തിരുവനന്തപുരം: ഇന്ത്യ ആതിഥ്യമരുളാന്‍ സാധ്യതയുള്ള 2036ലെ ഒളിംപിക്‌സിനായി തിരുവനന്തപുരം നഗരത്തേയും ഒരുക്കുമെന്നും ഇതിനായി സംസ്ഥാനത്ത് കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള കാര്യവട്ടത്തെ ലക്ഷ്മിബായ് നാഷനല്‍ കോളെജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ (സായ് എല്‍എന്‍സിപി) സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഒളിംപിക്‌സ് തയ്യാറെടുപ്പിന് വേണ്ടി തിരുവനന്തപുരത്തെ ഒരു പ്രധാന കായിക കേന്ദ്രമാക്കി മാറ്റുന്നതിൽ എല്‍എന്‍സിപി ഇയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2036 ഒളിംപിക്‌സിലെ പ്രധാന കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതിന് കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയുടെ വികസനത്തിന് എഐ പേലുള്ള നൂതനസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ഇന്റര്‍ഡിസിപ്ലിനറി ഗവേഷണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും റീജനല്‍ ഹെഡുമായ ജി കിഷോര്‍ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചു. കോളെജ് വളപ്പിലെ റാണിലക്ഷ്മിബായ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കോളെജിന്റെ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോർ വിശദീകരിച്ചു.