തിരുവനന്തപുരം: പൊന്നാനിയിൽ എൽ.ഡി.എഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി കെ.എസ്. ഹംസ, പിണറായി വിജയനെയും ഇടത് സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് നേരത്തേ നടത്തിയ പ്രസംഗം സോഷ്യൽമീഡിയയിൽ തരംഗമായത് പ്രചാരണ രംഗത്ത് എൽ.ഡി.എഫിന് തുടക്കത്തിലേ കല്ലുകടിയായി.
മുസ്ലീം ലീഗ് കഴിഞ്ഞ മാർച്ചിൽ പുറത്താക്കിയ ഹംസയെ അപ്രതീക്ഷിതമായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. കെ.ടി ജലീൽ ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലമില്ലാതായതോടെയാണ് ഹംസയ്ക്ക് സീറ്റുറപ്പായത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിന്റെ പിറ്റേന്നു തന്നെ ഹംസയുടെ മുൻപ്രസംഗം ഇടതു മുന്നണിയെ വേട്ടയാടുകയാണ്.
യു.ഡി.എഫ് അവരുടെ സോഷ്യൽ മീഡിയ വിഭാഗം വഴി പ്രചരിപ്പിക്കുന്ന പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെയാണ്. കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തെ അന്താരാഷ്ട്ര കള്ളക്കടത്ത് കേന്ദ്രമാക്കി മാറ്റിയ പിണറായി വിജയനെ കഴുത്തിന് പിടിച്ച് പുറത്താക്കാനുള്ള അവസരമാണിത്. കേരളത്തിലെ മൂന്നേമുക്കാൽ കോടി ജനങ്ങൾക്കും നാണക്കേടാണിത്. ഭരണസിരാകേന്ദ്രത്തെ അന്താരാഷ്ട്ര കള്ളക്കടത്തിന്റെ ഗൂഢാലോചനാ കേന്ദ്രമാക്കി.
സ്വർണക്കടത്ത് കാലത്തെ പ്രതിഷേധ സമരങ്ങൾക്കിടെ ഹംസ നടത്തിയ പ്രസംഗമാണിത്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പൊന്നാനിയിൽ മാത്രമല്ല, കേരളത്തിലാകെ ഈ പ്രസംഗം ഇടതിന് തിരിച്ചടിയായേക്കും. അതിനാൽ പൊന്നാനിയിൽ നിശ്ചയിച്ച സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് മാറ്റാനുമിടയുണ്ട്. മുൻപ് ഹുസൈൻ രണ്ടത്താണി, വി.അബ്ദുറഹിമാൻ എന്നിവരെ സ്വതന്ത്രരായി പൊന്നാനിയിൽ മത്സരിപ്പിച്ചിട്ടുണ്ട്.
ലീഗിൽ നിന്ന് അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഹംസയെ 2023ൽ പുറത്താക്കിയത്. ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്ക, പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചതാണ് കാരണം. തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. തൃശൂരിലെ മലബാർ എൻജിനിയറിംഗ് കോളേജിന്റെയും ഇഖ്‍റാ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും തലപ്പത്ത് ഹംസയാണ്.
അദ്ദേഹത്തിന്റെ അറഫ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളും ബി.എഡ് കോളേജുമുണ്ട്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ച് 18നാണ് ഹംസയെ പുറത്താക്കിയത്. ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഹംസ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചതാണ് പുറത്താക്കലിന് പൊടുന്നനേയുള്ള കാരണമായത്.