നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലര്‍ ഡോ. എ.പി മജീദ് ഖാന്‍ അന്തരിച്ചു

New Update
obit ap majeed khan

നെയ്യാറ്റിൻകര: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ - ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി.മജീദ് ഖാൻ അന്തരിച്ചു. 91 വയസ് ആയിരുന്നു.

Advertisment

ഏതോ ഒരു സ്വപ്നത്തിനു വേണ്ടി നിശ്ചയ ദാർഢ്യത്തോടെയും കഠിന പ്രയത്നത്തിലൂടെയും വ്യക്തിപരമായും കുടുംബപരമായും ഉയർച്ചയിലെത്തുക എന്നതിനപ്പുറം വരും തലമുറക്കായി വിദ്യാഭ്യാസ മേഖലയിൽ വലിയൊരു പാത തുറന്നിട്ടയാളായിരുന്നു ഡോ.എ.പി.മജീദ് ഖാൻ.

ap majeed khan

വിദ്യാഭ്യാസം ഒരു സമൂഹത്തിന്റെ ഉയർച്ചയുടെ  ആണിക്കല്ലാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവായിരിക്കാം സ്വന്തം നാടായ നെയ്യാറ്റിൻകരയിൽ ആരംഭിച്ച ഒരു ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും തമിഴ്നാട്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലേക്കുള്ള പരിണാമത്തിന് കാരണം. 

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ ഐടിഐ. സ്ഥാപിച്ചു. കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജിൻ്റെ സ്ഥാപകൻ കൂടിയാണ് ഡോ.എ.പി മജീദ് ഖാൻ. 

ap majeed khan-2

കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിരുന്നു. 

ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും ഐ. ടി. ഐ വിദ്യാർത്ഥികൾ നിർണായക പങ്ക് ‌വഹിച്ചു. 

നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റിൻറെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായി നിലകൊള്ളുന്നു.

ap majeed khan-3

സൈഫുന്നീസയാണ് ഭാര്യ, മക്കൾ ശബ്‌നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്‌ടർ), എംഎസ് ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എംഡി). 

തക്കല നൂറുൽ ഇസ്‌ലാംസർവകലാശാലയിലും നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനത്തിന് സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും സാധാരണക്കാരുമായ ആൾക്കാർ ഒഴുകി എത്തികൊണ്ടിരിക്കുന്നു. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.

Advertisment