/sathyam/media/media_files/2025/09/30/surya-malayilkada-2025-09-30-16-52-49.jpg)
തിരുവനന്തപുരം: പത്രപ്രവർത്തകനും നാടക കലാകാരനും ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്ന എൽ.കെ അപ്പൻ്റെ സ്മരണയ്ക്ക് മലയിൽക്കട സൂര്യ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഈ വർഷം മുതൽ നൽകി തുടങ്ങുന്ന എൽ.കെ അപ്പൻ മീഡിയ അവാർഡ് നെയ്യാറ്റിൻകരയിലെ ഏഷ്യാനെറ്റ് റിപ്പോർട്ടറും നെയ്യാറ്റിൻകര പ്രസ്ക്ലബ് സെക്രട്ടറിയുമായ സജിലാൽ നായരെ തിരഞ്ഞെടുത്തു.
ഒക്ടോബർ രണ്ടാം തിയതി നടക്കുന്ന സൂര്യയുടെ 35-ാം വാർഷിക, ഗാന്ധിജയന്തി ആഘോഷത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം വി.എസ്.ബിനു അവാർഡ് ദാനം നിർവ്വഹിക്കും.
കവിയും ഗ്രന്ഥകർത്താവുമായ മലയിൽക്കട സുർജിത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അധ്യാപകനും പ്രഭാഷകനും കവിയുമായ ഡോ.ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
മലയിക്കട കർഷക സേവിനി ഗ്രന്ഥാലയത്തിൽ 40 വർഷമായി ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്ന ശ്രീധരൻ നായരെ ആദരിക്കും.
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ ജി.എസ്.ബിനു (മലയിൽക്കട വാർഡ്), പത്മകുമാരി (കുളത്താമൽ വാർഡ്), മഞ്ചുഷ ജയൻ (വടകര വാർഡ്) എന്നിവർ ആശംസകൾ അർപ്പിക്കും. കെ. രാജകുമാർ സ്വാഗതവും വി.എസ്. രാഹുൽ നന്ദിയും പറയും.
മഞ്ചവിളാകം സംഘഗായകർ അവതരിപ്പിക്കുന്ന മാനവ സൗഹൃദ ഗീതികൾ, വിദ്യാർത്ഥികളുടെ കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കും.