തിരുവനന്തപുരം: മുൻ കേരള ജനസംഘം സെക്കുലർ പാർട്ടി ചെയർമാനും ഇപ്പോൾ ബിജെപി നേതാവുമായ മുൻ എംഎൽഎ പിസി ജോർജിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പിസി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചത്. കേരള രാഷ്ട്രീയ ചരിത്രം എടുത്തു നോക്കുകയാണെങ്കിൽ ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിസി ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല. എങ്ങും ഇടമില്ലാതെ വന്നപ്പോഴാണ് ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.
പിസി ജോർജിനെ ഉൾക്കൊള്ളാൻ ആരും തയ്യാറാവില്ല. തലയില്‍ ജനവാസമുള്ള ആരും പിസി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഒരു രക്ഷയുമില്ലാത്ത രാഷ്ട്രീയ നേതാവാണ് പി സി ജോര്‍ജ്.
ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തിൽ കാണാൻ കഴിയില്ല. ദരിദ്രവാസിയും നിലപാടില്ലാത്തവനുമായ നേതാവാണ് പിസി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോര്‍ജെന്നും മത്സരിച്ചാല്‍ പി സി ജോര്‍ജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിസി ജോര്‍ജിന് ദയനീയ പരാജയം ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപിക്കാര്‍ പോലും പിസി ജോര്‍ജിന് വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.