/sathyam/media/media_files/CX1YHNw6J021ZnFoqFpJ.jpg)
തിരുവനന്തപുരം: ആറു വർഷമായി കേരളം ഉത്തരം തേടി കാത്തിരിക്കുന്നൊരു ചോദ്യമാണ് ജെസ്ന. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ച് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷിച്ചിട്ടും സത്യം പുറത്തുകൊണ്ടു വരാനായിട്ടില്ല.
അന്വേഷണം തത്കാലത്തേക്ക് അവസാനിപ്പിച്ച് തോറ്റു പിൻമാറുകയാണ് സി.ബി.ഐ. ഇതിനെതിരേ ജെസ്നയുടെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് നൽകിയ ഹർജിയിൽ മറുപടി നൽകാൻ പോലും സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പിതാവ് ജെയിംസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സി. ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് സി.ബി.ഐ വീണ്ടും കോടതിയോട് വിശദീകരണത്തിന് കൂടുതൽ സമയം ചോദിച്ചത്. നേരത്തേ സി.ബി.ഐ ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കോടതി അനുവദിച്ചിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അഞ്ജാത സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ഹർജിയിലുണ്ടായിരുന്നത്.
സി. ബി.ഐ അന്വേഷണത്തിലെ വീഴ്ചകളും വ്യക്തമാക്കിയിരുന്നു. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾ തള്ളണമെന്നാണ് പിതാവിന്റെ ആവശ്യം. ഹർജി കോടതി ഏപ്രിൽ അഞ്ചിന് വീണ്ടും പരിഗണിക്കും.
ആറുവർഷം മുൻപ് കാണാതായ ജെസ്നയെ സി.ബി.ഐയ്ക്കും കണ്ടെത്താനായിട്ടില്ല. ജസ്ന മരിച്ചതായും വിവരമില്ല. വിവിധ മതവിഭാഗങ്ങളുടെ മതപരിവർത്തന കേന്ദ്രങ്ങളായ മലപ്പുറത്തെ സത്യസരണി, പൊന്നാനി, കോഴിക്കോട്ടെ ആര്യസമാജം എന്നിവിടങ്ങളിൽ അന്വേഷിച്ചു. മതപരിവർത്തനം ചെയ്യപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്തു.
തിരോധാനത്തിന് പിന്നിൽ മത, തീവ്രവാദ സംഘങ്ങളുമില്ല. ജസ്‌ന ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യമുറപ്പിക്കാൻ അഞ്ജാത മൃതദേഹങ്ങളുമായി താരതമ്യപഠനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി ആത്മഹത്യാ മുനമ്പുകളിൽ പരിശോധന നടത്തിയെങ്കിലും നിഷ്ഫലമായി. തമിഴ്നാട്, കർണാടകം, മുംബയ് എന്നിവിടങ്ങളിൽ തിരഞ്ഞു. ലോവർപെരിയാർ ഡാമിന്റെ പരിസരത്തും തിരഞ്ഞിരുന്നു.
ജസ്നയുടെ പിതാവ് ജെയിംസിനെയും ഫോണിൽ കൂടുതൽ വിളിച്ച സുഹൃത്തിനെയും ബ്രെയിൻ ഇല്ക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് (ബി.ഇ.ഒ.എസ്) ടെസ്റ്റിന് വിധേയമാക്കിയപ്പോൾ തിരോധാനത്തിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായി. ജസ്നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ചപ്പോൾ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രമാണ് വിളിച്ചതെന്ന് വ്യക്തമായി. ജസ്നയ്ക്ക് സാധാരണ ഫോണാണുണ്ടായിരുന്നത്. സ്മാർട്ട് ഫോണില്ലാത്തതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നില്ല. ജി-മെയിൽ വഴിയും ആശയവിനിമയമില്ലെന്ന് കണ്ടെത്തി. കൊവിഡ് പോർട്ടൽ പരിശോധിച്ചപ്പോൾ ജസ്ന വാക്സിനെടുത്തില്ലെന്നും വ്യക്തമായി.
2018 മാർച്ച് 22 രാവിലെ 10.30 നാണ് ജസ്‌ന വീട്ടിൽ നിന്ന് പോയത്. ഫോൺ വീട്ടിലുപേക്ഷിച്ച ജസ്‌ന അയൽവാസിയായ സ്ത്രീയോട് ആന്റിയുടെ വീട്ടിൽ പോകുന്നെന്നാണ് പറഞ്ഞിരുന്നത്. വീടിന് സമീപത്ത് നിന്ന് മുക്കൂട്ടുത്തറയിൽ ജെസ്‌നയെ ഓട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഓട്ടോഡ്രൈവർ സിജോ മൊഴി നൽകിയിരുന്നു. ഇതിനപ്പുറം യാതൊന്നും കണ്ടെത്താനായിട്ടില്ല.
ഒരാളെ കാണാതായാൽ ആദ്യ 48 മണിക്കൂർ നിർണായകമായ ഗോൾഡൻ അവറാണ്. കേരളാ പൊലീസ് ഈ സമയം വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. ശരിയായ അന്വേഷണം പ്രാരംഭഘട്ടത്തിലുണ്ടായിട്ടില്ല. തിരച്ചിലിന് ഇന്റർപോൾ യെല്ലോ നോട്ടീസിറക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് ജസ്നയെക്കുറിച്ച് വിവരം കിട്ടിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും അടക്കം ഇത്തരം കേസുകളുണ്ടായിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.
കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന സി. ബി.ഐ റിപ്പോർട്ടിൽ പാലക്കാട് സ്വദേശിനി സജിത റഹ്മാന്റെ ഒളിവു ജീവിതത്തെക്കുറിച്ചും സി.ബി.ഐ പരാമർശിക്കുന്നുണ്ട്. സജിത റഹ്മാൻ തന്റെ വീട്ടിനടുത്ത് പത്ത് വർഷത്തോളം ഒളിവിൽ താമസിച്ച ശേഷമാണ് കണ്ടത്താൻ ആയതെന്നാണ് സി. ബി.ഐ പറയുന്നത്.
എന്നാൽ ജെസ്‌നയുടെ തിരോധാനത്തിന് ഇതിന് സമാന സാഹചര്യമല്ലെന്ന് വിലയിരുത്തുന്ന സി.ബി.ഐ സമാന സാഹചര്യത്തിന്റെ സാധ്യതകൾ തള്ളുന്നുമില്ല. പാലക്കാട് നെന്മാറ അയിലൂർ സ്വദേശികളായ റെഹ്മാൻ മുഹമ്മദ് ഖനിയും സജിതയും സുഹൃത്തുക്കൾ ആയിരുന്നു. പ്രണയത്തിലായ ഇരുവരെയും വീട്ടുകാർ വിലക്കിയതിനെ തുടർന്ന് സജിത വീടു വിട്ടിറങ്ങി. സജിതയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള റഹ്മാന്റെ വീട്ടിലെ രഹസ്യ മുറിയിൽ ഒളി ജീവിതം ആരംഭിച്ചു. 10 വർഷത്തിന് ശേഷമാണ് സജിത പുറത്ത് വന്നത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും ഇപ്പോൾ സുഖമായി താമസിക്കുന്നു.