തിരുവനന്തപുരം: ഇതുവരെ തീയതി നിശ്ചയിക്കാത്ത യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് തയ്യാറെടുക്കുന്നതിനായി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ എസ്എഫ്ഐക്കാർ രണ്ടുമണിക്കൂർ തടഞ്ഞുവച്ചു. ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. പരീക്ഷാ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേരള സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ.എൻ ഗോപകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചത്. യുവജനോത്സവത്തിന് തയ്യാറെടുക്കാൻ 16ന് ആരംഭിക്കുന്ന ബിഎ, ബിഎസ്‌സി, ബികോം മൂന്നാം സെമെസ്റ്റർ പരീക്ഷ മാറ്റണമെന്നായിരുന്നു ആവശ്യം.
യുവജനോത്സവത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷയ്ക്ക് ശേഷമുള്ള തീയതിയിൽ ആവാമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. തിരുവനന്തപുരത്താണ് യുവജനോത്സവത്തിന്റെ വേദി. പരീക്ഷ നീട്ടിയാൽ കോഴ്സ് കാലാവധി നീളുമെന്നും വിദ്യാർത്ഥികളുടെ താത്പര്യം കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചെതെന്നും കൺട്രോളർ അറിയിച്ചിട്ടും എസ്എഫ്ഐക്കാർ വഴങ്ങിയില്ല.
തിങ്കളാഴ്ച വൈസ്ചാൻസലർ യൂണിവേഴ്സിറ്റിയിൽ വന്നശേഷം തീരുമാനിക്കാമെന്ന് അറിയിച്ചിട്ടും സമരം നിറുത്തിയില്ല. തുടർന്ന് രജിസ്ട്രാറുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി. പരീക്ഷ മാറ്റുന്നത് ചർച്ച ചെയ്യാൻ 12ന് യോഗം വിളിക്കാമെന്ന് രജിസ്ട്രാർ ഉറപ്പു നൽകിയതോടെയാണ് സമരം നിർത്തിയത്.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ 16ന് സെനറ്റ് യോഗം ചേരുന്നുണ്ട്. അന്ന് പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികളുടെ സമരത്തിന് തടസമാവുമെന്നതിനാലാണ് പരീക്ഷ മാറ്റണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നതെന്നാണ് ആക്ഷേപം.
സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിക്കാൻ 16ന് ചേരുന്ന സെനറ്ര് യോഗത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
ആരോഗ്യ യൂണിവേഴ്സിറ്റി വി.സിയായ അദ്ദേഹത്തിനാണ് കേരള വി.സിയുടെ ചുമതല. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സെനറ്റ് ചേരുന്നത്. യോഗത്തിനെത്തുന്ന സെനറ്റംഗങ്ങളെ തടയാനും സംഘർഷമുണ്ടാവാനുമുള്ള സാദ്ധ്യതയുള്ളതിനാലാണ് ഡിജിപിയോട് സംരക്ഷണം തേടിയത്. സെനറ്റ് യോഗം തടയാൻ വിദ്യാർത്ഥി സമരം അടക്കം സംഘടിപ്പിക്കാൻ ഇടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തവർ എത്തിയാൽ തടയാനിടയുള്ളതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. എല്ലാ അംഗങ്ങൾക്കും യോഗത്തിനെത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. കാലിക്കറ്റ് വാഴ്സിറ്റിയിലും ഗവർണറുടെ പ്രതിനിധികളെ തടഞ്ഞിരുന്നു. കാർഷിക വാഴ്സിറ്റി വെള്ളിയാഴ്ച ഓൺലൈനായി യോഗം ചേരുന്നുണ്ട്. കുസാറ്റിൽ 17നാണ് സെനറ്റ് യോഗം. കണ്ണൂർ, എം.ജി, മലയാളം, സാങ്കേതിക വാഴ്സിറ്റികളിൽ തീരുമാനം ഉടനുണ്ടാവും. എം.ജി, കണ്ണൂർ വാഴ്സിറ്റികളിൽ സിൻഡിക്കേറ്റാണ് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടത്.