Advertisment

സർക്കാർ മെഡിക്കൽ കോളേജുകളിൽ സർക്കാരിന്റെ കരുതൽ ആവശ്യം; കെജിഎംസിടിഎ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി

New Update
kgmcta march

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ നടത്തിയ ഡിഎംഇ ഓഫീസ് മാർച്ച്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സർക്കാരിന്റെ കരുതൽ കൂടുതൽ ആവശ്യമാണെന്നും, അതിന് വേണ്ടി സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളുടെ സു​ഗമമായ നടത്തിന് വേണ്ടിയുള്ള കാര്യങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്കർ ആവശ്യപ്പെട്ടു.

Advertisment

അല്ലാത്ത പക്ഷം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ അനുഭാവപൂർവ്വം തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ തലസ്ഥാത്തെ ഡിഎംഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആരോ​ഗ്യ രം​ഗം ലോകത്തിന് തന്നെ മാതൃകയാണ്. അത് നിലനിർത്താൻ നവകേരള ഘട്ടത്തിലും സർക്കാർ മുൻകൈയെടുക്കേണ്ടത് അത്യാവശ്യമാണ്. കാലഘട്ടത്തിന് അനുസൃതമായി ആരോ​ഗ്യ രം​ഗത്ത് വികസനം നടത്തേണ്ട സമയം നിർഭാ​ഗ്യവശാൽ അതിന് വേണ്ടി അധ്യാപകരും ഡോക്ടർമാരും തെരുവിൽ ഇറങ്ങേണ്ട സ്ഥിതി വിഷമകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ്‌ ഡോ ആർ.സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ റോസ്നാര ബീ​ഗം, തിരുവനന്തപുരം യൂണിറ്റ് സെക്രട്ടറി ഡോ. പ്രവീൺ പണിക്കർ, മുൻ സംസ്ഥാനപ്രസിഡന്റ്‌ ഡോ. ബിനോയ്‌ എസ്, ഡോ. കവിത രവി, ഡോ. ശിവരാമകൃഷ്ണൻ, ഡോ. അഭിലാഷ്, ഡോ. ഹരിശങ്കർ എന്നിവർ സംസാരിച്ചു. മറ്റു ജില്ലകളിൽ യൂണിറ്റ് പ്രസിഡന്റുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിനു മുന്നിലെ ധർണ്ണ ഉൽഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറിമാരും ഭാരവാഹികളും അഭിസംബോധന ചെയ്തു സംസാരിച്ചു.

2017 ൽ യുജിസി സ്കീം പ്രകാരം നടപ്പിലാക്കപ്പെട്ട ശമ്പള പരിഷ്കരണം മൂന്നര വർഷം വൈകിപ്പിക്കുകയും സംഘടനയുടെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഭാഗമായി 2020 സെപ്തംബറിലാണ് സർക്കാർ നടപ്പാക്കാൻ തയ്യാറായങ്കിലും എൻട്രി കേഡർ ശമ്പളം  2016 ന് മുൻപെ ഉള്ളതിനേക്കാൾ ​ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

അസിസ്റ്റന്റ് പ്രൊഫസറിൽ നിന്നും അസോസിയേറ്റ് പ്രൊഫസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള കാലാവധി 7 വർഷത്തിൽ നിന്നും 8 വർഷമായി ഉയർത്തി, പേ ലെവൽ 14 - 15 ൽ അപാകത വരുത്തി ശമ്പള വർദ്ധനവിന് തടസമായി, അന്യായമായ പെൻഷൻ സീലിം​ഗ് ചെയ്തു പെൻഷൻകാരെയും ബുദ്ധിമുട്ടിലാക്കി.

നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ കുറവ് മറച്ച് വെയ്ക്കുന്നതിന് വേണ്ടി മറ്റുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരെ പുനർ വിന്യാസം നടത്തുക വഴി എല്ലാ മെഡിക്കൽ കോളേജുകളുടേയും പ്രവർത്തനും അവതാളത്തിലാണ്. ഇതൊക്കെ ആരോ​ഗ്യ രം​ഗത്തെ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ ചിന്തിക്കണമെന്നും ഡോ. നിർമ്മൽ ഭാസ്കർ പറഞ്ഞു.

ഇത് കൂടാതെ ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാമെന്നുള്ള വാ​ഗ്ദാനം ലംഘിച്ചു സംസ്ഥാനത്തെ മറ്റു ജീവനക്കാരേക്കാൾ രണ്ടു ​ഗഡു ഡിഎ കുറച്ചാണ് മെഡിക്കൽ കോളേജ് അധ്യാപകർക്ക് നൽകുന്നത്.

മുടങ്ങിക്കിടക്കുന്ന ക്ഷമാബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോ​ഗീ ബാഹുല്യം അനുസരിച്ച് മെഡിക്കൽ അധ്യാപക, അനദ്ധ്യാപക തസ്തിക (നഴ്സിം​ഗ്) സൃഷ്ടിക്കുക, പ്രാഥമികമായും ഒരു വൈദ്യ അധ്യായന സ്ഥാപനമായ മെഡിക്കൽ കോളേജ് അതിന്റെ അന്തസ്സോടെ നിലനിർക്കുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി എന്നിവ ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

2017 ൽ യുജിസി സ്കീം പ്രകാരം നടപ്പിലാക്കപ്പെട്ട ശമ്പള പരിഷ്കരണം മൂന്നര വർഷം വൈകിപ്പിക്കുകയും സംഘടനയുടെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഭാഗമായി 2020 സെപ്തംബറിലാണ് സർക്കാർ നടപ്പാക്കാൻ തയ്യാറായത്. എന്നിട്ട് പോലും എൻട്രി കേഡർ ശമ്പളം 2016 ന് മുൻപെ ഉള്ളതിനേക്കാൾ ​ഗണ്യമായി വെട്ടിക്കുറയ്ക്കുകയും, അസിസ്റ്റന്റ് പ്രൊഫസറിൽ നിന്നും അസോസിയേറ്റ് പ്രൊഫസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള കാലാവധി 7 വർഷത്തിൽ നിന്നും 8 വർഷമായി ദീർഘിപ്പിക്കുകയും, പേ ലെവൽ 14 - 15 ൽ അപാകത വരുത്തുകയും, അന്യായമായ പെൻഷൻ സീലിം​ഗ് നടപ്പാക്കുകയും ചെയ്തത് പിൻവലിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യങ്ങൾ.

കൂടാതെ നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ കുറവ് മറച്ച് വെയ്ക്കുന്നതിന് വേണ്ടി മറ്റുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരെ പുനർ വിന്യാസം ചെയ്യുന്നത് ഉടനടി നിർത്തലാക്കണമെന്നുതും പ്രധാന ആവശ്യമാണ്. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, സമരം ശക്തമാക്കുമെന്നും, ഡിസംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാലം ചട്ടപ്പടി സമരം നടത്തുമെന്നും കെജിഎംസിടിഎ പ്രഖ്യാപിച്ചു.

Advertisment