/sathyam/media/media_files/29MD4jcBWmBgDsXPFrlA.jpg)
തിരുവനന്തപുരം: പൊതുപരീക്ഷകളിൽ ക്രമക്കേട് കാട്ടുന്നവർക്ക് പത്ത് വർഷം തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന ബിൽ കേന്ദ്രം കൊണ്ടുവന്നെങ്കിലും കേരളത്തിൽ പരീക്ഷാ തട്ടിപ്പുകൾക്ക് കുറവില്ല. തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധനയ്ക്ക് ഒരുങ്ങിയപ്പോൾ ഹാളിൽ നിന്ന് തട്ടിപ്പുകാരൻ ഇറങ്ങിയോടിയതാണ് ഒടുവിലത്തെ സംഭവം.
പി.എസ്.സിയുടേതടക്കം മത്സര പരീക്ഷകളിൽ ക്രമക്കേട് തുടർക്കഥയാവുകയാണ്. ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്ന വി.എസ്.എസ്.സി പരീക്ഷയിലും അടുത്തിടെ തട്ടിപ്പ് പിടികൂടിയിരുന്നു. കേരളം പരീക്ഷാ തട്ടിപ്പുകാരുടെ പറുദ്ദീസയായി മാറുകയാണോയെന്നാണ് സംശയിക്കേണ്ടത്.
കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള മെയിൻ പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർത്ഥിയാണ് ഇറങ്ങിയോടിയത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത്.എ എന്ന പേരിൽ പരീക്ഷയെഴുതാനെത്തിയ യുവാവാണ് ഇറങ്ങി ഓടിയത്.
ഹാൾ ടിക്കറ്റ്, ഐ.ഡി, ഒ.എം.ആർ ഷീറ്റ് എന്നിവ സീറ്റിൽ ഉപേക്ഷിച്ചാണ് കടന്നത്. ചോദ്യപ്പേപ്പർ വിതരണം തുടങ്ങിയിരുന്നില്ല. പി.എസ്.സി അധികൃതർ ഡി.ജി.പി ക്ക് നൽകിയ പരാതിയെ തുടർന്ന് പൂജപ്പുര പോലീസ് അന്വേഷണം തുടങ്ങി. ഹാൾ ടിക്കറ്റിലെ ഫോട്ടോ 2014 ൽ എടുത്തതായിരുന്നു. അതിൽ താടി വയ്ക്കാത്ത മുഖമാണ്.
പരീക്ഷ എഴുതാനെത്തിയ ആളിന് താടി ഉണ്ടായിരുന്നു.പഴയ ഫോട്ടോ ആയതിനാൽ ഇൻവിജിലേറ്ററായ അദ്ധ്യാപികയ്ക്ക് സംശയം തോന്നിയില്ല. ഡ്രൈവിംഗ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി കാണിച്ചത്. തിരുവനന്തപുരം ജില്ലയിലെ 48 പരീക്ഷാ കേന്ദ്രങ്ങളിൽ 25 ഇടത്തു മാത്രമാണ് പരിശോധന നടത്തിയത്. രണ്ടര മാസം മുൻപാണ് ബയോമെട്രിക് പരിശോധന നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.
പരീക്ഷാ തട്ടിപ്പുകാർ ശിക്ഷിക്കപ്പെടാത്തതാണ് ഇത് ആവർത്തിക്കാൻ കാരണം. പരീക്ഷകളിൽ നിന്നും അയോഗ്യരാക്കപ്പെടുന്നതിനപ്പുറം ക്രിമിനൽ കേസുകൾ പോലും പലർക്കും നേരിടേണ്ടിവരുന്നില്ലെന്നതാണ് യാഥാർഥ്യം.
പ്രതികളുടെ സ്വാധീനവും ഉന്നത ബന്ധവുമാണ് പലർക്കും സംരക്ഷണമാകുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയത് കേരളത്തെ നടുക്കിയിരുന്നു. ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെ പുറത്തെത്തിച്ച് ഉത്തരങ്ങൾ ബ്ലൂടൂത്തിലൂടെ കേട്ടെഴുതുകയായിരുന്നു.
എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കോപ്പിയടിയിലൂടെ കോൺസ്റ്റബിൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. ശിവരഞ്ജിത്ത് ഒന്നും, പ്രണവ് രണ്ടും, നസീം 28 -ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയിൽ നിന്ന് പുറത്താക്കി.
ചോദ്യപേപ്പറുമായി ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാൻ കഴിയാതായ പ്രതികൾ കോപ്പിയടി സമ്മതിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിലാണ് 78.33 മാർക്കോടെ ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. സ്‌പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി.
