Advertisment

ടി.പി. വധത്തിനു പിന്നാലെ വോട്ടെടുപ്പ് ദിവസം വി.എസ്. രമയെ കാണാനെത്തിയതു പോലെ പോളിംഗ് ദിനത്തിൽ വെള്ളിടിയായി സിദ്ധാ‌ർത്ഥിന്റെ മാതാപിതാക്കളുടെ സമരം മാറുമോ ? ക്ലിഫ് ഹൗസിന് മുന്നിൽ സിദ്ധാർത്ഥിന്റെ കുടുംബം സമരം തുടങ്ങുന്നതോടെ മൂർച്ചയേറിയ പ്രചാരണ ആയുധമായി പൂക്കോട്ടെ റാഗിംഗും സിദ്ധാർത്ഥന്റെ മരണവും മാറും; സമരം ഒഴിവാക്കാനും തിരക്കിട്ട നീക്കം, കേസ് ഏറ്റെടുക്കുന്നത് വൈകിപ്പിച്ച് സി.ബി.ഐ. തിരഞ്ഞെടുപ്പിനിടെ സർക്കാരിനും ഇടതുമുന്നണിക്കും അഗ്നിപരീക്ഷണം

New Update
67777

തിരുവനന്തപുരം:  പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവും അതിനു പിന്നിലെ സംഭവങ്ങളും തിരഞ്ഞെടുപ്പിൽ ചൂടേറിയ പ്രചാരണ വിഷയമാവുന്നു.  മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിദ്ധാ‌ർത്ഥിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നതോടെ ഈ വിഷയം തിരഞ്ഞെടുപ്പിലെ പ്രചാരണ ആയുധമായി മാറും.

Advertisment

മുഖ്യമന്ത്രി ചതിച്ചെന്നും നീതി കിട്ടുംവരെ ക്ലിഫ് ഹൗസിന് മുന്നിൽ കുടുംബസമേതം സമരം നടത്തുമെന്നും സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്  വ്യക്തമാക്കി. അതേസമയം, കുടുംബത്തിന്റെ സമരം ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി സർക്കാർ രംഗത്തുണ്ട്. പക്ഷേ, കേസ് ഏറ്റെടുക്കുന്നത് വൈകിപ്പിക്കുകയാണ് കേന്ദ്രവും സി.ബി.ഐയും.

കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും കേസ് ഇതുവരെ സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. കേസന്വേഷണം ഏറ്റെടുക്കണമെന്ന സർക്കാരിന്റെ വിജ്ഞാപനവും കേസ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. വിജ്ഞാപനമിറക്കി 18ദിവസം കഴിഞ്ഞാണ് സി.ബി.ഐയ്ക്ക് അത് ലഭിച്ചത്.


സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പേഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിൽ കേന്ദ്രത്തിന്റെ തീരുമാനം നിർണായകമാവും. കേസ് ഏറ്റെടുത്താൽ തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റാവും അന്വേഷണം നടത്തുക. എന്നാൽ ഈ തീരുമാനം ഇഴയുന്നതാണ് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തിന് കാരണം.


സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറയുന്നതിങ്ങനെ -

''ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് സമരം തുടങ്ങാൻ വൈകുന്നത്. ഒരാഴ്ചയ്‌ക്കകം സമരം തുടങ്ങും. എം.എം.മണി ഒളിപ്പിച്ചിരിക്കുന്ന അക്ഷയ് എന്ന വിദ്യാർത്ഥിയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ആന്റി റാംഗിംഗ് സ്‌ക്വാഡ് കുറ്റക്കാരെന്ന് കണ്ടെത്തിയ പെൺകുട്ടികളെ ഉടൻ അറസ്റ്റ് ചെയ്യണം.

എട്ട് മാസത്തോളം രാവിലെയും വൈകിട്ടും മകനെ പീഡിപ്പിച്ച എസ്.എഫ്.ഐ നേതാവിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവരണം. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ ആഭ്യന്തര വകുപ്പിന്റെ കണ്ണിൽ പൊടിയിടൽ വിശ്വസനീയല്ല. ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് റെഡിയാക്കാം എന്ന് പരിശീലനം ലഭിച്ച നക്സൽ തീവ്രവാദികളെ പോലെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മകനെ ക്രൂരമായി പീഡിപ്പിച്ചത്.

സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ തെറ്റായ റിപ്പോർട്ട് നൽകിയ ഡീനിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടപടിയെടുത്തിട്ടില്ല.സി.ബി.ഐ അന്വേഷണം ആരംഭിക്കും മുൻപ് പൊലീസ് അന്വേഷണം നിറുത്തിയതും അന്വേഷിക്കണം.

ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. കൊലപാതകം നടപ്പാക്കിയത് ആർഷോ ആയിരിക്കും. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു ".

jayaprakashUntitled7

കേരള സർക്കാരിന്റെ  രേഖകളും വിജ്ഞാപനവും കേന്ദ്ര പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തേക്ക് കൈമാറും. അവിടുത്തെ ലോ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷമാണ് സി.ബി.ഐ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ള കേസാണോയെന്ന് തീരുമാനിക്കുക. തീരുമാനം പേഴ്സണൽ മന്ത്രാലയത്തെ സി.ബി.ഐ ഡയറക്ടർ അറിയിക്കും.

എന്നാൽ കേന്ദ്രസർക്കാരിന് താത്പര്യമുള്ള കേസാണെങ്കിൽ സി.ബി.ഐ കണ്ണുംപൂട്ടി ഏറ്റെടുക്കും. വയനാട്ടിലെ കേസിൽ 22പ്രതികളും പിടിയിലായിട്ടുണ്ട്. യൂണിവേഴ്സിറ്റി അധികൃതരുടെ പങ്ക്, അക്രമത്തിനു പിന്നിലെ ഗൂഢാലോചന, ആൾക്കൂട്ട ആക്രമണം എന്നിവയെക്കുറിച്ച് സി.ബി.ഐയ്ക്ക് അന്വേഷിക്കാവുന്നതേയുള്ളൂ.

എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് വിജ്ഞാപനം കേന്ദ്രത്തിന് കൈമാറിയത്.


അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ ഇടപെടലുകളെ തുടർന്നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് സി.ബി.ഐയ്ക്ക് രേഖകൾ കൈമാറാൻ വൈകിപ്പിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്.  സി.ബി.ഐ അന്വേഷണം തടയാൻ ഉന്നത ഇടപെടലുണ്ടായെന്ന് കുടുംബവും ആരോപിക്കുന്നു. വീഴ്ച വരുത്തിയ ഡെപ്യൂട്ടി സെക്രട്ടറിയടക്കം 3 ഉദ്യോഗസ്ഥരെ സസ്പെൻ‌ഡ് ചെയ്തിട്ടുണ്ട്.


രഞ്ജിത് കുമാറിനെ എക്‌സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച് ഒന്നേകാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചെന്ന് കണ്ടെത്തല്‍ ! പാവറട്ടി കസ്റ്റഡി മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍

അന്വേഷണം മൂന്നു പേരിലൊതുക്കാതെ പ്രത്യേകം അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സസ്പെൻഷനോടെ വിവാദം അവസാനിച്ചെന്നാണ് സർക്കാർ നിലപാട്. ഡൽഹിയിലെ പേഴ്സണൽ മന്ത്രാലയത്തിലേക്ക് അയയ്ക്കേണ്ട വിജ്ഞാപനം കൊച്ചിയിലെ സി.ബി.ഐ ഓഫീസിലേക്ക് അയച്ചതടക്കം വൻ വീഴ്ചകളാണ് ആഭ്യന്തര വകുപ്പിനുണ്ടായത്.

സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കി 17ദിവസമായിട്ടും രേഖകൾ കൈമാറാത്തത് ഉദ്യോഗസ്ഥരുടെ വൻവീഴ്ചയായെന്ന് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പനിപിടിച്ച് നാലുദിവസം ആശുപത്രിയിലായതിനാൽ ഫയലുകൾ കണ്ടില്ലെന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വിശദീകരണം.  

എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും കാലതാമസമുണ്ടായി.

Advertisment