പുത്തനച്ചി പുരപ്പുറം തൂക്കേണ്ട ! തിരഞ്ഞെടുപ്പ് കാലത്ത് ഘടകകക്ഷി മന്ത്രിക്ക് എതിരെ സിഐടിയുവിൻ്റെ അസാധാരണ സമരം. ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് എതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി  സിഐടിയു. പരിഷ്കാരങ്ങൾ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്ന് ഭീഷണി. പിന്നോട്ടില്ലെന്ന നിലപാടിൽ മന്ത്രി ഗണേഷ്

എൽഡിഎഫ് മന്ത്രിസഭയിലെ അംഗമാണെന്ന കാര്യം കെ.ബി ഗണേഷ്കുമാർ ഓർമ്മിക്കണമെന്നും സിഐടിയു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചിട്ടുണ്ട്. 

New Update
kb ganeshh kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ അഭിമാന പദ്ധതിയായ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് എതിരെ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗതാഗത മന്ത്രിയെ വഴിയിൽ തടയുമെന്നാാണ് സിഐടിയുവിൻ്റെ സെക്രട്ടേറിയേറ്റ് നടയിലെ പ്രഖ്യാപനം. 

Advertisment

എൽഡിഎഫ് മന്ത്രിസഭയിലെ അംഗമാണെന്ന കാര്യം കെ.ബി ഗണേഷ്കുമാർ ഓർമ്മിക്കണമെന്നും സിഐടിയു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചിട്ടുണ്ട്. 


മെയ് ഒന്നു മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിഐടിയു സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ചട്ടങ്ങൾ പാലിക്കാനും നിർബന്ധിതരാകുന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമ്മർദ്ദത്തിലാണ് ഇടത് മന്ത്രിക്ക് എതിരെ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പ്രത്യക്ഷ സമരത്തിന് സിഐടിയു ഇറങ്ങി പുറപ്പെട്ടത്.


ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് സിഐടിയു നേതാക്കൾ നടത്തിയത്. പരിഷ്കാരങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വേണ്ടിവന്നാൽ മന്ത്രിയെ വഴിയിൽ തടയും എന്നതായിരുന്നു പ്രധാന ഭീഷണി. 

മുൻ എംഎൽഎയും ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന അധ്യക്ഷനുമായ കെ.കെ ദിവാകരനാണ് മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന് ഭീഷണിപ്പെടുത്തിയത്. " ഗതാഗതമന്ത്രി ഗതാഗത മന്ത്രിയാണെങ്കിലും അങ്ങനെ വലിയ ഗതാഗതം നടത്തേണ്ട, അദ്ദേഹത്തിൻ്റെ വണ്ടി തടയാൻ തന്നെയാണ് തീരുമാനം. വഴിയിൽ തടയാൻ തന്നെയാണ് തീരുമാനം. ഇടതുപക്ഷ സർക്കാറിലാണ് മന്ത്രി ആയിട്ടിരിക്കുന്നത് എന്ന് ഓർക്കുന്നത് നന്നായിരിക്കും" കെ.കെ ദിവാകരൻ പറഞ്ഞു. 

അനാവശ്യ പരിഷ്കാരങ്ങളുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ മേൽ കുതിരകയറുന്ന മന്ത്രിക്ക് മാടമ്പി സ്വഭാവമാണെന്നും  സംഘടനയുടെ മറ്റ്  നേതാക്കളും വിമർശിച്ചു. 

നേരത്തെ ജില്ലകൾ തോറും പത്ര സമ്മേളനം നടത്തി പരിഷ്കരണ നടപടിയെ വിമർശിച്ച ശേഷമാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടന സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയത്. 


തിരഞ്ഞെടുപ്പ് കാലമായിട്ടും ഘടകകക്ഷി മന്ത്രിക്ക് എതിരെ സിഐടിയു സമരത്തിന് ഇറങ്ങിയത് ഇടത് മുന്നണിയെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. സിപിഎം അനുമതിയില്ലാതെ സിഐടിയു പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ ഒരുമ്പിടില്ലന്നും നേതാക്കൾ ചൂണ്ടിക്കിട്ടുന്നുണ്ട്. 


എന്നാൽ സിപിഎമ്മിൻ്റെ തൊഴിലാളി സംഘടന തന്നെ രംഗത്ത് വന്നിട്ടും പരിഷ്കാരങ്ങൾ കൊണ്ടു വരാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ. 

വിഷയത്തിൽ ഇരു കൂട്ടരുടെയും ഒപ്പം സർക്കാറിന്റെയും തുടർ നിലപാടുകൾ എങ്ങനെയാകുമെന്നാണ് ഇനി അറിയാനുള്ളത്. വോട്ടെടുപ്പ് കഴിയുന്ന മുറയ്ക്ക് സിഐടിയു നിലപാട് കടുപ്പിക്കാനാണ് സാധ്യത.