തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസ് സംസ്ഥാന ഭരണ സംവിധാനത്തിൽ പുതിയൊരു അദ്ധ്യായം രചിക്കുന്നതായിരിക്കും.
ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്കെത്തുന്നത് സംസ്ഥാനത്തെന്നല്ല, രാജ്യത്തു തന്നെ ആദ്യത്തേതാണ്. സർക്കാരിന്റെ പ്രതിച്ഛായ കൂട്ടാനും ജനകീയ അടിത്തറ മെച്ചപ്പെടുത്താനും നവകേരള സദസ് ഉപകരിക്കുമെന്നാണ് സർക്കാരും പാർട്ടിയും വിലയിരുത്തുന്നത്.
നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ 45 ദിവസത്തിനകം പരിഹാരമുണ്ടാവും. എല്ലാ പരാതികൾക്കും രസീത് നൽകും. ജില്ലാതലത്തിൽ പരിഹരിക്കാവുന്നതാണെങ്കിൽ രണ്ടാഴ്ചയ്ക്കകം പരാതികൾ തീർപ്പാക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.
കൂടുതൽ നടപടി വേണ്ടവയ്ക്ക് നാലാഴ്ചയെടുക്കും. ഇത്തരം പരാതികളിൽ ഒരാഴ്ചയ്ക്കകം ഇടക്കാല മറുപടി പരാതിക്കാരന് നൽകും. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ടവയ്ക്കാണ് 45ദിവസമെടുക്കുക. ഇവയ്ക്കുള്ള മറുപടി തപാലിൽ പരാതിക്കാരന് ലഭിക്കും.
ജില്ലാ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു പ്രഭാതയോഗമുണ്ടാവും. കാൽ മണിക്കൂർ മുഖ്യമന്ത്രി പ്രസംഗിക്കും. പങ്കെടുക്കുന്നവർക്ക് 45മിനിറ്റ് അഭിപ്രായം പറയാം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മറുപടിയും നൽകും.
നിത്യേന 4 മണ്ഡലങ്ങളിലാണ് സദസ്. രാവിലെ 11, ഉച്ചയ്ക്ക് 3, വൈകിട്ട് 4.30, 6 എന്നീ സമയങ്ങളിലാണിത്. ജനങ്ങൾക്ക് പരാതി നൽകാൻ ഏഴ് കൗണ്ടറുകളുണ്ട്. സദസ് ആരംഭിക്കുന്നതിന് 3മണിക്കൂർ മുൻപ് പരാതികൾ സ്വീകരിക്കും.
/sathyam/media/media_files/f8RQGcteIhwMrmEO9nMR.jpg)
ചടങ്ങിന് ശേഷവും പരാതി സ്വീകരിക്കും. എല്ലാ പരാതികളും സ്വീകരിച്ച ശേഷമേ കൗണ്ടറുകൾ നിറുത്തൂ. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ട്. പരാതികളിൽ പൂർണമായ വിലാസവും മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവുമുണ്ടാവണം.
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളും ചുറ്റി മന്ത്രിസഭയുടെ ഒന്നര മാസത്തെ പര്യടനം. ഡിസംബർ 24ന് തലസ്ഥാനത്താണ് സമാപിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ജന പ്രീതിയിലും ജന വിശ്വാസത്തിലും രണ്ടാം പിണറായി സർക്കാരിന്റെ കഴിഞ്ഞ രണ്ടര വർഷത്തെ ഭരണത്തിനിടെ ഇടിവ് സംഭവിച്ചതായി ഇടതുമുന്നണി നേതാക്കൾ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. സി.പി.എമ്മും, സി.പി.ഐയും ഉൾപ്പെടെയുള്ള മുന്നണി ഘടക പാർട്ടികൾക്കുള്ളിലും ഈ ചിന്ത സജീവമാണ്.
സർക്കാരിന് ഉയർത്തിക്കാട്ടാൻ ജന ക്ഷേമ പരിപാടികളും വിഴിഞ്ഞം തുറമുഖവും പാചക വാതക പൈപ്പ് ലൈനും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളും ഏറെയുണ്ടെങ്കിലും കരുവന്നൂരും കണ്ടലയും ഉൾപ്പെടെയുള്ള ആരോപണ വിവാദങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വൈതരണികളും ആ നേട്ടങ്ങളുടെ നിറം കെടുത്തുന്നു. ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി സർക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാവും ശ്രമം.
ഒന്നാം പിണറായി സർക്കാർ അഭിമാനമായി ഉയർത്തിക്കാട്ടിയിരുന്നത് സാമൂഹ്യ ക്ഷേമ പെൻഷൻ 600 ൽ നിന്ന് 1600 രൂപയായി ഉയർത്തിയതും, പാവങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകുന്ന ലൈഫ് ഭവന പദ്ധതിയും വിശപ്പ് രഹിത കേരളം ലക്ഷ്യമാക്കിയുള്ള പരിപാടികളുമാണ്.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ, ജനങ്ങളുടെ കൈയടി നേടിയ ആ പദ്ധതികൾ പലതും മുടന്തുന്നു. സംസ്ഥാനത്തെ ഇത്തരത്തിൽ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയ സമീപനങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനാണ് ഇടതു മുന്നണി ഒരുങ്ങുന്നത്.
നവ കേരള സദസ്സുകളിൽ കേന്ദ്രത്തിന്റെ ഈ രാഷ്ട്രീയ വിവേചനം തുറന്നു കാട്ടും. അതോടൊപ്പം, ഡൽഹിയിലേക്കും സമര മുഖം തുറക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ ഡൽഹി സമരത്തിൽ അണിനിരക്കാനാണ് ഇടതു മുന്നണി തീരുമാനം.