വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച അനുഗ്രഹം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

author-image
ഇ.എം റഷീദ്
New Update
governer

തിരുവനന്തപുരം: വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണയും അറിവും പൊതുജനങ്ങൾക്കുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. 

ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയു സത്ത ഉൾക്കൊള്ളുന്നതാണ് വിവരാവകാശ നിയമം. 

ഇതുമായി ബന്ധപ്പെട്ട നിരവധി കോടതിവിധികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ ഭരണ സംവിധാനത്തെ അഴിമതി മുക്തവും സുതാര്യവുമായി സൂക്ഷിക്കുന്നതിനു പൗരന്മാർക്കു ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണു വിവരാവകാശ നിയമം. 

സർക്കാരിന്റെ ഭരണ സംവിധാനങ്ങളിൽ പൊതുജനങ്ങളുടെ കണ്ണ് എപ്പോഴും ഉണ്ടാകുന്നതിനും ഈ നിയമം ഉപകരിക്കുന്നു. ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും പൊതുജനങ്ങളുടെ നിരന്തര ശ്രദ്ധയ്ക്കു വിധേയരാകുന്നെന്നതും ഈ നിയമം ഉറപ്പിക്കുന്നു.

എന്താണു രഹസ്യമെന്നും എന്താണു രഹസ്യമല്ലാത്തതെന്നുമുള്ള കാര്യത്തിൽ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വ്യാഖ്യാനങ്ങളിൽ ദുരുപയോഗമുണ്ടായിരുന്നു. എന്നാൽ, വിവരാവകാശ നിയമം നിലവിൽവന്നതോടെ പൊതുജനങ്ങൾക്കു ലഭ്യമാകുന്ന വിവരങ്ങളെക്കുറിച്ചു വലിയ വ്യക്തത വന്നു. 

ഇതിനു ശേഷം ഭരണനിർവഹണത്തിൽ പൗരന്മാരുടെ ഇടപെടലും ശ്രദ്ധയും കൂടുതൽ സജീവമായി. സർക്കാരിൽനിന്നുള്ള വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നുവെന്നതിന്റെ അർഥം ഭരണ നിർഹണ രംഗത്ത് കൂടുതലായി അവർ ഇടപെടുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്നുതന്നെയാണ്.

വിവരങ്ങൾ ജനങ്ങളിലേക്കു കൈമാറ്റപ്പെടുന്നതോടെ സുതാര്യമായ ഭരണ സംവിധാനമാണു രൂപപ്പെടുന്നത്. നിശ്ചിത കാലയളവിലേക്ക് അധികാരം കൈയാളുന്ന അധികാര കേന്ദ്രങ്ങൾ പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ മറച്ചുവയ്ക്കുന്ന സാഹചര്യം ഈ നിയമം പൂർണമായി ഇല്ലാതാക്കി. 

സർക്കാരിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭിക്കുകയെന്നതു പൗരന്റെ അവകാശമാണ്. ഈ രീതിയിലുള്ള ഭരണ സുതാര്യത വിജയകരമായ ജനാധിപത്യത്തിന്റെ സൂചകവുമാണെന്നും ഗവർണർ പറഞ്ഞു.

തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹെബ് മുഖ്യ പ്രഭാഷണം നടത്തി. 

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ. അബ്ദുൾ ഹക്കീം സ്വാഗതവും ഡോ. കെ.എം. ദിലീപ്  നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ വിവരാവകാശ ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Advertisment