നസീമും ശിവരഞ്ജിത്തുമായി അടുപ്പമുള്ള കോളേജ് ജീവനക്കാരാണ് വാട്സ്ആപ്പിൽ പുറത്തേക്ക് ചോർത്തിയത്. നാല് സീരീസുകളിലുള്ള ഉത്തരക്കടലാസുകൾ ഉണ്ടാവുമെന്നതിനാൽ നാലു പേരെ ഉത്തരം എസ്.എം.എസായി അയയ്ക്കാനും ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും മൂന്ന് സെന്ററുകളിലായി പരീക്ഷയെഴുതിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ബി-സീരീസിലുള്ള ഒരേ ചോദ്യപേപ്പറാണ് ലഭിച്ചത്.
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം.ഗോകുൽ, വി.എസ്.എസ്.സിയിൽ കരാർ ജീവനക്കാരനായ നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടിൽ ദാവീദിന്റെ മകൻ ഡി.സഫീർ എന്നിവർക്ക് പുറമെ, പ്രണവിന്റെ ഉറ്റബന്ധുവായ യുവതിയെയും മറ്റൊരു സുഹൃത്തിനെയും എസ്.എം.എസ് അയയ്ക്കാൻ ചുമതലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96ഉം പ്രണവിന്റെ ഫോണിലേക്ക് 78ഉം സന്ദേശങ്ങളെത്തിയതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചയിൽ പങ്കുള്ള മറ്റ് രണ്ട് പൊലീസുകാരെയും പരീക്ഷാ ഹാളിൽ ഡ്യൂട്ടിയുണ്ടായിരുന്നവരെയും ക്രിമിനൽ കേസിൽ നിന്നൊഴിവാക്കി വകുപ്പുതല നടപടിയിലൊതുക്കി.
ആൾമാറാട്ടം നടത്തി വി.എസ്.എസ്.സിയുടെ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷ മൊബൈൽ ഫോൺ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ ഹരിയാന ഹസാർ ജില്ലക്കാരായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ് മാസങ്ങൾക്ക് മുൻപ് പരീക്ഷാ ഹാളിൽ നിന്ന് പിടിയിലായത്.
2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്‌കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നു എന്ന് കാട്ടി പി.എസ്.സിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഹാൾ ടിക്കറ്റിൽ ഫോട്ടോ മാറ്റിയൊട്ടിച്ച് നടത്തിയ ആൾമാറാട്ടം സ്ഥിരീകരിച്ചിരുന്നു.
ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി പരീക്ഷകൾ, എച്ച്.എസ്.എ തുടങ്ങി അരഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്. ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം റദ്ദാക്കിയിരുന്നു.
ഉത്തരേന്ത്യയിലെ വൻ പരീക്ഷാ തട്ടിപ്പ് ലോബിയിൽ പെട്ടവരാണ് അറസ്റ്റിലായത്. ഇവർ തിരുവനന്തപുരത്ത് എത്തിയത് വിമാനത്തിൽ. മടക്കയാത്ര തിരുമാനിച്ചിരുന്നതും വിമാനത്തിൽതന്നെയായിരുന്നു. എത്രയുംവേഗം കേരളം വിടാനായിരുന്നു ഇത്. വിമാനത്താവളത്തിനു സമീപത്തായിരുന്നു താമസിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ ഈ സംഘം പരീക്ഷാ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് കിട്ടിയ വിവരം. ഹരിയാനയിലെ കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് എത്തുന്നവരിൽ നിന്ന് വൻതുക വാങ്ങിയാണ് തട്ടിപ്പ്. ഇതേസംഘം നോയിഡയിൽ നേരത്തെ നടത്തിയ മറ്റൊരുപരീക്ഷ എഴുതാൻ പോയെങ്കിലും പരിശോധന ശക്തമായതിനാൽ സാധിച്ചില്ല.
ഹരിയാനയിൽ നിന്നുമാത്രം 489 പേർ അപേക്ഷിച്ചിരുന്നു. കോപ്പിയടിയുടെ ആസൂത്രണം ഹരിയാനയിലെ കോച്ചിംഗ് സെന്ററിലാണെന്ന് കണ്ടെത്തി. സെന്റർ നടത്തിപ്പുകാരനാണ് മുഖ്യ ആസൂത്രകൻ. പിന്നിൽ ദേശീയതലത്തിലുള്ള വൻ റാക്കറ്റാണെന്നാണ് പൊലീസ് കണ്ടെത്തൽ.
ആൾമാറാട്ടം, ചോദ്യപ്പേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒരു കോടി രൂപവരെ പിഴയും 10 വർഷംവരെ തടവും ശുപാർശചെയ്യുന്ന പൊതുപരീക്ഷാ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിറ്റേന്നാണ് തലസ്ഥാനത്ത് ആൾമാറാട്ടത്തിനെത്തിയ വ്യക്തി ഓടി രക്ഷപ്പെട്ടത്.
ബിൽ നിയമമാകുന്നതോടെ ഭാരതീയ ന്യായസംഹിതയിലും ഉൾപ്പെടുത്തും. അടുത്തിടെ രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നിയമനിർമാണം.