Advertisment

മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച എസ്.ഡി.പി.ഐയെ തളളണോ കൊളളണോ എന്നതിൽ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. പിന്തുണ ഏറ്റെടുത്താൽ മുന്നണിയുടെ മതേതര പ്രതിഛായക്ക് മങ്ങലേൽക്കുമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം. പിന്തുണ സ്വീകരിക്കുന്ന പ്രതികരണങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിച്ച് കെ.സി.വേണുഗോപാലും വി.ഡി.സതീശനും. തിരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയേണ്ടതില്ലെന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തം. കോട്ടയത്ത് ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍

New Update
vd satheesan ramesh chennithala

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിന്തുണ  തിരിച്ചടിയാകുമോയെന്ന് യു.ഡി.എഫിൽ ആശങ്ക.

Advertisment

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻെറ രാഷ്ട്രീയ മുന്നണിയായ എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിക്കുന്നത് മുന്നണിയുടെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമോയെന്നും അതുവഴി നിഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടുമൊ എന്നുമുളള ആശങ്കയാണ് യു.ഡി.എഫിൽ ശക്തമാകുന്നത്.

എസ്.ഡി.പി.ഐയുമായി ചർച്ചയോ ആശയവിനിമയമോ നടന്നിട്ടില്ലെന്നും പിന്തുണ പ്രഖ്യാപിച്ചത് അവരുടെ അഭ്യന്തര കാര്യമാണെന്നുമാണ് യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസിൻെറ നേതാക്കൾ ആണയിടുന്നത്.


എന്നാൽ തീവ്ര സംഘടനയെന്ന പരിവേഷമുളള എസ്.ഡി.പി.ഐ നിരുപാധികം പിന്തുണച്ചാൽ പോലും അത് മതേതര -ജനാധിപത്യ സമൂഹത്തിൽ സംശയങ്ങൾക്ക് ഇടനൽകിയേക്കാമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


കൈവെട്ട് കേസിൻെറയും കൊലപാതകങ്ങളുടെയും പേരിൽ എസ്.ഡി.പി.ഐയുടെ മാതൃസംഘടനയായ പോപ്പുലർഫ്രണ്ട്, ജൂഡീഷ്യൽ സംവിധാനത്തിന് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും പ്രതി സ്ഥാനത്താണ്.

സമൂഹത്തിൽ ഭീതിയും വിഭജനവും സൃഷ്ടിക്കുന്ന അക്രമ സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെന്ന മോശം പ്രതിഛായ ഉളളവരുടെ പിന്തുണ സ്വീകരിക്കുന്നത് യു.ഡി.എഫ് മുന്നോട്ടുവെയ്ക്കുന്ന മതേതര നിലപാടിൻെറ അന്തസത്ത തന്നെ ചോർത്തിക്കളയുമെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്.


2009ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പി.ഡി.പി പിന്തുണയുളള സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഇടത് മുന്നണിക്ക് നേരിട്ട തിരിച്ചടി യു.ഡി.എഫിന് പാഠമാകണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.


സി.പി.ഐയുടെയും വി.എസ് അച്യുതാനന്ദൻെറയും എതിർപ്പിനെ അവഗണിച്ച് പി.ഡി.പിയുടെ പിന്തുണ സ്വീകരിച്ചപ്പോൾ ഇടത് മുന്നണിയുടെ മതേതര കാഴ്ചപ്പാട് തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. അതുവഴി പൊന്നാനിയിൽ മാത്രമല്ല എൽ.ഡി.എഫിന് തോൽവി നേരിട്ടത്,സംസ്ഥാനമാകെ അതിൻെറ അലയൊലികൾ എത്തിയിരുന്നു.

എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരിക്കുന്ന നിരുപാധിക പിന്തുണ സ്വീകരിക്കുകയോ അതിനോട് മൗനം അവലംബിക്കുകയോ ചെയ്താൽ തിരഞ്ഞെടുപ്പിൽ ദോഷകരമായി ഭവിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗത്തിൻെറ മുന്നറിയിപ്പ്.

ഇത് മനസിലാക്കിയാണ് പിന്തുണ സ്വീകരിക്കുമെന്ന സൂചന തരുന്ന പ്രതികരണങ്ങൾ വരാതിരിക്കാൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി ആക്ടിങ്ങ് പ്രസിഡൻെറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ശ്രദ്ധിക്കുന്നത്.

എസ്.ഡി.പി ഐ യുമായി യു.ഡി. എഫിന് ഒരു സഹകരണവും ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻെറ പ്രതികരണം. എസ്ഡിപിഐയുടെ പിന്തുണ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് മതേതര രാഷ്ട്രീയ പാർട്ടി എന്നാണ് എസ്ഡിപിഐ പറയുന്നത്.കോൺഗ്രസ് അങ്ങനെയല്ല എന്ന് തങ്ങൾ പറയണോ എന്നും വി.ഡി സതീശൻ ചോദിച്ചു.

