ജോലിഭാരവും മാനസിക സമ്മർദ്ദവും വില്ലനായി. പോലീസിൽ ആത്മഹത്യകൾ പെരുകുന്നു. 5 വർഷത്തിനിടെ ജീവനൊടുക്കിയത് 70 പോലീസുകാർ. അടിക്കടിയുള്ള ആത്മഹത്യ തടയാൻ വഴികാണാതെ സർക്കാർ. യോഗ, സംഗീതം, വ്യായാമം തുടങ്ങിയ മരുന്നുകളെല്ലാം ചീറ്റി. കൗൺസിലിംഗും ഫലപ്രദമായില്ല. കാര്യങ്ങൾ തുറന്നു പറയാൻ മെന്റർമാരെ ഏർപ്പാടാക്കാനും നീക്കം

അഞ്ച് വർഷത്തിനിടെ 70 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ടു പേർ ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യകൾ കൂടിയതിനെത്തുടർന്ന് പൊലീസ് ശേഖരിച്ച കണക്കിലാണ് ഈ വിവരങ്ങൾ. 2019 ജനുവരി മുതൽ 2023 സെപ്തംബർ വരെയാണ് 69 ആത്മഹത്യകൾ. ഇതിൽ 32 സിവിൽ പൊലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 8 ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ എന്നിവരുണ്ട്.

New Update
police cap

തിരുവനന്തപുരം: ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെ പോലീസുകാർ ജീവനൊടുക്കുന്നത് തുടരുകയാണ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജ് (49) ആണ് ഒടുവിൽ മരിച്ചത്. അങ്കമാലി പുളിയനത്തുള്ള വീട്ടുവളപ്പിലാണ് ഇദ്ദേഹത്ത മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ 25 വർഷത്തെ സർവീസുള്ള ഉദ്യോഗസ്ഥനാണ്. സൈബർ സെല്ലിലായിരുന്ന ബാബുരാജ് അടുത്തിടെയാണ് സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറിയത്. ഏതാനും ദിവസങ്ങളായി ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മരണത്തിന് കാരണം വ്യക്തമല്ല.

Advertisment

അഞ്ച് വർഷത്തിനിടെ 70 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ടു പേർ ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യകൾ കൂടിയതിനെത്തുടർന്ന് പൊലീസ് ശേഖരിച്ച കണക്കിലാണ് ഈ വിവരങ്ങൾ. 2019 ജനുവരി മുതൽ 2023 സെപ്തംബർ വരെയാണ് 69 ആത്മഹത്യകൾ. ഇതിൽ 32 സിവിൽ പൊലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 8 ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ എന്നിവരുണ്ട്.

2023 സെപ്തംബർ വരെ 5 പേർ ആത്മഹത്യാശ്രമം നടത്തി. 2020, 21 വർഷങ്ങളിൽ രണ്ടുവീതവും 2022ൽ മൂന്നും പൊലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചു. ആറു വീതം സി.പി.ഒമാരും സീനിയർ സി.പി.ഒമാരുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക, ജോലി സമ്മർദ്ദമാണ് ഭൂരിഭാഗം സംഭവങ്ങളിലും കാരണങ്ങൾ.


അടിക്കടിയുള്ള പൊലീസുകാരുടെ ആത്മഹത്യ തടയാൻ 9 നിർദ്ദേശങ്ങളുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയെങ്കിലും ഫലമില്ല. വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം, പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ വേദി ഒരുക്കണം, വീക്കിലി ഓഫും അനുവദനീയമായ അവധികളും നൽകണം, മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ഇടപടെലുകൾ ഉണ്ടാകണം, യോഗ പരിശീലനം വേണം, ആവശ്യമായ സമയത്ത് ചികിത്സ നൽകണം, മാനസിക പരിമുറുക്കം കുറയ്ക്കാൻ ഉദ്യോഗസ്ഥരെ സ്വയം പ്രാപ്തരാക്കണം, എല്ലാ ജില്ലയിലും കൗൺസലിംഗ് സൗകര്യം വേണം എന്നിവയാണ് നിർദ്ദേശങ്ങൾ.


പോലീസുകാർ തുടരെ ജീവനൊടുക്കുന്ന സാഹചര്യത്തിൽ, സേനാംഗങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. സി.പി.ഒ മുതൽ ഡിവൈ.എസ്.പിമാർ വരെയുള്ളവർക്ക് അടുത്തുള്ള സ്റ്റേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥനാവും മാർഗ്ഗനിർദ്ദേശിയാവുക. ഇദ്ദേഹത്തോട് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയുന്നതിലൂടെ ആത്മഹത്യകൾ കുറയ്ക്കാനാവുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.

അന്യസംസ്ഥാന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ 'സീനിയർ മെന്ററിംഗ് സ്‌കീം' എന്ന പേരിൽ മെന്ററിംഗ് സംവിധാനം നിലവിലുണ്ട്. ജൂനിയർ ഐ.പി.എസുകാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് ഡി.ഐ.ജിയോ മേലുദ്യോഗസ്ഥരോ ആണ്. മികച്ച പ്രവർത്തന റെക്കാർഡുള്ളവരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെയാവും മാർഗദർശികളാക്കുക.

ജോലിഭാരം, മേലുദ്യോഗസ്ഥന്റെ പീഡനം, അപമര്യാദ, അധികാരതർക്കം, സമ്മർദ്ദം തുടങ്ങിയവ മാർഗ്ഗനിർദ്ദേശിയെ അറിയിക്കാം. എന്തായാലും പോലീസിൽ ആത്മഹത്യകൾ തടയാൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ തേടുകയാണ് സർക്കാർ.