/sathyam/media/media_files/vRGjU2JtuBCUxqsQdaxG.jpg)
തിരുവനന്തപുരം: പി.ജി സീനിയർ റസിഡന്റ് ഡോ.അഭിരാമിയുടെ (30) ആത്മഹത്യയിൽ വെറുങ്ങലിച്ച് നിൽക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഇന്നലെ വൈകിട്ട് 6.30 ഓടെ മെഡിക്കൽ കോളേജിന് സമീപം പി.ടി.ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലാണ് അനസ്തേഷ്യ മരുന്ന് കുത്തിവച്ച് അഭിരാമി ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പഠിക്കാൻ മിടുമിടുക്കിയായിരുന്നു അഭിരാമി. മാതാപിതാക്കളുടെ ഏക മകൾ. ഭർത്താവും ഡോക്ടറാണ്. സാമ്പത്തിക പ്രശ്നങ്ങളുമില്ല. പി.ജി പഠനം പൂർത്തിയാക്കി ഒരു വർഷത്തെ ബോണ്ട് വ്യവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമനുഷ്‍ഠിക്കുകയായിരുന്നു. എന്നിട്ടും അഭിരാമി എന്തിനിത് ചെയ്തു എന്നതിലാണ് സഹപ്രവർത്തകർക്കെല്ലാം അമ്പരപ്പ്.
പ്രതിശ്രുത വരന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെതുടർന്ന് കഴിഞ്ഞ ഡിസംബറിൽ പി.ജി വിദ്യാർത്ഥി ഡോ.ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. അനസ്തീഷ്യ മരുന്ന് കുത്തിവച്ചായിരുന്നു ഷഹനയുടെയും മരണം. അതിനു പിന്നാലെയുള്ള അഭിരാമിയുടെ മരണം ഡോക്ടർമാരെയും മെഡിക്കൽ സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്.എച്ച്.എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണപിള്ളയുടെയും രമാദേവിയുടെയും മകളാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം രാമനാട്ടുകര സ്വദേശിയും പ്രതീഷ് മുംബൈയിൽ ഡോക്ടറാണ്.
പി.ജി പഠനം പൂർത്തിയാക്കി അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയുടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരിക്കാരി എത്തിയപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്.
തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് അഭിരാമിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബ പ്രശ്ങ്ങളാണോ, കോളേജിലെ പ്രശ്നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിലെ വ്യക്തമാവൂ.
2023 ഡിസംബറിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് ഷഹ്ന ആത്മഹത്യ ചെയ്ത് മൂന്നുമാസത്തിനുള്ളിലാണ് പി.ജി സീനിയർ റസിഡന്റ് ഡോ.അഭിരാമിയുടെ മരണം. പ്രിയപ്പെട്ടവളുടെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകർ മുക്തരായിട്ടില്ല. ചെറുപ്പം മുതൽ പഠിക്കാൻ മിടുക്കിയായിരുന്നു ഡോ.അഭിരാമി. ഡോക്ടറായി സാമൂഹിക സേവനം നടത്തുകയായിരുന്നു അഭിരാമിയുടെ സ്വപ്നം.
6.30ഓടെ അഭിരാമി മരിച്ചെങ്കിലും വൈകിയാണ് മാതാപിതാക്കളെ അറിയിച്ചത്. തിങ്കളാഴ്ചയും കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്നു. കുറേ നേരം വാതിലിൽ മുട്ടിയിട്ടും അഭിരാമി എഴുന്നേൽക്കാത്തപ്പോൾ ഉറങ്ങുകയാണെന്ന് കരുതിയെന്ന് ഫ്ലാറ്റുടമ ബിജു പറഞ്ഞു. മൂന്നുവർഷമായി മെഡിക്കൽ കോളേജിനടുത്ത് ഫ്ലാറ്റിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ബിജു പറയുന്നത് ഇങ്ങനെ..'കുറേനേരമായി അഭിരാമി റൂം തുറക്കുന്നില്ലെന്ന് അഭിരാമിയുടെ സഹതാമസക്കാരി പറഞ്ഞു. തുടർന്ന് ഞാനും ഭാര്യയും വാതിലിൽ മുട്ടിയിട്ടും കേൾക്കാതെ വന്നപ്പോഴാണ് ഞാൻ റൂമിലെ ഗ്ലാസ് പൊട്ടിച്ച് നോക്കിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് കരുതിയത്. കയ്യിൽ സിറിഞ്ച് കണ്ടപ്പോൾ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു..' ബിജു പറഞ്ഞു.