തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി പ്രവർത്തകരിൽ ഊർജവും ആത്മവിശ്വാസവും നിറച്ച് കോൺഗ്രസിൻെറ പ്രചരണ ജാഥക്ക് ആവേശം നിറഞ്ഞ സമാപനം. നിർണായകമായ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊരുതാനുളള കരുത്ത് പ്രവർത്തകരിലേക്ക് എത്തിക്കുന്നതിൽ സമരാഗ്നി വിജയമാണെങ്കിലും ജാഥാനായകർക്കിടയിലെ ഭിന്നത ഇടയ്ക്കിടെ മറനീക്കി പുറത്തുവന്നത് പ്രചരണ പരിപാടിയെ വിവാദത്തിൻെറ തീച്ചൂളയിലാക്കി.
സർക്കാരിനെതിരെ പട നയിക്കാൻ ഇറങ്ങിയ യാത്രയിൽ നേതാക്കളുടെ അശ്രദ്ധകൊണ്ട് സംഭവിച്ച നാവ് പിഴവാണ് ജാഥയ്ക്ക് തിരിച്ചടി ആയത്.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നേതാക്കൾ തമ്മിലുളള ഭിന്നത വെളിവായത് ദോഷകരമാണ്. തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രചാരണത്തിന് മൂർച്ച കൂട്ടുന്നതിനും വേണ്ടിയാണ് സമരാഗ്നി എന്ന പേരിൽ പ്രചാരണ ജാഥ ആരംഭിച്ചത്.
ചരിത്രത്തിൽ ആദ്യമായി രണ്ട് നേതാക്കൾ ഒരുമിച്ച് നേതൃത്വം നൽകുന്നു എന്ന അപൂർവതയും സമരാഗ്നിയുടെ പ്രത്യേകത ആയിരുന്നു. ഫെബ്രുവരി 9നാണ് കാസർകോട് നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രയാണം ആരംഭിച്ചത്.
ഒരുമിച്ച് നിന്ന് ജാഥ നയിച്ചവർ അകലുന്നതാണ് പിന്നീട് കണ്ടത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻെറ നാക്കുപിഴയാണ് ആദ്യവിവാദത്തിന് തിരികൊളുത്തിയത്. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചത് മുന്നണിയിലും പാർട്ടിയിലും അസ്വസ്ഥത പടർത്തി.
കേരള കോൺഗ്രസിന്റെ സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന പരാമർശം വിവാദം ആയതോടെ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ഒഴിയുകയാണ് സുധാകരൻ ചെയ്തത്. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന നേതാവ് മുന്നണിയുമായി ബന്ധപ്പെട്ട ഗൌരവമുളള വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെ തമാശ പറയുന്നത് ശരിയായ രീതിയാണോ എന്ന ചോദ്യമാണ് അത് ഉയർത്തിവിട്ടത്.
വിവാദങ്ങളിലൂടെ തുഴഞ്ഞ് നീങ്ങിയ ജാഥ ആലപ്പുഴയിലെത്തിയപ്പോൾ സ്ഥലകാലങ്ങൾ നോക്കാതെയുളള സുധാകരന്റെ അശ്രദ്ധമായ സംഭാഷണം വീണ്ടും വിവാദത്തിന് തിരികൊളുത്തി. ആലപ്പുഴയിൽ സംയുക്ത വാർത്താ സമ്മേളനത്തിന് എത്താൻ വൈകിയ പ്രതിപക്ഷ നേതാവിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയത് വാർത്താ ചാനലുകളുടെ മുന്നിലായി പോയി.
എല്ലാ ക്യാമറകൾക്കും മുന്നിലായി നടന്ന അശ്ളീല ഭാഷണം ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതായിരുന്നു. പാർട്ടിയെ നയിക്കുന്ന നേതാക്കളുടെ സംസ്കാരമിതാണോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. സംഭാഷണം കൈവിട്ടുപോയതോടെ സതീശനുമായി ജ്യേഷ്ഠാനുജ ബന്ധമാണുളളതെന്നായിരുന്നു സുധാകരൻെറ വിശദീകരണം.
അവിടെയും സതീശൻ സംയമനം പാലിച്ചു. രണ്ട് പ്രധാന നേതാക്കൾക്ക് ഇടയിലുളള പ്രശ്നത്തിൽ മധ്യസ്ഥനായ കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് കാലത്ത് പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് ഇരുവരെയും ഓർമിപ്പിച്ചു. പരസ്പരം പോരടിച്ച് പാർട്ടിക്ക് ഏറ്റവും സാധ്യതയുളള സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മോശമാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇതോടെ ഭിന്നത തൽക്കാലത്തേക്ക് അടങ്ങിയെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒരുമിച്ച് മാധ്യമങ്ങളെ കണ്ടുകൊണ്ടിരുന്ന രീതി മാറ്റി ഒറ്റയ്ക്ക് ഒറ്റയ്ക്ക് പ്രതികരിച്ച് തുടങ്ങിയതോടെ ഭിന്നത വീണ്ടും വെളിവായി. പത്തനംതിട്ടയിൽ പതിവ് സംയുക്ത വാർത്താസമ്മേളനം തന്നെ ഒഴിവാക്കിയതും വിവാദം മൂർച്ഛിപ്പിച്ചു.
വാർത്ത നൽകിയ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയാണ് കലി തീർത്തത്. ഇതും കോൺഗ്രസ് സംസ്കാരത്തിന് നിരക്കാത്തതായി. എങ്കിലും ജാഥ സമാപിക്കുമ്പോൾ ആകെ ആശ്വസിക്കാവുന്ന കാര്യം തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയെ ചലിപ്പിക്കാനായി എന്നതാണ്. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനകീയ വികാരത്തിൻെറ തോത് അളക്കാനും ജാഥ കോൺഗ്രസിന് സഹായകരമായി.