/sathyam/media/media_files/2025/10/10/dbbb9682-16de-47a4-8f1b-33c5d71d67d3-2025-10-10-23-15-31.jpg)
തിരുവനന്തപുരം: യു.എ.ഇ യിൽ നടക്കുന്ന ഈ വർഷത്തെ 44-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 101 പേരുടെ 101 പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ലോക റെക്കോർഡിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് സ്ത്രീ എഴുത്തുകാരുടെ കൂട്ടായ്മയായ "പെണ്ണില്ലം എഴുത്തിടം".
നവംബർ 3 മുതൽ നവംബർ 20 വരെ പെണ്ണില്ലം എഴുത്തുകാർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കും. ഷാർജ ബുക്ക് ഫെയർ ഹാൾ നമ്പർ 7 ൽ പെണ്ണില്ലം ബുക്ക്സ്റ്റാളും പ്രവർത്തിക്കും.
2024 ലെ ഏറ്റവും വലിയനേട്ടമാണ് പെണ്ണില്ലം പബ്ലിക്കേഷൻസ് ആരംഭിച്ചതെന്ന് ജനറൽ സെക്രട്ടറി രാജി അരവിന്ദ് പറയുന്നു.
പെണ്ണില്ലം എഴുത്തിടത്തിലെ 62 പേരുടെ 62 പുസ്തകങ്ങളുടെ പ്രകാശന കർമ്മം 2024 ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യാന്തര മാധ്യമങ്ങൾ മെഗാ പ്രകാശന ചടങ്ങ് എന്ന് വിശേഷിപ്പിച്ച ഒന്ന്. കേരളം തന്നെയാണ് ആ എഴുത്തു വേളയിൽ മുൻപിൽ നിന്നതെന്ന് തെളിയിക്കാൻ പെണ്ണില്ലത്തിനും സാധിച്ചു.
സർക്കാർ ഉദ്യോഗസ്ഥരും വീട്ടമ്മമാരും സാധാരണ തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിൻറെ വിവിധ തുറകളിലുള്ള എഴുത്തുകാരികൾ കേരളത്തിൻറെ പേര് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലൂടെ സുവർണ്ണ ലിപികളിൽ അടയാളപെടുത്തി. കഥ കവിത, ലേഖനം, ഹാസ്യം, യാത്രാവിവരണം ജ്യോതിഷം തുടങ്ങി വിവിധ മേഖലകളിൽ യുവതീകൾ മുതൽ പ്രായമായവർ വരെയും ആദ്യമായി എഴുതിയവരും എഴുതിപ്പഴകിയവരും പുസ്തകോത്സവത്തിൽ രചനകളാൽ അടയാളപ്പെട്ടു.
2025 ൽ പെണ്ണില്ലം യൂട്യൂബ് ചാനലും സാഹിത്യവേദി എന്ന ഫേസ്ബുക് കൂട്ടായ്മയും ആരംഭിച്ചു കഴിഞ്ഞു.
പെണ്ണില്ലം ആദ്യ പുസ്തകം പ്രകാശനം ചെയ്തത് 2023 ഡിസംബറിൽ ആയിരുന്നു. കേരളത്തിലെ 40 വനിതകളുടെ കവിതകളും ആത്മാനുഭവങ്ങളും ഉൾപ്പെടുത്തിയ "പെണ്ണില്ലം" സമാഹാരം. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, റോസി തമ്പിക്ക് നൽകി പ്രകാശനം ചെയ്തു.
പെണ്ണില്ലം എഴുത്തിടം ജനറൽ സെക്രട്ടറി രാജി അരവിന്ദ്, വൈസ് പ്രസിഡൻ്റ് സുധ കൈതാരം, ദേവിനായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.