തിരുവനന്തപുരം: വനംമന്ത്രി എ.കെ.ശശീന്ദ്രനെ താഴെയിറക്കാൻ എൻസിപിയിലെ രണ്ടാം എംഎൽഎയായ തോമസ് കെ തോമസ് ചരടുവലി തുടങ്ങി. യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ. എ.കെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
തനിക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് അദ്ദേഹം നേരത്തേ കത്ത് നൽകിയിരുന്നു. പി.സി ചാക്കോ പ്രസിഡന്റായ കേരള ഘടകം അംഗീകരിച്ചില്ലെങ്കിൽ അജിത് പവാർ പക്ഷത്തിനൊപ്പം തോമസ് കെ തോമസ് ചേരുമെന്നും സൂചനകളുണ്ട്.
രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന് പാർട്ടിയിൽ ധാരണയുണ്ടായിരുന്നു എന്നാണ് തോമസിന്റെ വാദം. അങ്ങനെയൊരു ധാരണയില്ലെന്നാണ് ശശീന്ദ്രൻ പക്ഷം പറയുന്നത്. ഇതോടെ മന്ത്രി പദവിക്കായി എൻസിപിയിൽ പോര് കനക്കുകയാണ്.
കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ തോമസ് കെ തോമസ് ഡൽഹിയിലുണ്ട്. തോമസ് കെ തോമസ് ഡൽഹിയിൽ ശരദ് പവാർ ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അജിത് പവാർ പക്ഷം ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ തോമസ് കെ തോമസുമായി ആശയവിനിമയം നടത്തിയെന്നും സൂചനയുണ്ട്.
അജിത് പവാർ നൽകുന്ന വിപ്പ് പാലിക്കാൻ തോമസ് കെ തോമസും എ.കെ ശശീന്ദ്രനും ബാദ്ധ്യസ്ഥരാകും. പി.സി ചാക്കോ വിഭാഗവുമായി അകന്നുനിൽക്കുന്ന തോമസ് കെ തോമസ് ഒപ്പം നിൽക്കാൻ തയ്യാറായാൽ മന്ത്രിസ്ഥാനം നൽകുന്നതിന് മുഖ്യമന്ത്രിക്കും എൽഡിഎഫിനും പ്രഫുൽ പട്ടേൽ കത്തു നൽകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.
അജിത് പവാർ പക്ഷത്തെ കേരളത്തിൽ സജീവമാക്കാനും ശ്രമങ്ങൾ ആരംഭിച്ചു. ദേശീയ ജനറൽ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടിയാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന ഘടകം രൂപീകരിക്കാൻ പിളർപ്പിന് പിന്നാലെ താല്പര്യം അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരെ കാത്തിരിക്കാനായിരുന്നു പ്രഫുൽ പട്ടേൽ നൽകിയിരുന്ന നിർദ്ദേശം.
സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തശേഷം എൽഡിഎഫിന്റെ ഭാഗമായി തുടരാനാണ് നേതാക്കൾക്ക് താല്പര്യം. തോമസ് കെ തോമസിന് മന്ത്രിസ്ഥാനമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ യുഡിഎഫുമായി സഹകരിക്കുന്നതും ചർച്ച ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായി പോരിനിറങ്ങുകയും തന്നെ വധിക്കാൻ വരെ ശ്രമമുണ്ടായെന്നും കാട്ടി ഡി.ജി.പി.ക്ക് പരാതി നൽകുകയും ചെയ്ത തോമസിനൊപ്പം നിൽക്കാൻ എൻസിപി ദേശീയ നേതൃത്വം നേരത്തേ തയ്യാറായിരുന്നില്ല. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ ദേശീയ പ്രവർത്തക സമിതിയിൽനിന്ന് ദേശീയ പ്രസിഡന്റ് ശരത് പവാർ നീക്കിയിരുന്നു.
എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായിട്ടാണ് തോമസിന് കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. പ്രഫുൽ പട്ടേൽ, അജിത് പവാറിനൊപ്പം എൻഡിഎ സഖ്യകക്ഷിയാവാൻ പോയതോടെയാണ് തോമസിന് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ പിടിവള്ളിയില്ലാതായത്.
ഇടതുമുന്നണിയിൽനിന്ന് വിജയിച്ചതിനാൽ, ബിജെപിയെ പിന്തുണയ്ക്കുന്ന അജിത് പവാർ പക്ഷത്തിനൊപ്പം പോകാൻ തോമസിന് തത്‌കാലം ബുദ്ധിമുട്ടുണ്ട്. എന്നാൽ, തോമസിനെ എൻഡിഎ സഖ്യകക്ഷിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപി ക്യാമ്പിൽ നടക്കുന്നുണ്ട്. ആശ്രിത നിയമനം ഇനി ആവശ്യമില്ലെന്ന മട്ടിൽ പാർട്ടി ഔദ്യോഗിക നേതൃത്വം പരസ്യമായി അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.