തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ പാസായെങ്കിലും ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത്, വലത് മുന്നണികളിലെ വനിതാ സ്ഥാനാർത്ഥികൾ ശുഷ്കമാവും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോൾ എറണാകുളത്ത് കെ.എസ്.ടി.എ നേതാവായ കെ.ജെ ഷൈനെന്ന പുതുമുഖ വനിതയെയും വടകരയിൽ കെ.കെ. ശൈലജയെയും മത്സരിപ്പിക്കുന്നുണ്ട്. എന്നാൽ യു.ഡി.എഫിലാണ് സ്ഥിതി ദയനീയം. സിറ്റിംഗ് എംപിയായ രമ്യാ ഹരിദാസിന് സീറ്റ് കിട്ടാനിടയില്ല.
കഴിഞ്ഞ തവണ ആലപ്പുഴയിൽ പതിനായിരം വോട്ടിന് തോൽവിയേറ്റു വാങ്ങിയ ഷാനിമോൾ ഉസ്മാന് വീണ്ടും സീറ്റ് ലഭിക്കാനിടയുണ്ട്. അങ്ങനെയങ്കിൽ യുഡിഎഫിലെ വനിതാ പ്രാതിനിധ്യം ഒന്നായി ചുരുങ്ങും. ബിജെപിയാവട്ടെ ശോഭാ സുരേന്ദ്രനെയും വനിതാ മോർച്ചാ നേതാവ് പ്രൊഫ. വി.ടി രമയെയും കളത്തിലിറക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ സിപിഐ ആനി രാജയെ സ്ഥാനാർത്ഥിയാക്കും.
കേരളത്തിലെ വോട്ടർമാരിൽ 52 ശതമാനത്തോളം വനിതകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 105 വനികളാണ് മത്സരത്തിനുണ്ടായിരുന്നത്. എൻഡിഎ ഇരുപതും എൽഡിഎഫ് പതിനഞ്ചും യുഡിഎഫ് പന്ത്രണ്ടും വനിതകളെയാണ് മത്സരിപ്പിച്ചത്. ഇതിൽ 12 പേരാണ് വിജയിച്ചത്. നിയമസഭയിലെ വനിതാ പ്രാതിനിധ്യം 8.5 ശതമാനം മാത്രമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിന് മാത്രമാണ് വിജയിക്കാനായത്.
വിജയസാധ്യത കുറഞ്ഞ സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കുന്നെന്ന പരാതി ഏറെക്കാലമായുള്ളതാണ്. രാജ്യത്ത് ഏറ്റവുമധികം വനിതാ പ്രാതിനിധ്യമുള്ളത് ഛത്തീസ്ഗഡ് നിയമസഭയിലാണ്. അവിടെ 90 അംഗങ്ങളിൽ 19 പേർ വനിതകളാണ്.
വിജയസാദ്ധ്യത മാത്രം പരിഗണിച്ചുള്ള മത്സരമാണ് ഇത്തവണ എന്നതിനാൽ മുന്നണികൾ കരുതലോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. കേന്ദ്ര കമ്മറ്റിയംഗങ്ങളായ മുതിർന്ന നേതാക്കൾ മുതൽ ചെറുപ്പക്കാർ വരെ ഉൾപ്പെടുന്ന സിപിഎം സ്ഥാനാർത്ഥി പട്ടിക തയ്യാറായിട്ടുണ്ട്. യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും ജനപ്രീതിയുണ്ടായിട്ടും രണ്ടാം സർക്കാരിൽ മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട കെ.കെ.ശൈലജയെ മത്സരത്തിനിറക്കുന്നത് വടകര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്നടക്കം അടുത്തിടെ ചില വിമർശനങ്ങൾ നടത്തിയ ശൈലജയെ ഡൽഹിയിലേക്ക് പാക്ക് ചെയ്യാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
എറണാകുളത്ത് കെ.എസ്.ടി.എ നേതാവായ കെ.ജെ ഷൈനെന്ന പുതുമുഖ വനിതയെയാണ് പാർട്ടി രംഗത്തിറിക്കിയിരിക്കുന്നത്. എൽഡിഎഫിന് എറണാകുളത്ത് അപ്രതീക്ഷിത വനിതാ സ്ഥാനാർത്ഥിയാണ്. അദ്ധ്യാപികയും കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി അംഗവും വടക്കൻ പറവൂർ നഗരസഭാംഗവുമാണ് കെ.ജെ.ഷൈൻ (53).
കോട്ടപ്പുറം ലത്തീൻ കത്തോലിക്കാ രൂപതയുടെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂൾ അദ്ധ്യാപികയാണ്. സിപിഎം നോർത്ത് പറവൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ്. വടക്കൻ പറവൂരിൽ നിന്നുള്ള നഗരസഭാംഗം. 2000 മുതൽ പാർട്ടി അംഗം. കെ.എസ്.ടി.എ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. നഗരസഭാംഗത്വത്തിൽ ഇത് തുടർച്ചയായ മൂന്നാമൂഴമാണ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷൈൻ കോട്ടപ്പുറം രൂപതയുടെ കെ.സി.വൈ.എം, കെ.സി.എസ്.എൽ സംഘടനകളുടെ സജീവ പ്രവർത്തകയുമായിരുന്നു. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫ്- മേരി ദമ്പതികളുടെ മകളാണ്. കാക്കനാട് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് ആയിരുന്ന ഡൈന്യൂസ് തോമസാണ് ഭർത്താവ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമൽ, എം.ബി.ബി.എസ് വിദ്യാർത്ഥി അലൻ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥി ആമി ഷൈൻ എന്നിവരാണ് മക്കൾ. സിറ്റിംഗ് എം.പി ഹൈബി ഈഡനാണ് കോൺഗ്രസിനായി മത്സരിക്കുക.