ആർ.എസ് എസ്സുമായും ജമാ അത്തെ ഇസ്ലാമിയുമായും ചർച്ച നടത്തുന്നത് സി.പി.ഐ എം ആണെന്നും ആരോപിച്ച വി.ഡി സതീശൻ മുന്നണിയ്ക്കെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കാനും ശ്രമിച്ചു.

ആറ് തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിച്ചു.ആറ് തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും തനിക്കെതിരായിരുന്നു.ഇത്തരം പാർട്ടികളുടെ എല്ലാം പിന്തുണ സിപിഎമ്മിന് ആയിരുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തീവ്രവാദ നിലപാടുള്ള ഒരു കക്ഷിയുമായും കോൺഗ്രസിന് ബന്ധവുമില്ല ചർച്ചയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.എസ്ഡിപിഐ അടക്കമുള്ള ആരോടും സംസാരിച്ചിട്ടല്ല  പിന്തുണ നൽകിയതെന്ന് പ്രതിപക്ഷ നേതാവിൻെറ നിലപാടിനെ പിന്താങ്ങികൊണ്ട് കെ.സി വേണുഗോപാലും  വ്യക്തമാക്കി.

എന്നാൽ വോട്ട് വ്യക്തികളുടെ സ്വാതന്ത്ര്യമായതിനാൽ ആരുടേയും വോട്ട് വേണ്ട എന്ന് പറയില്ലെന്നായിരുന്നു കോൺഗ്രസ് പ്രചരണ വിഭാഗം അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ മികച്ച രാഷ്ട്രീയ പ്രചരണ വിഷയമായി കാണുന്ന ബി.ജെ.പി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ ദേശദ്രോഹ സംഘടനയെ കോൺഗ്രസ് കൂട്ടുപിടിക്കുകയാണെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻെറ പ്രതികരണം.

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ ചർ‍ച്ചയും വിവാദവുമായി മാറിയെങ്കിലും എസ്. ഡി.പി.ഐ നേതൃത്വം നിലപാടിൽ മാറ്റം വരുത്താൻ ആലോചിക്കുന്നില്ല.കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികക്ക് പിന്തുണ നൽകാൻ തന്നെയാണ് എസ്.ഡി.പി.ഐയുടെ തീരുമാനം.

പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ ഇത്തരം വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്ന എസ്.ഡി.പി.ഐക്ക് അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അത്ഭുതമില്ല.

ഫാസിസ്റ്റ് വിരുദ്ധ ചേരിയോട് സഹകരിക്കുക എന്ന നയത്തിൻെറ ഭാഗമായാണ് ദേശിയ തലത്തിൽ ഇന്ത്യാ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതെന്നാണ് എസ്.ഡി,പി.ഐയുടെ നിലപാട്.

പിന്തുണ സ്വീകരിക്കണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാമെന്നും എസ്.ഡി.പി.ഐ നേതൃത്വം പറയുന്നു. സംസ്ഥാനത്ത് പരക്കെ സ്വാധീനം അവകാശപ്പെടാൻ കഴിയില്ലെങ്കിലും കോട്ടയം, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ പല മണ്ഡലങ്ങളിലെ പോക്കറ്റുകളിൽ എസ്.ഡി.പി.ഐക്ക് കേഡർ സ്വഭാവത്തിലുളള വോട്ട് ബാങ്കുണ്ട്.

പത്തനംതിട്ട സീറ്റിലെ പൂഞ്ഞാറിൽ പതിനയ്യായിരത്തോളം വോട്ട് എസ്.ഡി.പി.ഐക്ക് ഉണ്ട്. തോമസ് ഐസക്കിൻെറ വരവോടെ മത്സരം കനത്ത പത്തനംതിട്ടയിൽ എസ്.ഡി.പി.യുടെ പിന്തുണ ലഭിക്കുന്നത് യു.ഡി.എഫ് സ്ഥാനാർ‍ത്ഥി ആൻേറാ ആൻറണിക്ക് സഹായമാകും.


അതേസമയം കോട്ടയത്ത് ക്രൈസ്തവ പ്രാതിനിധ്യം കൂടുതലുള്ള മേഖലകളില്‍ ഇത് യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. എസ്.ഡി.പി.ഐ പിന്തുണച്ചതോടെ കോട്ടയത്തെ ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ പ്രതികരണങ്ങള്‍ അനുകൂലമല്ല.


കെ.സുധാകരൻ മത്സരിക്കുന്ന കണ്ണൂരിലും കെ.സി.വേണുഗോപാൽ മത്സരിക്കുന്ന ആലപ്പുഴയിലും  സ്വാധീന മേഖലകളുളള എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫിന് ഗുണകരമാകും.

എന്നാൽ പരസ്യമായി പിന്തുണ സ്വീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നത് മതേതര വോട്ടുകളെ ഭിന്നിപ്പിക്കുമോ എന്നാണ് കോൺഗ്രസിൽ വളരുന്ന ആശങ്ക

Advertisment