തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ നിര്‍ദേശം. 'എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്' എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിത യൂട്യൂബ് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണം. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബസ് സ്റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പൊലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ കെഎസ്ആര്‍ടിസി കേസ് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഒരു ഫയലും ഉദ്യോഗസ്ഥര്‍ നടപടി എടുക്കാതെ മേശയില്‍ വയ്ക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കും. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് നിരന്തരം പരാതിയുണ്ട്. പരാതികള്‍ അയയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.