Advertisment

''തലസ്ഥാന മണ്ഡലത്തിലെ പ്രവർത്തനം പോരാ'' പരാതിയുമായി ഡോ.ശശി തരൂർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു; ബൂത്ത് മണ്ഡലം തലങ്ങളിൽ പ്രവർത്തനത്തിൽ ഊർജമില്ല; ഇങ്ങനെ ഒക്കെ മതിയെന്ന വികാരത്തിൽ മെല്ലെപ്പോക്കെന്നും നേതൃത്വത്തെ അറിയിച്ച് ശശി തരൂർ; പ്രവർത്തക സമിതി അംഗത്തിൻെറ പരാതി വന്നതോടെ പ്രചരണം ഊർജിതമാക്കാൻ ഇടപെട്ട് കോൺഗ്രസ് നേതൃത്വം

New Update
ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല ;  സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പോരായ്മകളുണ്ടെന്ന പരാതിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു.  പ്രചരണ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെന്ന പരാതിയാണ് ശശി തരൂർ ഉന്നയിച്ചിരിക്കുന്നത്.

Advertisment

ബൂത്ത് - മണ്ഡലം കമ്മിറ്റി തലങ്ങളിലെ പ്രചരണം മന്ദഗതിയിലായതാണ് ശശി തരൂരിനെ പരാതി ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ഇതര മുന്നണികളുമായി താരതമ്യം ചെയ്യുമ്പോൾ താഴെത്തട്ടിലെ പ്രവർത്തകർക്ക് ഊർജം കൈവരാനുണ്ട്. ഇങ്ങനെയൊക്കെ പ്രവർത്തിച്ചാൽ മതിയെന്ന മട്ടിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ശശി തരൂർ ദേശിയ -സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് ശേഷവും തരൂർ സമാനമായ പരാതി പരസ്യമായിതന്നെ ഉന്നയിച്ചിരുന്നു. പ്രവർത്തക സമിതി അംഗമായ തരൂരിൻെറ പരാതി വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി ആക്ടിങ്ങ് പ്രസിഡൻറ് എം.എം.ഹസനും പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നുണ്ട്.


congress flag n.jpg

പാലോട് രവി നയിക്കുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതമായി കൊണ്ടു പോകാനോ നല്ലനിലയിൽ ഏകോപിപ്പിക്കാനോ കഴിയാത്തതാണ് പരാതിയ്ക്ക് ഇടയാക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പ്രചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സ്വന്തം ടീമിനെയാണ് ശശി തരൂർ എല്ലാ തിരഞ്ഞെടുപ്പുകളിൽ ആശ്രയിക്കുന്നത്.

ഇത്തവണയും ആ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജില്ലാ -സംസ്ഥാന നേതൃത്വങ്ങളുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാത്തത് കൊണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും തരൂർ ശൈലിയിലുളള കാമ്പയിനിൽ വലിയ പങ്ക് വഹിക്കാനില്ല. അതാണ് തിരഞ്ഞെടുപ്പ് പ്രചരണം താഴെത്തട്ടിൽ മന്ദീഭവിക്കാൻ കാരണമെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.

എങ്കിലും ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ എല്ലാ ഇടപെടലും നടത്താനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻെറ ശ്രമം. കെ.പി.സി.സി-ഡി.സി.സി- മണ്ഡലം പുന.സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രദേശിക തലത്തിലെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പുന.സംഘടന നടത്തിയപ്പോൾ തഴയപ്പെട്ട നേതാക്കൾ നിസഹകരണത്തിലാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകേണ്ട ഡി.സി.സി നേതൃത്വം അതിന് കാര്യമായി ശ്രമിക്കുന്നുമില്ല.സ്വന്തം സ്ഥലമായ പാലോട് പെരിങ്ങമ്മല പഞ്ചായത്തിലെ ഭരണനഷ്ടത്തെ തുടർന്ന് ജില്ലാ അധ്യക്ഷ പദവി രാജിവെച്ച പാലോട് രവി, എല്ലാ തലങ്ങളിലും സ്വീകാര്യതയുളള നേതാവല്ല.

പഴയ ശൈലിയിൽ സംഘടനാ പ്രവർത്തനം നടത്തുന്ന പാലോട് രവിയോട് യുവതലമുറ നേതാക്കൾക്കും വലിയ ആഭിമുഖ്യമില്ല.ഇതെല്ലാം ചേർന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്നോട്ടടിച്ചത്.

ശശി തരൂർ ആദ്യം സ്ഥാനാർത്ഥിയായി വന്ന 2009ലും ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കെട്ടി ഇറക്കപ്പെട്ട നേതാവെന്ന നിലയിൽ തരൂരുമായി അടുക്കാൻ നേതാക്കളാരും മുന്നോട്ടു വന്നില്ല. അക്കാലത്ത് തലസ്ഥാന മണ്ഡലത്തിലെ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമായ അതിരുകളോ പോലും നിശ്ചയമില്ലാതിരുന്ന തരൂരിനൊപ്പം ജില്ലാ ജനറൽ സെക്രട്ടറി മാത്രമാണ് ഉണ്ടായിരുന്നത്.

അന്നും കോൺഗ്രസ് സംഘടനാ സംവിധാനത്തെ പൂർണമായും ആശ്രയിക്കാതെ സ്വന്തം ടീമിനെ ഉപയോഗിച്ചാണ് തരൂർ പ്രചാരണം നയിച്ചത്.പ്രൊഫഷണൽ ടീമിൻെറ കരുത്തിലും വിശ്വ പൌരൻ എന്ന നിലയിലുളള പ്രതിഛായയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൻെറയും കരുത്തിലാണ് തരൂർ ജയിച്ചു കയറിയത്. കണ്ടുശീലിച്ച രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനായ തരൂരിൻെറ ശൈലിക്ക് പൊതുമണ്ഡലത്തിൽ സ്വീകാര്യത ലഭിച്ചപ്പോൾ പാർട്ടിയിൽ അതുണ്ടായില്ല.

sasi tharoor kollam-2


ഭാവിയിൽ ലഭിച്ചേക്കാവുന്ന സീറ്റ് സ്ഥിരമായി നഷ്ടപ്പെടാൻ തരൂരിൻെറ സാന്നിധ്യം ഇടയാക്കിയേക്കുമെന്ന ഭയാശങ്കകൾ ജില്ലാ നേതാക്കളെ തരൂരിൽ നിന്ന് അകറ്റി.തരൂരും തൻെറ നില വിട്ട് താഴെക്കിറങ്ങിവരാനും തയാറിയില്ല. രണ്ടും കൂടിയായപ്പോൾ ജില്ലയിലെ പാർട്ടി സംഘടനയിൽ സ്വീകാര്യതയുളള നേതാവായി മാറാൻ ശശി തരൂരിന് കഴിഞ്ഞില്ല.


സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തരൂർ ശ്രമം തുടങ്ങിയപ്പോൾ ചില നേതാക്കൾ മണ്ഡലത്തിൽ ആശവെച്ച് മുന്നോട്ടുവന്നു.എന്നാൽ സംസ്ഥാന തലത്തിൽ എതിർപ്പ് ശക്തമായതോടെ തരൂർ പിന്മാറി.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുളള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയിലെത്തിയ തരൂർ അവഗണിക്കാനാകാത്ത തരത്തിലേക്ക് വളർന്നു.ഇതോടെ സീറ്റ് മോഹികൾ നിരാശരായി. ഇതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പ്രതിഫലിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Advertisment