/sathyam/media/media_files/GFwy3eIhL72P2KBADx56.jpg)
തിരുവനന്തപുരം: അക്രമകാരികളും മനുഷ്യജീവന് ഭീഷണിയുമായ വന്യജീവികളെ പിടികൂടാൻ മാത്രമല്ല, വെടിവച്ച് കൊല്ലാൻ വരെ കേന്ദ്രനിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ നിയമം നടപ്പാക്കാറില്ലെന്ന് മാത്രം. വന്യജീവികളുടെ ആക്രമണത്തിൽ 2016 മുതൽ ഏഴു വർഷത്തിനിടെ 730 പേർ കേരളത്തിൽ കൊല്ലപ്പെട്ടെന്ന് സർക്കാർ കണക്ക്. ഇതിൽ പകുതിയിലേറെ മരണവും കാട്ടാന ആക്രമണത്തിലാണ്. മരണപ്പെട്ടവർക്ക് 21.2 കോടി നഷ്ടപരിഹാരം നൽകി. ഇതിലെ ഒടുവിലത്തെ ഇരയാണ് വയനാട്ടിലെ അജീഷ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) എ അനുസരിച്ച് ആളെക്കൊല്ലികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകാം. ഭീതിതമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുകൂടിയായ സബ്കളക്ടർക്കും സി.ആർ.പി.സി 133 -1-എഫ് നിയമപ്രകാരം വെടിവയ്‌ക്കാൻ അനുമതി നൽകാം.
അക്രമകാരിയായ വന്യമൃഗത്തിനെ വെടിവച്ചുകൊല്ലേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് കേന്ദ്ര വനം വന്യ ജീവി മന്ത്രാലയത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പിന്നീട് കത്തുനൽകിയാൽ മതി. എന്നാൽ പലപ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരും ഭരണനേതൃത്വവും താത്പര്യം കാണിക്കാറില്ല.
അക്രമകാരികളായ ആനകളെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് തിരിച്ച് കാട്ടിലേക്ക് അയച്ച് ജനരോക്ഷം തണുപ്പിക്കാറുണ്ടെങ്കിലും തുടർന്ന് ആനയുടെ സഞ്ചാര പഥം നിരീക്ഷിക്കാനുള്ള സംവിധാനം വനം വകുപ്പുകൾക്ക് ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.
റേഡിയോ കോളർ നൽകുന്ന സ്വകാര്യ ഏജൻസിക്ക് മാത്രമാണ് ആനയെ ട്രാക്ക് ചെയ്യാനുള്ള ജി.പി.എസ് സിസ്റ്റമോ, ഗ്രൗണ്ട് സിഗ്നൽ റിസീവർ സിം കാർഡോ ഉള്ളത്. വനം വകുപ്പിന് ഇവ സ്വന്തമായില്ല. ഇതിനാലാണ് ബന്ദിപ്പൂർ വനമേഖലയിൽ നിന്നും തിരിച്ച ആന കേരള അതിർത്തി കടന്നിട്ടും കർണാടക, കേരള വനം വകുപ്പുകൾ ഇക്കാര്യം അറിയാതെ പോയത്. റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിടുന്ന ആനകളെ നിരീക്ഷിക്കാനുള്ള സംവിധാനം വിവിധ സംസ്ഥാന സർക്കാരുകൾ ഏകോപനത്തോടെ ചെയ്യേണ്ടതാണ്.
എന്നാൽ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നും വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നുവെന്നുമാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്. മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന കാട്ടാന, കേരള അതിർത്തിക്കുളളിൽ തുടർന്നാൽ മാത്രമേ വെടിവെയ്ക്കാനാവൂ.
കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവയ്ക്കാനാകില്ല. മയക്കുവെടിവെയ്ക്കാൻ ഉദ്യോഗസ്ഥ സംഘം സജ്ജമാണ്. ആന കേരള–കർണാടക അതിർത്തിയിലാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ രണ്ടര വർഷത്തിനിടെ അനുവദിച്ചത് 62.08 കോടി രൂപയാണ്. ഇതിൽ 57.16 കോടി ചെലവിട്ടു. ഒരു വർഷത്തിനിടെ മാത്രം കൊല്ലപ്പെട്ടത് 144 പേരാണെന്നാണ് കണക്ക്. ആറളം ആദിവാസി മേഖലയിൽ മാത്രം 12പേർ മരിച്ചു. കേരളത്തിലാകെ ആറായിരത്തോളം കാട്ടാനകളുണ്ട്. വയനാട്ടിലുള്ളത് 140 കടുവകളാണ്.
ആനയ്ക്ക് ദിവസം 250 കിലോഗ്രാം ഭക്ഷണം വേണം. പത്തും ഇരുപതും വരുന്ന ആനക്കൂട്ടം ഭക്ഷണം തേടിയാണ് കാടിറങ്ങുന്നത്. വനത്തിൽ 27,000 ഹെക്ടർ വിദേശ, ഏകവിളതോട്ടവും 90,000 ഹെക്ടർ തേക്കുതോട്ടവുമാണ്. അതിനാൽ ആനകൾക്ക് തീറ്റയില്ല. വനത്തിലെ അക്കേഷ്യ, യൂക്കാലിപ്‌റ്റസ് തോട്ടങ്ങൾ മുറിച്ചുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ 20.34 കോടി ചെലവിട്ടിട്ടും ഫലമില്ല. വനാതിർത്തി കടന്ന് 15 കിലോമീറ്റർ അകലെയുള്ള മനുഷ്യവാസ മേഖലയിലേക്കും പട്ടണങ്ങളിലേക്കും വന്യജീവികളെത്തുന്നു.
വന്യജീവികൾ വനാതിർത്തിയിലേക്ക് ഇറങ്ങാതിരിക്കാൻ വനാതിർത്തികളിൽ സൗരോർജ്ജ വേലി, ആനപ്രതിരോധ മതിൽ, കിടങ്ങുകൾ, ക്രാഷ്‌ഗാർഡ് റോപ്പ് ഫെൻസിംഗ്, റെയിൽഫെൻസിംഗ്, ജൈവവേലി എന്നിവയുണ്ട്. വന്യമൃഗ സാന്നിദ്ധ്യം മുൻകൂറായറിയാൻ ഏർളി വാണിംഗ് സിസ്റ്റവും വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ റാപ്പിഡ് റെസ്പോൺസ് ടീമുമുണ്ട്. പക്ഷേ വന്യജീവികൾ മനുഷ്യരുടെ ജീവനെടുക്കുന്നത് തടയാനാവുന്നില്ല.
വന്യജീവികളുടെ എണ്ണം നിയന്ത്രിച്ചാലേ രക്ഷയുള്ളൂ എന്നാണ് മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്. 4115 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. വയനാട്ടിൽ 10 കടുവകളെയും പിടികൂടി. വന്യജീവി പ്രതിരോധത്തിന് കോടികൾ കേന്ദ്രംനൽകുന്നുണ്ട്. 2016-17ൽ 6.63 കോടി, 2017-18ൽ 5.84 കോടി ലഭിച്ചു.