനവും ജില്ലാ പൊലീസ് മേധാവിക്കായിരിക്കും. ഇന്റലിജൻസ് മേധാവിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണവും ശക്തമാക്കും.

പരാതി നൽകാനെത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവരുതെന്ന് ജില്ലാ പോലീസ് മേധാവിമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം പരാതിക്കാരെ അടുത്തേക്ക് വിടാം. സ്റ്റേജിൽ ഇതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ജനങ്ങളുടെ എല്ലാ പരാതികൾക്കും രസീത് നൽകണം.

എത്ര സമയത്തിനകം പരാതികൾ പരിഹരിക്കുമെന്ന് അവരെ അറിയിക്കണം. പരാതികളിൽ കൃത്യമായ തുടർനടപടികളുണ്ടാവണം. പരാതികൾ മുൻകൂട്ടി സ്ക്രീനിംഗ് നടത്തി ഏത് വകുപ്പിന് കൈമാറണമെന്ന് നിശ്ചയിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ഗസ്റ്റ് ഹൗസുകൾക്ക് സായുധ ബറ്റാലിയനുകളിൽ നിന്നാവും സുരക്ഷയൊരുക്കുക. സഞ്ചരിക്കുന്ന ബസും പൊലീസ് വലയത്തിലായിരിക്കും. ബറ്റാലിയൻ കമൻഡാന്റുമാർക്ക് ഇതിനുള്ള നിർദ്ദേശം കൈമാറിയിട്ടുണ്ട്.

നവകേരള സദസിന്റെ ഒരുക്കങ്ങൾ മുഖ്യമന്ത്രി വിലയിരുത്തിയിട്ടുണ്ട്. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിൽ നവകേരള സദസിന് വലിയ സാദ്ധ്യതയുണ്ടെന്നും പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് നവകേരള സദസ് തുടങ്ങുന്നത്.

4566

140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കേണ്ട ബെൻസിന്റെ പ്രത്യേകം ക്രമീകരിച്ച ബസും എത്തിയിട്ടുണ്ട്. ജില്ലകളിൽ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി മണ്ഡലങ്ങളിലേക്കു പുറപ്പെടുന്ന സാഹചര്യത്തിൽ ഡിസംബർ 25 വരെ 5 മന്ത്രിസഭായോഗങ്ങൾ വിവിധ ജില്ലകളിലായാണു നടക്കുന്നത്. 22ന് തലശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടും 20ന് കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ ചേരുക

Advertisment