മുസ്ലിം ന്യൂനപക്ഷത്തിൻ്റെ വോട്ടുകൾ നേടുക ലക്ഷ്യമിട്ട് പ്രചരണം നടത്തുന്നതിനിടെ സി.പി എമ്മിനും ഇടത് മുന്നണിക്കും പ്രതിസന്ധി സൃഷ്ടിച്ച് റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂഷൻ വീഴ്ച തുറന്നു കാട്ടിയ വിധി തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ നേതൃത്വം; ന്യൂന പക്ഷ സംരക്ഷണത്തിൽ ഊറ്റം കൊള്ളുമ്പോഴും ആർ. എസ്. എസ് പ്രവർത്തകർ പ്രതിയായ കേസുകളിൽ മെല്ലപ്പോക്കെന്ന് വിമർശനം; നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗും സമസ്തയും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
riyas moulavi.jpg

തിരുവനന്തപുരം: നി‍ർണായകമായ ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ളിം ന്യൂനപക്ഷത്തിൻെറ പിന്തുണയാർജിച്ച് സീറ്റുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിനും ഇടത് മുന്നണിക്കും തിരിച്ചടിയായി റിയാസ് മൗലവി കേസ്.

Advertisment

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായവരെല്ലാം ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടതാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സംരക്ഷണ കാർഡിറക്കി വിജയം കൊയ്യാനുളള സി.പി.എമ്മിൻെയും ഇടത് മുന്നണിയുടെയും മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത്.


cm riyas moulavi.jpg

ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതിലെ പ്രോസിക്യൂഷൻ വീഴ്ച തുറന്നുകാട്ടികൊണ്ടാണ് കോടതി റിയാസ് മൗലവി കൊലക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് കോടതി വിധിയിൽ പ്രോസിക്യൂഷൻ വീഴ്ച എടുത്ത് പറയുന്നത്.

സർക്കാരിനും മുന്നണിക്കും എതിരെ സാമുദായിക വികാരം ശക്തിപ്പെടാൻ ഇടയുളള വിഷയത്തിൽ കോടതിയേയും ന്യായാധിപനെയും വിമർശിച്ച് രക്ഷപ്പെടാനാണ് സി.പി.എം നേതൃത്വത്തിൻെറ ശ്രമം. സർക്കാരിനോ പ്രോസിക്യൂഷനോ കേസ് നടത്തിപ്പിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ജഡ്ജിയുടെ ആത്മനിഷ്ട ഘടകം കൂടി ചേർന്നതാണ് കേസിലെ വിധിയെന്നുമുളള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ പ്രതികരണം ഇതിൻെറ തെളിവാണ്.

ജഡ്ജിയെ പഴിചാരി രക്ഷപ്പെടാൻ വിഫല ശ്രമം നടത്തുമ്പോൾ , റിയാസ് വധക്കേസ് പ്രതികളുടെ ആർ.എസ്.എസ് ബന്ധത്തിന് പോലും തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കോടതി ഉത്തരവ് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസുകളിൽ നിരന്തരം വീഴ്ചകൾ സംഭവിക്കുന്നുവെന്നതാണ് മുസ്ളിം സമുദായത്തിനുളളിൽ ഉയരുന്ന പൊതുവികാരം.

സമസ്തയുടെ  മുഖപത്രമായ സുപ്രഭാതത്തിൻെറ മുഖപ്രസംഗത്തിൽ അത് വ്യക്തമാണ്.  പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഓരോ യോഗങ്ങളിലും ആവർത്തിച്ച് ഉന്നയിച്ചുകൊണ്ട്, സംസ്ഥാനത്തെ നിർണായക വോട്ട് ബാങ്കായ മുസ്ളിം സമുദായത്തിൻെറ ആകെ പിന്തുണ ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് സമുദായത്തിനുളളിൽ സർക്കാരിന് എതിരായ വികാരം വളരുന്നത്.

ഇത് തിരിച്ചറിഞ്ഞാണ് പ്രോസിക്യൂഷൻ വീഴ്ചയില്ലെങ്കിലും  സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പൊൾ സംഭവിച്ചതെന്ന് തുറന്ന് സമ്മതിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായത്. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ ഇടപെടുമെന്നാണ് പ്രതികളെ കുറ്റവിമുക്തരാക്കിയ ശേഷമുളള മുഖ്യമന്ത്രിയുടെ ഉറപ്പ്.


മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ചോദ്യം ചെയ്തുകൊണ്ട് ശക്തമായ പ്രതികരണങ്ങളുമായി മുസ്ളിം ലീഗ് നേതൃത്വവും രംഗത്തെത്തി.റിയാസ് മൗലവി വധക്കേസിലെ സർക്കാർ വീഴ്ച മറച്ചുവെയ്ക്കാൻ  മുഖ്യമന്ത്രി ഉന്നയിക്കുന്നത് വിചിത്ര വാദങ്ങളാണെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.


pk kunjalikuttyy.jpg

പ്രതികൾ വളരെ ഈസിയായി ഊരിപ്പോയെന്നും അവരെ രക്ഷപ്പെടുത്തിയതല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ചെറിയ സംഭവങ്ങളിൽ പോലും യു.എ.പി.എ ചുമത്തുന്ന പൊലീസ് റിയാസ് മൗലവി വധക്കേസിൽ എന്തുകൊണ്ട് യു.എ.പി.എ ചുമത്തിയില്ലെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ആർഎസ്എസ് നേതാക്കൾ ഉൾപ്പെടുന്ന കേസിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്നുവെന്നാണ് സമസ്ത മുഖപത്രം സുപ്രഭാതത്തിൻെറ വിമർശനവും സർക്കാരിനോടുളള വിമർ‍ശനം വെളിവാക്കുന്നതാണ്. തെളിവ് ശേഖരണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതയോ സംശയിക്കാം. സമീപകാല കോടതി വിധികളിൽ പക്ഷപാതിത്വം മുഴച്ചു നിൽക്കുന്നുണ്ടെന്നും  സുപ്രഭാതം വിമർശിക്കുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കാവുന്ന വിഷയത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്ന മുൻ മന്ത്രി ഡോ.കെ.ടി.ജലീൽ ജുഡീഷ്യറിയെ സംബന്ധിച്ച സുപ്രഭാതത്തിൻെറ വിമർശനം ഏറ്റുപിടിച്ചിട്ടുണ്ട്.ഇ.ഡി പേടി കാരണം ജുഡിഷ്യറിയുടെ കാവിവത്കരണത്തെ  വിമർശിക്കാൻ മുസ്ലിം ലീഗിന് കഴിയുന്നില്ലെന്നാണ് കെ ടി ജലീലിൻെറ വിമർ‍ശനം. 

ആർ.എസ്.എസ് പ്രവ‍ർത്തകർ പ്രതികളായ കേസുകളിൽ വീഴ്ചയുണ്ടെന്ന വിമർശനത്തിന് മുസ്ളിം സംഘടനകൾ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.പൊലീസ് ജാഗ്രതയോട് പ്രവർത്തിച്ചുവെന്ന് പറയുമ്പോഴും പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു എന്നതാണ് സമൂഹത്തിന് മുൻപിലുളള ചിത്രം. ഇതിൻെറ മറ്റൊരു ഉദാഹരണം ആലപ്പുഴയിലെ ഷാൻ വധക്കേസാണ്.

ഷാനിൻെറ കൊലയുടെ പ്രതികരമെന്നോണം നടന്ന  രൺജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളെ ശിക്ഷിച്ചിട്ടും ഷാൻ വധക്കേസിൻെറ വിചാരണ പോലും ഇനിയും തുടങ്ങിയിട്ടില്ല. ഈ വസ്തുത മുന്നിലുളളത് കൊണ്ടാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചതെന്ന ആരോപണങ്ങൾ ഉയരുന്നത്.

മുസ്ളിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുളളവർ ഈ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.ഈരാറ്റുപേട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് എതിരെ മുസ്ളീം സംഘടനകൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് റിയാസ് മൗലവി വധക്കേസിലെ വീഴ്ച തുറന്നു കാട്ടപ്പെടുന്നത്.

ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇടയുളളത് കൊണ്ട് സി.പി.എം നേതൃത്വം ആശങ്കയിലാണ്

Advertisment