തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ ലക്ഷ്യമിട്ട് ഉന്നത നേതാക്കളെയും ജനപ്രിയരെയും സിനിമാ താരങ്ങളെയുമടക്കം മത്സരിപ്പിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയായിട്ടുണ്ട്.
സിപിഎം 15 സീറ്റുകളിൽ മത്സരിക്കും. പ്രധാന ഘടകകക്ഷികളായ സിപിഐക്ക് നാലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗം തങ്ങളുടെ സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. തിരുവനന്തപുരം, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിലാവും സിപിഐ മത്സരിക്കുക.
പരമാവധി സീറ്റുകൾ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കളടക്കം ഇത്തവണ കളത്തിലിറങ്ങും. ചാലക്കുടിയിൽ ചലച്ചിത്ര താരം മഞ്ജുവാര്യരെ ഇടതു സ്വതന്ത്രയാക്കി മത്സരിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മഞ്ജു തന്റെ അഭിപ്രായം അറിയിച്ചിട്ടില്ല. 2014ൽ ഇന്നസെന്റ് ചാലക്കുടിയിൽ മത്സരിച്ച് വിജയിച്ചിരുന്നു. അവിടെ ബി.ഡി ദേവസ്സിയുടെ പേരും കേൾക്കുന്നു.
ഏറ്റവും വിജയസാദ്ധ്യതയുള്ളവരെയാവും സിപിഎം രംഗത്തിറക്കുക. കാസർകോട്ട് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ മത്സരിക്കും. കണ്ണൂരിൽ മുൻ മന്ത്രി പി.കെ ശ്രീമതിക്കാണ് പ്രഥമ പരിഗണനയെങ്കിലും കേരള സർവകലാശാല മുൻ യൂണിയൻ ചെയർപേഴ്സൺ സുകന്യയുടെ പേരും കേൾക്കുന്നുണ്ട്. വടകരയിൽ മുൻ മന്ത്രി കെ.കെ ശൈലജയും കോഴിക്കോട്ട് മുൻ മന്ത്രി എളമരം കരീമും സ്ഥാനാർത്ഥിയായേക്കും.
പാലക്കാട്ട് എ.വിജയരാഘവന്റെ പേർ പരിണനയിലുണ്ടെങ്കിലും മുൻ എംഎൽഎ എം. ഹംസയുടെ പേരും കേൾക്കുന്നു. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനാവും മത്സരിക്കുകയെന്നാണ് സൂചന. പത്തനംതിട്ടയിൽ മുൻമന്ത്രി ഡോ.തോമസ് ഐസക്ക് സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായിട്ടുണ്ട്.
ആലപ്പുഴയിൽ എ.എം.ആരിഫ് വീണ്ടും മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തേരോട്ടത്തിൽ പിടിച്ചു നിന്നത് ആരിഫ് മാത്രമായിരുന്നു. കൊല്ലത്ത് പ്രേമചന്ദ്രനെതിരേ ജി.സുധാകരനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. സുധാകരനല്ലെങ്കിൽ പിന്നെ സാദ്ധ്യത മുൻ എംഎൽഎ ഐഷാ പോറ്റിക്കാണ്.
എം.പിമാരുടെ എണ്ണം കൂട്ടിയില്ലെങ്കിൽ ദേശീയപാർട്ടി എന്ന അംഗീകാരം നഷ്ടമാവുമെന്നതിനാൽ വിജയസാദ്ധ്യതയാവും സിപിഎം ഏറ്റവുമധികം പരിഗണിക്കുക. അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാനിടയുണ്ട്. പൊതു സമ്മതരെയും ചലച്ചിത്ര താരങ്ങളെയുമൊക്കെ പരിഗണിക്കുന്നുണ്ട്.
10ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 11, 12 തീയ്യതികളിൽ സംസ്ഥാന കമ്മറ്റി യോഗവും ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടക്കും. ഒമ്പത് മുതൽ സിപിഐ സംസ്ഥാന നേതൃയോഗങ്ങളും നടക്കും. 9ന് സംസ്ഥാന എക്‌സിക്യൂട്ടീവും 10, 11 തീയ്യതികളിൽ സംസ്ഥാന കൗൺസിലും യോഗം ചേരും.
നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകളാവും യോഗത്തിൽ നടക്കുക. രാഹുൽ ഗാന്ധിക്കെതിരേ വയനാട്ടിൽ ആനി രാജയെയും ശശിതരൂരിനെതിരേ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെയുമടക്കം സിപിഐ പരിഗണിക്കുന്നു. പന്ന്യൻ ഇതുവരെ മത്സരിക്കാൻ സമ്മതമറിയിച്ചിട്ടില്ല.