തിരുവനന്തപുരം: നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് യൂണിവേഴ്സൽ ലൗവ് സന്നദ്ധസംഘടനയുടെ 22-ാം വാർഷികാഘോഷം മാർ ഇവാനിയോസ് വിദ്യാനഗറിലുള്ള ജയമാതാ ബോയ്സ് ഹോമിൽ നടന്നു. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി. എസ്. പ്രമോദ് ശങ്കർ ഐ.ഒ.എഫ്.എസ് മുഖ്യാതിഥിയായിരുന്നു.
വഴിയിൽ കിട്ടിയ സ്വർണമാല അധ്യാപകരെ ഏൽപ്പിച്ച് സത്യസന്ധത കാട്ടിയ നേമം വിക്ടറി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമിക്ക് നൊബിലിറ്റി അവാർഡ് സമ്മാനിച്ചു. പഞ്ചമിയെ സത്യസന്ധതയുടെ വഴിയിൽ വളർത്തിയ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് നടത്തി. സർവോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ കരിക്കൽ ചാക്കോ വിൻസെൻറ്, കെഎസ്ആർടിസി അസിസ്റ്റന്റ് വർക്സ് മാനേജർ വി. സി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
സോൾ കോ-ഓർഡിനേറ്റർ മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജയിംസ് മാത്യു, ലതീഷ്, ഉദയകുമാർ, കുമാരി, രവീന്ദ്രൻ, രാധിക നായർ, സനൽകുമാർ, ദേവരാജൻ, ബിപിൻ, ഗോപകുമാർ, ജോസ് എം ജേക്കബ്, ഷൈജ ഗോപൻ, ഖുറേഷി എന്നിവരും പങ്കെടുത്തു.
ജയമാതാ സ്ഥാപനത്തിലെ പാചകക്കാരേയും ജീവനക്കാരേയും ചടങ്ങിൽ ആദരിച്ചു. സ്ഥാപനത്തിന്റെ ക്യൂറേറ്റർ ബ്രദർ ഡൊമിനിക് സ്വാഗതം ആശംസിച്ചു. കുട്ടികൾക്കായി അന്നദാനവും മധുരവിതരണവും സംഘടിപ്പിച്ചു. സോൾ അംഗങ്ങളുടെ ഗാനമേള പരിപാടിക്ക് നിറവേകി.