തിരുവനന്തപുരം: സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സപ്ലൈകോയ്ക്ക് 3000 കോടിയുടെ കടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സപ്ലൈകോയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു.
സിപിഐ നേതാവായ ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുന്നു. കേരളത്തില്‍ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ആള്‍ക്കാരു മാവേലി സ്റ്റോറില്‍ പോകുന്നു. സാധനങ്ങളില്ല, തിരിച്ചു വരുന്നു. വഴിയില്‍ നില്‍ക്കുന്നവര്‍ ചോദിച്ചാല്‍ പറയും മാവേലിയില്‍ പോയിട്ടു വരികയാണെന്ന്. എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ല.
ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ആളുകള്‍ക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ പക്ഷം നിര്‍ത്താന്‍ പറ്റും.
സപ്ലൈകോയ്ക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.