സുസ്ഥിര വികസന പഞ്ചായത്തായി കൊല്ലയിൽ മാറിക്കഴിഞ്ഞു: സി.കെ ഹരീന്ദ്രൻ എംഎൽഎ

New Update
vikasana sadas kollayil

കൊല്ലയില്‍: കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വികസനസദസ് 2025 ൻ്റെ ഉദ്ഘാടനം, പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. എൻ.എസ് നവനീത് കുമാർ അധ്യക്ഷനായ ചടങ്ങിൽ പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

ഒരു പ്രദേശത്തിനകത്തെ ജനജീവിതത്തിൽ പടിപടിയായി വളർച്ച കൈ വരുത്തുന്ന പ്രക്രിയയാണ് വികസനം. തുല്യമായി ജനജീവിതത്തിൻ്റെ പുരോഗതിയിൽ മാറ്റം വരുത്താൻ സുസ്ഥിരമായ ഭരണ സംവിധാനത്തിലൂടെ കൊല്ലയിൽ പഞ്ചായത്തിന് കഴിഞ്ഞു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിലയിരുത്തി. 

kollayil vikasana sadas

പാർശ്വവൽക്കരിക്കപ്പെട്ടവരെയും മധ്യവർത്തി ജനതയെയും സേവന മേഖലയിലും ഉല്പാദന വിപണന മേഖലയിലും സ്വയം പര്യാപ്തമാക്കാൻ പഞ്ചായത്തിന് സാധിച്ചത് ഏറെ അഭിമാന നേട്ടമാണ്. 

കേരളം തന്നെ നഗരസംസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇൻഡ്യ മഹാരാജ്യത്തിന് തന്നെ അഭിമാനമായി നമ്മുടെ സംസ്ഥാനം സർവ്വമേഖലയിലും ആധിപത്യം പുലർത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

vikasana sadas kollayil-2

സംസ്ഥാന സർക്കാരിന്റെ വികസന പ്രക്രിയകൾ താഴെത്തട്ടിൽ എത്തുന്നത് ജനകീയമായ പ്രക്രിയകൾക്ക് വേഗത കൂട്ടിയതായി പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമീണ ജനതയ്ക് ഗ്രാമവണ്ടി എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് കൊല്ലയിൽ പഞ്ചായത്താണ്. 

വൈസ് പ്രസിഡൻ്റ് എസ് സന്ധ്യ സ്വാഗതം ആശംസിച്ചു. കൊല്ലയിൽ വികസന പ്രോഗ്രസ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. താണുപിള്ള പ്രകാശനം നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി.എസ് ബിനു മുഖ്യ പ്രഭാഷണം നടത്തി.

vikasana dadas kollayil

കൊല്ലയിൽ പഞ്ചായത്തിൽ നിന്നും വിദേശ രാജ്യത്തെത്തി ബിസിനസിൽ വെന്നിക്കൊടി പാറിച്ച സുധീർകൃഷ്ണൻ നായർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഈ നാടിൻറെ നന്മ അറിയണമെങ്കിൽ നിങ്ങൾ വിദേശത്ത് ജീവിക്കണം. അതിന് മാതൃഭാഷ പോലെ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയണമെന്നദ്ദേഹം വ്യക്തമാക്കി. 

ഡിഗ്രിയും പി.ജിയും കഴിഞ്ഞ നമ്മുടെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ സാധിക്കുന്നില്ല. കുതിരയെ വെള്ളം കുടിക്കാൻ ആറ്റിന്റെ കരയിൽ കൊണ്ട് നിർത്താം പക്ഷേ കുടിക്കേണ്ട ജോലി ആരുടേതാ ? 

നമ്മുടെ വിദ്യാർത്ഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി വി.ടി.എം. എൻഎസ്എസ് കോളേജിലെ അധ്യാപകരുമായി ചേർന്ന്  നടത്തുന്ന തൻ്റെ ശ്രമങ്ങൾ വിജയമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

vikasana sadas kollayil-3

തദ്ദേശസ്ഥാപനത്തിന്റെ തനത് പ്രവർത്തനങ്ങൾ നൂതന ആശയങ്ങൾ നടപ്പിലാക്കിയത് തുടങ്ങിയ വിവരങ്ങളുടെ വീഡിയോ പ്രസൻ്റേഷൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എ.ജോണി അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പത്മകുമാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജി.ബൈജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി.എസ്. അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർ പേഴ്സൺ കെ.പി.സുശീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള സർക്കാർ പാർലമെൻ്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മോഡൽ പാർലമെൻ്റ് മത്സരത്തിൽ നാലാം സ്ഥാനം നേടിയ വി.ടി.എം എൻ.എസ്.എസ് കോളേജിന് ഉപഹാരം നൽകി ആദരിച്ചു.

അവസാനഘട്ടത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളും പ്രാദേശിക തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളും ആശയങ്ങളും അവതരിപ്പിക്കുകയും തുടർന്ന് വിഷയാധിഷ്ഠിത ചർച്ചയും നടന്നു.

Advertisment