കേരള സാംസ്കാരികവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ "മാനവമൈത്രി സംഗമം" തിരുവനന്തപുരത്ത് നടന്നു

New Update
manava maithri sangamam

തിരുവനന്തപുരം: മതവിശ്വാസങ്ങളെ മനുഷ്യസ്നേഹത്തിന്റെ അടയാളങ്ങളായി സ്വീകരിച്ച മലയാളികൾക്കു മുന്നിൽ വിശ്വാസം-മൈത്രി- മാനവികത എന്നീ സ്നേഹ മൂല്യങ്ങൾ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി കേരള സാംസ്കാരികവകുപ്പ് സംഘടിപ്പിച്ച "മാനവമൈത്രി സംഗമം" തിരുവനന്തപുരത്ത് നടന്നു.

Advertisment

തിരുവനന്തപുരം നിശാഗന്ധിയിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷനായ മാനവമൈത്രി സംഗമം ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ (ശിവഗിരി മഠം), ഡോ.തോമസ് മാർ അത്തനേഷ്യസ് (ഭദ്രാസനാധിപൻ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ), ഡോ.വി. പി.സുഹൈബ് മൗലവി (പാളയം ഇമാം) എന്നിവർ ഒരുമിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു പ്രഭാഷണം നടത്തി.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഐ.എ.എസ് സ്വാഗതം ആശംസിക്കുകയും പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ മാനവമൈത്രി സന്ദേശപ്രതിജ്ഞ സദസ്യരെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തു.

manava maithri sangamam-2

റവ. ഡോ. പോൾ തേലേക്കാട്ട് (സീറോ മലബാർസഭ മുൻ വക്താവ്, മുൻ എഡിറ്റർ സത്യദീപം മാഗസിൻ), ബാലപ്രജാപതി അടിഗളാർ (അയ്യാ വൈകുണ്ഠ സ്വാമി മഠാധിപതി), ബ്രഹ്മചാരിണി മിനി (ബ്രഹ്മകുമാരീസ്), സ്വാമി സന്ദീപാനന്ദ ഗിരി (സ്കൂൾ ഓഫ് ഭഗവത് ഗീത), അഷ്റഫ് കടയ്ക്കൽ (ഈസ്റ്റേഷ്യൻ സ്റ്റഡീസ് കേരള സർവകലാശാല), ബ്രഹ്മചാരി സുധീർ ചൈതന്യ (ചിന്മയ മിഷൻ), ഇ.വി. അനിൽകുമാർ (പ്രത്യക്ഷ രക്ഷാ ദൈവ സഭ), സ്വാമി.വിശ്വ ഭദ്രാനന്ദ ശക്തി ബോധി (വിശ്വ ഭദ്രാനന്ദ ഗുരുകുലം), ബിനോയ് ജേക്കബ് ദാസ് (ഡയറക്ടർ, യൂത്ത് ആൻഡ് കമ്യൂണിക്കേഷൻ സൗത്ത് ഇന്ത്യ എസ്‌ഡിഎ ചർച്ച്) പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ (റിട്ട. പ്രൊഫ തുഞ്ചത്തെഴുത്തച്ഛൻ, മലയാളം യൂണിവേഴ്സിറ്റി) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ഏതു മതവിശ്വാസവും അനുശാസിക്കുന്നത് മനുഷ്യത്വത്തിലധിഷ്ഠിതമായ നന്മയും സ്നേഹവും ആണെന്ന് കേരളത്തിലെ വിവിധ മേഖലകളിലെ ആദ്ധ്യാത്മിക പണ്ഡിതരുടെയും സാംസ്കാരിക പ്രഭാഷകരുടെയും വാക്കുകളിലൂടെ കേട്ടറിയുവാനും, കാലത്തെ പ്രകാശിപ്പിക്കുന്ന സർഗ്ഗാവതരണങ്ങളിലൂടെയും, ഗാനങ്ങളിലൂടെയും സമഭാവനയുടെ സ്നേഹം കേരളീയരിൽ എത്തിക്കുവാനുമുള്ള സാംസ്കാരിക ദൗത്യമായിരുന്നു മാനവമൈത്രി സംഗമം.

മാനവമൈത്രി സംഗമം ജനറൽ കൺവീനറും ഭാരത് ഭവൻ മെമ്പർ സെകട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ നന്ദി പ്രകാശിപ്പിച്ചു.

വേദികൾക്ക് ഇരുവശവും ക്രമീകരിച്ച ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ ചിത്രങ്ങൾക്കിടയിൽ സംഗീത പശ്ചാത്തല ത്തോടൊപ്പം, സാംസ്കാരികപ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കയ്യൊപ്പുകളും അടയാളപ്പെടുത്തുന്ന ദൃശ്യസാക്ഷ്യം എന്ന പരിപാടി ഏറെ ഹൃദ്യമായി.

കേരളം ഇന്നലെ ഇന്ന്  നാളെ പ്രമേയമാക്കി കേരളീയ രംഗകലകളും ഡിജിറ്റൽ ദൃശ്യസാധ്യതകളും സമന്വയിപ്പിച്ച "നമ്മളൊന്ന് " എന്ന സാംസ്കാരിക ദൃശ്യപാഠവും പരിപാടിക്ക് മിഴിവ് പകർന്നു.

Advertisment