തിരുനന്തപുരം: വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമ്മാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക.
തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 3ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.
സി കെ ഹരീന്ദ്രൻ എംഎൽഎ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശിതരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വനിതാശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജില്ലാ കളക്ടർ അനുകുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ നന്ദി പറയും. വിശാലമായ ശിശു സൗഹൃദ ക്ലാസ്റും, ശുചിമുറികൾ, ആകർഷകമായ പെയിന്റിങ്ങുകൾ, സുരക്ഷിത ഫൈബർ ഫ്ലോറിങ്, കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടികളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.