അവധി ദിനത്തിലും പ്രചരണത്തിരക്കൊഴിയാതെ രാജീവ് ചന്ദ്രശേഖർ

New Update
rajeev avadhi1.jpg

തിരുവനന്തപുരം: അവധി ദിവസമായ ഇന്നലെയും വിശ്രമമില്ലാതെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വോട്ടർമാരിലെത്തുന്നതിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. രാവിലെ കിള്ളിപ്പാലം സെന്റ് ജൂഡ് പള്ളി, എൽഎംഎസ്എൽ-ഷദ്ദായി മിനിസ്ട്രി ജീസസ് ആരാധന കേന്ദ്രം എന്നിവ സന്ദർശിച്ചു. ഉള്ളൂർ സത്സംഗ് ധ്യാനമന്ദിരം, പാപ്പനംകോട് ശ്രീമൂകാംബിക ദേവസ്ഥാനം പ്രതിഷ്ഠാ വാർഷികം, പൂജപ്പുര മുടവൻമുഗൾ ശ്രീ ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ പൊങ്കാലയിലും അദ്ദേഹം പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നെയ്യാറ്റിൻകര സക്ഷമ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി തിരുവനന്തപുരത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കുന്നതിന്  വേണ്ട ഇടപെടൽ നടത്തുമെന്ന് അറിയിച്ചു. തിരുവനന്തപുരത്തിനായി തയ്യാറാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ വിഷൻ ഡോക്യൂമെന്റിൽ ഇത് ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. 

Advertisment

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൊടുമല വാർഡിലെ ആദിവാസി കോളനികളും സന്ദർശിച്ചു. ഉച്ചക്ക് ശേഷമുള്ള പര്യടനം സ്ഥാനാർത്ഥി ഇതിനായി മാറ്റിവച്ചു. അമ്പൂരിയിലെ ചാക്കപ്പാറ, അച്ചവിളാകം, കാരിക്കുഴി. ശംഖിൻകോണം, പുരവിമല, തെന്മല തുടങ്ങിയ ആദിവാസി കോളനികളിലാണ് രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചത്. സഞ്ചാര യോഗ്യമായ വഴിയില്ലാത്തതാണ് കോളനി നിവാസികൾ പ്രമുഖമായും സ്ഥാനാർത്ഥിയോട് പരാതിയായി പറഞ്ഞത്. ഈ മേഖലയിൽ സഞ്ചരിച്ച സ്ഥാനാർത്ഥി ഈ വിഷയം നേരിട്ട് ബോധ്യപ്പെട്ടുവെന്നും, തീർച്ചയായും പരിഹാരം കാണാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. 

പട്ടയമില്ലാത്തതും, കോളനികളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാത്തതുമൊക്കെ പരാതിയായി അദ്ദേഹത്തിന്റെ മുൻപിൽ കോളനി നിവാസികൾ നിരത്തി. പുറവിമലയിൽ നിന്ന് കൈബക്കാണിയിലേക്ക് നെയ്യാറിലൂടെ സഞ്ചരിക്കാൻ നിലവിലുള്ള ഒരു തോണിയുടെ ശോചനീയാവസ്ഥയും നിവാസികൾ സ്ഥാനാർത്ഥിയോട് പറഞ്ഞു. പുതിയ ഒരു തോണിയെന്ന ആവശ്യം പരിഗണിക്കാമെന്നും യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനുള്ള നൈപുണ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വൈകീട്ട് കിസാൻ സംഘിന്റെ കുടുംബയോഗത്തിലും പങ്കെടുത്തു. രാത്രി വൈകിയും അദ്ദേഹം മണ്ഡലത്തിലെ വോട്ടർമാരെ കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണുന്നതിനുമുള്ള ശ്രമം തുടർന്നു.

Advertisment