/sathyam/media/media_files/2ZBxmmrJQBfJHmAzDuWp.jpg)
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണം മുറുകുമ്പോൾ യുഡിഎഫിന് തലവേദനയായി കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ. യുത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പാർട്ടിയിൽ പുതിയ പദവികൾ നൽകിയത് സംബന്ധിച്ചും മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുമാണ് തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയിലെ ഘടക കക്ഷികൾക്ക് കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
താഴെത്തട്ടിലെ പ്രചരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ പലയിടുത്തും പ്രശ്നനങ്ങൾ ദിനംപ്രതി വളരുന്നതിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുളള ഘടകകക്ഷികൾക്ക് ആശങ്കയുണ്ട്.
മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് പോര് തലവേദനയായതോടെ വേഗത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കെപിസിസി നേതൃത്വത്തെ സമീപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സനോടും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
തഴെത്തട്ടിലെ പ്രശ്നങ്ങൾ മനസിലാക്കാനായി ലീഗ് നേതൃത്വം ബൂത്ത് തലത്തിലുളള നേതാക്കളെ കണ്ട് ആശയവിനിമയം നടത്തിയപ്പോഴാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോര് പലയിടങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നനുവെന്ന കാര്യം ബോധ്യപ്പെട്ടത്. കോണ്‍ഗ്രസിലെ മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോഴും രൂക്ഷമായ ഗ്രൂപ്പ് പോര് തുടരുന്നതാണ് മലപ്പുറത്ത് ലീഗിന് തലവേദനയായിരിക്കുന്നത്.
പ്രാദേശിക തലത്തിലെ യുഡിഎഫ് കണ്‍വെഷനുകളുടെ നടത്തിപ്പിനെ പോലും ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് പരാതി മുന്നണിയിൽ ഉന്നയിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം നിർബന്ധിതമായത്. മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സാരമായി ബാധിക്കുന്നുവെന്നുവെന്നാണ് ലീഗ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
ഇക്കാര്യം അതിൻെറ ഗൗരവത്തിൽ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പ്രശ്നം പരാതിയായി ഉന്നയിക്കുന്നതിലേക്ക് എത്തിയതെന്നും ലീഗ് നേതാക്കൾ കൂട്ടിച്ചേർത്തു.
മുൻ മന്ത്രി എ.പി അനിൽകുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടൽ നടക്കുന്ന ഇടങ്ങളിലെല്ലാം ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. മംഗലം, വെട്ടം, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, അങ്ങാടിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെല്ലാം പ്രശ്നം രൂക്ഷമാണെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് മുസ്ളിം ലീഗ് സംസ്ഥാന നേതൃത്വത്തിൻെറ അനുവാദത്തോടെ പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ സമീപിച്ചത്. കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടു പോകാനാവില്ലെന്നും ഉടൻ തന്നെ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോടും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസനോടും ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് നിൽക്കുന്ന കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളേയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയാത്തതാണ് പലയിടത്തും തലവേദനയാകുന്നത്.പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ട ജില്ലയിലെ കോൺഗ്രസ് നേതൃത്വം തന്നെ ഗ്രൂപ്പ് പോരിൻെറ ഭാഗമാണെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ബൂത്ത് തലം മുതല്‍ ഗ്രൂപ്പ് പോര് പ്രകടമാണ്.
പ്രചരണത്തെ മുന്നിൽ നിന്ന് നയിക്കുന്ന ലീഗ് പ്രാദേശിക നേതൃത്വം ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തുമ്പോള്‍ എതിർ വിഭാഗം സഹകരിക്കാതെ മാറിനിൽക്കുന്നതാണ് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ സ്ഥിതിയെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്തുണ തേടി പണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും പ്രശ്നത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും കൂടിയാണ് വിഷയം കെ.സുധാകരൻെറ ശ്രദ്ധയിൽ പെടുത്തിയത്.
തമ്മിലടിയും ഗ്രൂപ്പ് പോരും അവസാനിപ്പിക്കണമെന്ന കർശന നിർദേശം ജില്ലയിലെ നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് ലീഗ് നേതാക്കൾക്ക് ലഭിക്കുന്ന വിവരം. കോൺഗ്രസിലെ ഗ്രുപ്പ് തർക്കങ്ങളിൽ അതൃപ്തി ഉണ്ടെങ്കിലും അത് പരസ്യമാക്കിയാൽ തെരെഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ലീഗിന്റെ ആശങ്ക. അതുകൊണ്ടാണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾക്ക് ലീഗ് മുതിരാതിരിക്കുന്നത്.
ലീഗ് ജില്ലാ കമ്മറ്റിയുടെ ഇടപെടലിലും പ്രശ്നത്തിന് പരിഹാരം കാണാൻ ആയില്ലെങ്കിൽ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് സൂചന. ജില്ലയിലെ കോൺഗ്രസിലെ തർക്കങ്ങളിൽ നേരത്തെ അതൃപ്തി പരസ്യമാക്കിയ മുസ്‌ലിം ലീഗിനെ കെ. സുധാകരനും, വിഡി സതീശനും പാണക്കാട് നേരിട്ട് എത്തിയാണ് അനുനയിപ്പിച്ചത്.
മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പൊതുവിൽ ഉയരുന്ന വിമർശനങ്ങളെയും ആരോപണങ്ങളെയും പ്രതിരോധിക്കുന്നതിലും കോൺഗ്രസിലെ ഗ്രൂപ്പ് പോര് തടസം സൃഷ്ടിക്കുന്നുവെന്നാണ് ലീഗിൻെറ വിമർശനം.
ലീഗ് എം.പിമാർക്കെതിരെ വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനോ അതിന് മറുപടി പറയാനോ കോൺഗ്രസ് നേതാക്കളാരും മുന്നോട്ടുവരുന്നില്ല.താഴെത്തട്ട് മുതൽ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകേണ്ടതും ആരോപണങ്ങളെ പ്രതിരോധിക്കേണ്ടതും എല്ലാം ലീഗിൻെറ മാത്രം ബാദ്ധ്യതയായി മാറിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
ഇക്കാര്യങ്ങളിലെല്ലാം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ബുത്ത് തലത്തിൽ ആശയവിനിമയത്തിനായി എത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിയെ ഇതെല്ലാം ധരിപ്പിച്ചിട്ടുണ്ട്.