Advertisment

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ സി.പി.എമ്മിനെ നിശിതമായി വിമര്‍ശിച്ച് സുപ്രഭാതം; ധാര്‍ഷ്ട്യത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായി ഒരു മറയുമില്ലാതെ സി.പി.എം നേതാക്കള്‍ നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികര്‍ത്താക്കളിട്ട മാര്‍ക്കാണ് ഈ ഒറ്റസംഖ്യ, ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത; തിരുത്തുമെന്ന് പിണറായി പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തില്‍ നിന്ന് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവില്‍ നിന്ന്

സര്‍ക്കാരും സി.പി.എമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല.

New Update
cpm flag

കോഴിക്കോട്: സി.പി.എമ്മിനെ വിമര്‍ശിച്ചും മുസ്‌ളീം ലീഗിനെ പുകഴ്ത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗം.തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Advertisment

പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്.എഫ്.ഐയുടെ അക്രമം വരെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി സി.പി.എം നേതാക്കള്‍ നിറഞ്ഞാടി. 

തുടര്‍ഭരണം നല്‍കിയ അധികാര ധാര്‍ഷ്ട്യം സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി.സി.പി.എം ജനങ്ങളില്‍ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന. സര്‍ക്കാരും സി.പി.എമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല.

പൊലീസ് രാജില്‍ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരയ്ക്കപ്പെട്ടുവെന്നും മുഖപ്രസംഗം വിമര്‍ശിച്ചു. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷതായെണെന്ന് സുപ്രഭാതം മുപ്രസംഗം അഭിനന്ദിക്കുന്നുമുണ്ട്.

സമസ്തയും അവരുടെ മുഖപത്രവും ഇടത് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും സുപ്രഭാതത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇടത് സര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക് എന്ന തലക്കെട്ടിലുളള മുഖപ്രസംഗത്തില്‍ ജനമനസുകളില്‍ നിന്ന് എന്തുകൊണ്ട് എല്‍.ഡി.എഫ് പിഴുതെറിയപ്പെട്ടു എന്നത് വിശകലന വിധേയമാക്കണമെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തില്‍ തുടങ്ങി എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണിപറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തര ഫലമാണ് പതിനെട്ടാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എഴുതിയ വിധിയെന്നാണ് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നത്.

2019ന് സമാനമായി എല്‍.ഡി.എഫിന് ഇക്കുറിയും ലഭിച്ചിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്.സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാത്തതിലേറെ, വോട്ട് വിഹിതത്തിലുണ്ടായിരിക്കുന്ന ഇടിവാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കാണക്കാക്കാം.

2019ല്‍ സമാന തിരിച്ചടി ഉണ്ടായപ്പോള്‍ ''എന്റെ ശൈലി എന്റെ ശൈലിയാണ് അതിന് മാറ്റമുണ്ടാകില്ല '' എന്ന് പറഞ്ഞ പിണറായി തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തില്‍ നിന്ന് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവില്‍ നിന്നാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളി പാര്‍ട്ടിയായ സി.പി.എം എത്രമാത്രം സാധാരണ ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മറ്റൊരു പാഠം.തുടര്‍ച്ചയായി സി.പി.എമ്മും സര്‍ക്കാരും എടുക്കുന്ന നയങ്ങളും ജന വിരുദ്ധ  നിലപാടുകളും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അതേ നയം തുടരാനായിരുന്നു സര്‍ക്കാര്‍ ശ്രദ്ധചെലുത്തിയത്.

ധാര്‍ഷ്ട്യത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായി ഒരു മറയുമില്ലാതെ സി.പി.എം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികര്‍ത്താക്കളിട്ട മാര്‍ക്കാണ് ഈ ഒറ്റസംഖ്യ എന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.

പരാജയത്തിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്ന മുഖപ്രസംഗം ഓരോ മേഖലയിലും ഉണ്ടായ വീഴ്ചകള്‍ എടുത്തുകാട്ടുന്നുമുണ്ട്. ഒരു കാലത്ത് കേരള മാതൃകയായിരുന്നു പൊതുജനാരോഗ്യം, പൊതുവിതരണ മേഖല, വിദ്യാഭ്യാസം എന്നിവ.ഇതെല്ലാം കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങയില്ല. മുഖ്യമന്ത്രി തന്നെയാണ് അഭ്യന്തരത്തിന്റെ ചുമതലയിലെങ്കിലും പൊലീസ് രാജില്‍ പൌരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു.

ക്ഷേമപെന്‍ഷന് വേണ്ടി വയോജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതിന്റെ പാപം ഇടതുസര്‍ക്കാരിന് കഴുകിക്കളയാനാവില്ല.മുറവിളി ഏറെ ഉയര്‍ന്നിട്ടും മലബാറിലെ പ്‌ളസ് വണ്‍ സീറ്റ് പ്രതിസന്ധി ഉറക്കം കെടുത്തിയില്ലെന്നത് വിദ്യാര്‍ത്ഥി വഞ്ചനയുടെ നേര്‍സാക്ഷ്യം ആയി.ഇതിനെല്ലാം പുറമേ തുടര്‍ഭരണം നല്‍കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക സി.പി.എം നേതാക്കളെ പോലും സാധാരണക്കാരില്‍ നിന്ന് അകറ്റി.

മൂന്നാം വര്‍ഷത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നതെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഭാരത്തിന് ഒരു അറുതിയുമുണ്ടായില്ല. 4000 കോടിയോളം രൂപയുടെ നികുതിയാണ് അധികമായി ചുമത്തിയതെന്നും മുഖപ്രസംഗം വിമര്‍ശിച്ചു.

Advertisment