Advertisment

വയനാട്ടിലെ അജീഷിന്റെ മരണത്തിലെ ഒന്നാം  പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷം. വന്യജീവികളില്‍ നിന്നു മനുഷ്യരെ രക്ഷിക്കാന്‍ ഒരു പദ്ധതിയുമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. വിവരം കിട്ടിയാലും ആനയെ തുരത്താനാവാതെ വനം വകുപ്പ്. നിയമസഭയിൽ ചൂടേറിയ വാഗ്വാദത്തിന് വഴിവച്ച് ബേലൂർ മഗ്ന കാട്ടാന. സർക്കാർ സമ്പൂർണ പരാജയമെന്ന് സതീശൻ. കർണാടകത്തെ പഴിച്ച് സർക്കാരും

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പട്ട സംഭവം നിയമസഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.

New Update
vd satheesan niyamasabha

തിരുവനന്തപുരം: വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കർഷകൻ അജീഷ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി കഴിവുകെട്ട സർക്കാരാണെന്നു പ്രതിപക്ഷം. വന്യജീവികളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ഒരു പദ്ധതിയുമില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്നുമാരോപിച്ച് പ്രതിപക്ഷം നിയമസഭിൽ നിന്ന് വോക്കൗട്ട് നടത്തി.

Advertisment

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പട്ട സംഭവം നിയമസഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.

ajeesh-2


വന്യജീവികളിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ സർക്കാരിന് ഒരു പദ്ധതികളും നടപടിക്രമങ്ങളുമില്ലെന്നും, വയനാട്ടിൽ ജനക്കൂട്ടം അക്രമാസക്തരാന്നെു വനം മന്ത്രി പറഞ്ഞതു ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. സങ്കടങ്ങളും ദുഖങ്ങളുമായി ജീവിതയാഥാർഥ്യങ്ങളെ നേരിടുന്ന വനാതിർത്തിയിലെ കർഷകർ വൈകാരികമായി പ്രതികരിക്കും.


ജനങ്ങളെ മാവോയിസ്റ്റുകളായും തീവ്രവാദികളായും ചിത്രീകരിക്കരുത്. വന്യജീവികളെ ഭയന്ന് കുട്ടികൾക്കും സ്ത്രീകൾക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇത് വയനാട്ടിൽ മാത്രമല്ല വനാതിർത്തിയിലെ ജനങ്ങളാകെ ഭീതിയിലാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.

അതിനുള്ള മാർഗങ്ങള്‍ സർക്കാർ ആലോചിക്കണം. സർക്കാരിന്റെയും വനം വകുപ്പ് മന്ത്രിയുടെയും നിഷ്‌ക്രിയത്വത്തെയും നിസംഗതയെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്നും സർക്കാർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

വന്യജീവി ആക്രമണങ്ങളിൽ മരണമടഞ്ഞവരും പരിക്കേറ്റവരും കൃഷിക്കാർക്കും ഉൾപ്പെടെ 7000 ത്തോളം  ആളുകൾക്കാണ് നഷ്ടപരിഹാരം നൽകാനുള്ളത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം നേരിടുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് 48.85 കോടി രൂപ മാത്രമാണ്. ഇതു തന്നെ സർക്കാരിന്റെ സമീപനത്തിന്റെ നേർക്കാഴ്ച്ചയാണ്.

വയനാട്ടിൽ ഇറങ്ങിയ ആനയെ സംബന്ധിച്ച് കർണാടകത്തിൽ നിന്നും സിഗ്‌നൽ കിട്ടിയില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ജനുവരി 30നാണ് ആന ഇറങ്ങിയതെന്ന് മന്ത്രി പറയുന്നതും തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയിൽ വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. അന്നു തന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ് വേഡും കർണാടകയിൽ നിന്നും വാങ്ങി.

elephant attack wayanad


ഈ മാസം രണ്ടിന് ആന വീണ്ടും വയനാട്ടിലെത്തി. കർണാടകത്തിന് സിഗ്‌നൽ കിട്ടുന്നതു പോലെ തന്നെ കേരളത്തിനും സിഗ്‌നൽ കിട്ടും. സാറ്റലൈറ്റിൽ നിന്നും കിട്ടുന്ന സിഗ്‌നൽ ഡീ കോഡ് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും. ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ലാത്ത സ്ഥിതിയാണ്.


ഇതുമറച്ചുവെച്ചാണ് വനംവകുപ്പ് മന്ത്രി പ്രതികരണം നടത്തിയതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മാനന്തവാടിയിൽ ഒരു വർഷം മുൻപ് തോമസ് എന്നയാളെ കടുവ കൊലപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഉളിക്കൽ പഞ്ചായത്തിൽ ഡിസംബർ രണ്ടിന് നാട്ടുകാർ കണ്ട കടുവ 40 ദിവസത്തിന് ശേഷമാണ് മാനന്തവാടിയിൽ എത്തി തോമസിനെ കൊലപ്പെടുത്തിയത്.

കടുവ എത്തിയെന്ന് അറിഞ്ഞാലും അതിനെ ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാവും വനംവകുപ്പിനില്ല. ഈ സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവികളുടെ ദയാവായ്പിലാണ് വനമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തുമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.


നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ സർക്കാരെന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതുമുണ്ട്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


കർണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളർ സിഗ്‌നൽ എടുക്കാനായില്ലെന്നത് തുടക്കത്തിൽ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് സിഗ്‌നൽ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തിൽ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ പ്രകോപനം സൃഷ്ടിച്ച് വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായതായും മന്ത്രി ആരോപിച്ചു. വയനാട്ടിൽ പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ ടി.സിദ്ദിഖ് പറഞ്ഞു.

Advertisment