സൗത്ത് ലൈവിന് എതിരെ സൈബർ പൊലീസിൻ്റെ ഭീഷണി, എഡിജിപിക്ക് എതിരെ  മുഖ്യമന്ത്രിക്ക് പരാതി

New Update
ajith

തിരുവനന്തപുരം: അധികാര ദുർവിനയോഗം നടത്തുകയും മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് സൈബർ ഓപ്പറേഷൻ മേധാവിയും പൊലീസ് ആസ്ഥാനത്തെ  എഡിജിപിയുമായ എസ് ശ്രീജിത്തിന് എതിരെ  മുഖ്യമന്ത്രിക്ക് പരാതി.

Advertisment

സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ( ഇന്ത്യ) പ്രസിഡൻ്റുമായ സാജ് കുര്യനാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്.

'സൗത്ത് ലൈവിൽ' 2026 ഫെബ്രുവരി 9നും ഫെബ്രുവരി 10 നും എ.ഡി.ജി.പി ശ്രീജിത്തിൻ്റെ അബുദാബി യാത്രയെ സംബന്ധിച്ചും അവിടെ അദ്ദേഹം ഒരു സ്വകാര്യ ആയുർവേദ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുത്തതും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതി സൗത്ത് ലൈവ് വാർത്തയാക്കിയിരുന്നു. 

ഇതിനെ തുടർന്നാണ് സൈബർ പൊലീസിൽ നിന്നും വാർത്ത ഡിലീറ്റ് ചെയ്യിക്കാൻ സമ്മർദ്ദമുണ്ടായിരുന്നത്. സ്വകാര്യ സ്ഥാപന ഉടമ പരാതി നൽകിയിട്ടുണ്ടെന്നും സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പൂട്ടിക്കാൻ റിപ്പോർട്ട് ചെയ്യുമെന്നുമായിരുന്നു സൈബർ വിഭാഗത്തിൽ നിന്നും വിളിച്ച ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നത്. ഈ പശ്ചാതലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് അധികൃതർ പരാതി നൽകിയിരിക്കുന്നത്.

ഇതു പോലെ, സമാനമായ ഇടപെടൽ എഡിജിപി ശ്രീജിത്ത് സൈബർ ഓപ്പറേഷൻ മേധാവിയായ ഉടൻ തന്നെ വൺ ഇന്ത്യ മലയാളം എന്ന മാധ്യമ സ്ഥാപനത്തോടും ഡയ്ലി ഹണ്ട് എന്ന ന്യൂസ് ഫീഡ് ആപ്പിനോടും കാണിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 

2025 ജൂൺ 2 ന് എഡിജിപി ശ്രീജിത്തിന് എതിരെ  യു.പി.എസ്.സിക്ക് ലഭിച്ച ഒരു പരാതി പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയതായ വാർത്ത (വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോർട്ട് പ്രകാരം) പബ്ലിഷ് ചെയ്ത വൺ ഇന്ത്യ മലയാളത്തിനും ഡയ്ലി ഹണ്ടിനും  ശ്രീജിത്ത് തലവനായ സൈബർ ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും 2025 ജൂൺ ഒന്നിന് രാത്രി 8. 29 ന് cyberops-fsm.pol@keralagov.in എന്ന മെയിൽ ഐഡിയിൽ നിന്നും മെയിൽ അയപ്പിച്ച് ഈ വാർത്ത ഡിലിറ്റ് ചെയ്യിപ്പിക്കുകയുണ്ടായി.

 ഇക്കാര്യവും പരാതിയിൽ സൗത്ത് ലൈവ് അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രുവരി 1നാണ് നവ ആയുർവേദിക് മെഡിക്കൽ സെൻ്റർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു  സ്വകാര്യ സ്ഥാപനത്തിൻ്റെ  ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കാൻ എഡിജിപി ശ്രീജിത്ത് പോയിരുന്നത്.

 ഇക്കാര്യത്തിൽ  എഡിജിപി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട്  വിജിലൻസ് ഡയറക്ടർക്ക്  ലഭിച്ച പരാതി തുടർ നടപടിക്കായി വിജിലൻസ് ഡയറക്ടറേറ്റ് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളതുമാണ്. ഇതും സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.

പരാതിയിൽ പറയുന്നത് ഇത് ഒരു സ്വകാര്യ സ്പാ ആണെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്ത് ഈ പരിപാടിയിൽ ചീഫ് ഗസ്റ്റായി പങ്കെടുത്തത് ചട്ടവിരുദ്ധമാണ് എന്നുമാണ്.

എഡിജിപി ശ്രീജിത്ത് അബുദാബിയിൽ എത്തിയതിൻ്റെ ചിത്രങ്ങളും, ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ച് നവ ആയുർവേദ മെഡിക്കൽ സെൻ്റർ അവരുടെ സോഷ്യൽ അക്കൗണ്ട് വഴി നടത്തിയ പരസ്യങ്ങളുടെ ചിത്രങ്ങളും ആ പരാതിക്ക് ഒപ്പം തന്നെ നൽകിയിരുന്നതാണ്.

മാത്രമല്ല, എഡിജിപി ശ്രീജിത്തിൻ്റെ കൂടെ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത സിനിമാ താരം ഇനിയ, നവ ആയുർവേദ മെഡിക്കൽ സെൻ്റ്റിൻ്റെ ഇൻസ്റ്റ പേജിൽ തലേദിവസം പബ്ലിഷ് ചെയ്ത വീഡിയോയിൽ തൻ്റെ ഒപ്പം ചീഫ് ഗസ്റ്റായി ഗവൺമെൻ്റ് ഒഫിഷ്യൽസും പങ്കെടുക്കുന്നുണ്ട് എന്ന് പറഞ്ഞാണ്  ജനങ്ങള പരിപാടിയിലേക്ക്  സ്വാഗതം ചെയ്തിരുന്നത്.  

ഇതിൽ നിന്നെല്ലാം ഐ.പി.എസ് ഓഫീസറായ ശ്രീജിത്ത് ചട്ടലംഘനവും അധികാര ദുർവിനയോഗവും നടത്തി എന്ന് ബോധ്യമായതിനാലാണ് പ്രസ്തുത പരാതി ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ട് സൗത്ത് ലൈവിൻ്റെ ന്യൂസ് ഡസ്ക്ക് വാർത്തയാക്കിയിരുന്നത് എന്നാണ് മാനേജിങ് എഡിറ്റർ സാജ് കുരുൻ വ്യക്തമാക്കിയിരിക്കുന്നത്.  

സൈബർ പൊലീസ് മേധാവി കൂടിയായ എ.ഡി.ജി.പി ശ്രീജിത്ത് ഇടപെട്ടാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വിളിച്ച്  ഭീഷണിപ്പെടുത്തിയതെന്നും, ഇത് മാധ്യമ സ്വാതന്ത്രത്തിന് എതിരാണെന്നും ഇതിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

Advertisment