തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഇന്ന് രണ്ട് മരണം. വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥി എല്‍ദോസും മാവേലിക്കരയില്‍ ഓലകെട്ടിയില്‍ തെങ്ങ് കടപുഴകി വീണ് അരവിന്ദും (31)മരിച്ചു.
അതെസമയം കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തും വെള്ളം കയറി.
സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം കാക്കനാട്, ആലുവ ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല.