Advertisment

ഹാട്രിക് പ്രധാനമന്ത്രി പദവി സ്വപ്നം കാണുന്ന നരേന്ദ്രമോഡിയുടെ വിഷുഫലം എന്താകും ? ജീവന്മരണ പോരാട്ടത്തിലുള്ള രാഹുൽ ഗാന്ധിയ്ക്കു രക്ഷയുണ്ടോ ? പിണറായിക്ക് പാർട്ടിയിലെ അപ്രമാദിത്വം അടക്കമുളള എല്ലാം ചോദ്യം ചെയ്യപ്പെടുമോ ? ഒറ്റയ്ക്ക് പട നയിക്കുന്ന വി.ഡി സതീശന്‍ അനിഷേധ്യനാകുമോ ? പിണറായിക്ക് ശേഷം പാര്‍ട്ടിയിലെ രണ്ടാമനായി ഗോവിന്ദന്‍ അംഗീകരിക്കപ്പെടുമോ ? നേതാക്കളുടെ രാഷ്ട്രീയ വിഷുഫലം എങ്ങനെ ?

ആഘോഷം കഴിഞ്ഞ് വോട്ടെണ്ണുമ്പോൾ ഓട്ടുരുളിയിൽ കണ്ട് മനം നിറയുന്നതാരാകും ? വിഷുവിന് പൊട്ടിക്കാൻ വാങ്ങിവെച്ച പടക്കങ്ങളിൽ ചിലത് ചീറ്റിപോകുന്നത് പോലെ ആരാണ് നിലംപരിശ് ആകുക.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai mv govindan narendra modi rahul gandhi vd satheesan

തിരുവനന്തപുരം: ജനാധിപത്യത്തിൻെറ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതുതിരഞ്ഞെടുപ്പിനിടയിലാണ് ഇത്തവണത്തെ വിഷു ആഘോഷം. മാസം മീനത്തിൽ നിന്ന് മേടത്തിലേക്ക് സംക്രമിക്കുന്ന മൂഹൂ‍ർത്തം കഴിഞ്ഞ് വിഷു പിറക്കുമ്പോകൾ വരും കൊല്ലത്തെ രാഷ്ട്രീയ വിഷുഫലം എന്തായിരിക്കും ?

Advertisment

ആഘോഷം കഴിഞ്ഞ് വോട്ടെണ്ണുമ്പോൾ ഓട്ടുരുളിയിൽ കണ്ട് മനം നിറയുന്നതാരാകും ? വിഷുവിന് പൊട്ടിക്കാൻ വാങ്ങിവെച്ച പടക്കങ്ങളിൽ ചിലത് ചീറ്റിപോകുന്നത് പോലെ ആരാണ് നിലംപരിശ് ആകുക.


പ്രധാനമന്ത്രി പദവിയിൽ ഹാട്രിക് ലക്ഷ്യംവെച്ച് രാജ്യമാകെ ബി.ജെ.പിയുടെ പ്രചരണം നയിക്കുന്ന നരേന്ദ്ര മോദിക്കാണ് ഈ തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകം. മോദിയുടെ പ്രതിഛായ വിപണനം ചെയ്താണ് ഇത്തവണ ബി.ജെ.പിയുടെ പ്രചരണം.


മോദിക്ക് പിന്നിലെ കേന്ദ്ര സർക്കാരിൻെറ വികസന നേട്ടങ്ങൾ പോലും വരുന്നുളളു. അതിനുമപ്പുറം ഇനി ചെയ്യാൻ പോകുന്നവ മോദിയുടെ ഗ്യാരന്റിയായും അവതരിപ്പിക്കുന്നു. അപ്പോൾ അക്ഷരാർത്ഥത്തിൽ ബി.ജെ.പിയും  ആപാർട്ടി നയിക്കുന്ന ദേശിയ ജനാധിപത്യ സഖ്യം എന്ന മുന്നണിയും നരേന്ദ്ര മോദിയുടെ തോളിലാണ്.

മോദി വിരാട് രൂപം പൂണ്ട് നിൽക്കുന്ന തേ‍ർ തെളിക്കാൻ അമിത് ഷായും ജെ.പി.നദ്ദയും ഉണ്ടെങ്കിലും മൂന്നാം തവണയും വിജയം ആവർത്തിക്കേണ്ടതിൻെറ സമ്മർദ്ദം മോദിക്ക് തന്നെ. അത്രകണ്ട് ബി.ജെ.പി മോദിയേയും മോദി തിരിച്ച് ബി.ജെ.പിയേയും ആശ്രയിക്കുന്നു.

ബി.ജെ.പി അടക്കമുളള പരിവാർ പ്രസ്ഥാനങ്ങളുടെ കടിഞ്ഞാണേന്തുന്ന രാഷ്ട്രീയ സ്വയം സേവക് സംഘം അഥാവാ ആർ.എസ്.എസിൻെറ ജന്മശതാബ്ദി വർഷമാണ് വരാൻ പോകുന്നത്. ഹിന്ദുത്വ ആശയങ്ങളിലൂന്നിയ പാർട്ടിയേയും അതിൻെറ സർക്കാരിനെയും ഇന്ദ്രപ്രസ്ഥത്തിൽ പ്രതിഷ്ഠിക്കുക എന്ന ദൗത്യം പൂ‍ർത്തീകരിച്ച കൃതാർത്ഥതയിലാണ് ആർ.എസ്.എസ്.

നാഗ് പൂരിലെ ആസ്ഥാനത്തെ ചിന്തൻ ബൈഠക്കുകളിൽ ഉരുവം കൊണ്ട മറ്റ് ലക്ഷ്യങ്ങൾ കൂടി പൂർത്തിയാക്കുക എന്നതും ശതാബ്ദി വർഷത്തിൽ ആർ.എസ്.എസിൻെറ അജണ്ടയാണ്. അതെല്ലാം പൂർത്തിയാക്കാൻ കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാമതും ബി.ജെ.പി സർക്കാർ വരണം.


സ്വന്തം വ്യക്തി പ്രഭാവത്തിലും അത്മവിശ്വാസത്തിലും ഊന്നി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന മോദിക്ക് മുകളിൽ ആർ.എസ്.എസ് ലക്ഷ്യങ്ങൾ പൂർത്തിയാക്കേണ്ട സമ്മർദ്ദവും ഉണ്ട്. അല്ലാത്ത പക്ഷം ചൊൽപ്പടിക്ക് നിൽക്കുന്ന, തീവ്രാശയങ്ങളുടെ വക്തവായ യോഗി ആദിത്യനാഥിനെ പോലുളളവരെ കൊണ്ടുവരാനും ആർ.എസ്.എസ് മടിക്കില്ല.


അത് മറ്റാരേക്കാളും നന്നായി മോദി എന്ന സ്വയം സേവകന് അറിയാം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വിഷുഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ നിർണായകമാണ്.

സംഘപരിവാറിൻെറ സർക്കാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇക്കൊല്ലത്തെ വിഷുഫലം ഏറെ നിർണായകമാണ്.


ഡൽഹിയിൽ അധികാരം പിടിക്കുക മാത്രമല്ല രാഹുലിൻെറ മുന്നിലുളള അടിയന്തിര അജണ്ട. പ്രൗഡിയും കരുത്തും എല്ലാം ഗതകാല സ്മരണ മാത്രമായിരിക്കുന്ന കോൺഗ്രസ് എന്ന ഇന്ത്യയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതും രാഹുലിൽ നിക്ഷിപ്തമായിരിക്കുന്ന അടിയന്തിര കടമകളിൽ ഒന്നാണ്.


മുത്തശി പാർട്ടി എന്ന ദുശാഠ്യം വിട്ട് ഇന്ത്യാ സഖ്യം എന്ന കൂട്ടായ്മ നിലനിർത്താൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടു പോകുന്ന രാഹുൽ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധ നിലപാടിൽ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല. രാജ്യത്തിൻെറ തലങ്ങും വിലങ്ങും നടന്ന് ഐതിഹാസികമായ പ്രചരണ പരിപാടി പൂർത്തിയാക്കിയ രാഹുൽ, ബി.ജെ.പിയുടെ ഫാസിസ്റ്റ് സമീപനങ്ങളെ ചോദ്യം ചെയ്യുന്ന, പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്ന നേതാവായി സ്വയം പരിവർത്തനപ്പെടുത്തിയിട്ടുണ്ട്.

വെറുപ്പിൻെറ കമ്പോളത്തിൽ സ്നേഹത്തിൻെറ കട തുറക്കുമെന്ന പ്രഖ്യാപനത്തിലൂടെ മാനവികതയുടെയും ബഹുസ്വരതയുടെയും വക്തവായി മാറാനും രാഹുലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യത്തെ തിരഞ്ഞെടുപ്പ് ജയിക്കാനും സമാനതകളില്ലാത്ത ബി.ജെ.പിയുടെ പ്രചരണ രീതികളെയും മറികടക്കാൻ ഇതുമാത്രം പോരാ.

സംസ്ഥാനങ്ങളിൽ മികച്ച സഖ്യങ്ങൾക്ക് രൂപം നൽകാനും ബി.ജെ.പിയെ തോൽപ്പിച്ച് താഴെയിറക്കേണ്ടതിൻെറ അനിവാര്യത സഖ്യകക്ഷികളെ ബോധ്യപ്പെടുത്തുന്നതിലും വിജയിച്ചാലേ അന്തിമ വിജയം സാധ്യമാകു.

ഹിന്ദി ബെൽറ്റിൽ പാർട്ടിയുടെ ഗ്രാഫ് മേലേക്ക് ഉയർത്താനുളള ശ്രമങ്ങൾ ഫലം കാണേണ്ടതും വിജയത്തിന് അത്യന്താപേക്ഷിതമാണ്. അതൊന്നും ഉണ്ടാകാത്ത പക്ഷം വ്യക്തിപരമായി പഴികേൾക്കേണ്ടി വരിക രാഹുൽ ഗാന്ധിക്കാവും.


ഇത്തവണയും വിജയം കൈവിട്ട് പോയാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിഷുഫലം അനുകൂലമായി വരേണ്ടത് രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്നമാണ്.


തിരഞ്ഞെടുപ്പ് പാർലമെന്റിലേക്കാണെങ്കിലും നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധിയേയും പോലെ തന്നെ കേരളത്തിൻെറ മുഖ്യമന്ത്രി പിണറായി വിജയനും വിഷുഫലം ഏറെ പ്രാധാന്യമുളളതാണ്.

മോദി ദേശിയതലത്തിൽ എങ്ങനെയാണോ ബി.ജെ.പിയെ നയിക്കുന്നത് ഏതാണ്ട് അതേശൈലിയിൽ തന്നെയാണ് സംസ്ഥാനത്തെ സി.പി.എമ്മിനെയും മുന്നണിയേയും പിണറായിയും നയിക്കുന്നത്. അക്ഷരാർത്ഥത്തിൽ പിണറായിയുടെ കൈപ്പിടിയിൽ ഒതുങ്ങിയ കേരളത്തിലെ സി.പി.എം ഘടകത്തെ ഈ തിരഞ്ഞെടുപ്പിൽ നിലനിർത്തിക്കൊണ്ടു പോകുക എന്ന ഉത്തരവാദിത്തം പിണറായിയുടെ ചുമലിലാണ്.


ബംഗാളും ത്രിപുരയും തകർന്നതോടെ ദേശിയ തലത്തിൽ സി.പി.എമ്മിന് കരുത്ത് പകരേണ്ടതും  സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിൻെറ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ദേശിയ പാർട്ടി പദവി ഉൾപ്പെടെയുളള എല്ലാ സ്ഥാനമാനങ്ങളും കടലെടുക്കും.


സംസ്ഥാന പാർട്ടിയെയും ഭരണത്തെയും നയിക്കുന്ന നേതാവ് എന്ന നിലയിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മാന്യമായ വിജയം നേടേണ്ടത് പിണറായിയുടെ അഭിമാന പ്രശ്നമാണ്. ഭരണവിരുദ്ധ വികാരം പിണറായി വിരുദ്ധ വികാരമായി സംക്രമിക്കുന്നത് അടക്കമുളള പ്രതികൂല സാഹചര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ പിണറായി അഭിമുഖീകരിക്കുന്നത്.


കേന്ദ്രത്തിലെ മോദി അമിത് ഷാ നേതൃത്വവുമായി ഒത്തുതീർപ്പ് അടക്കമുളള രാഷ്ട്രീയ ആരോപണങ്ങളും മകളും മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആക്ഷേപങ്ങളും പിണറായി വിജയൻെറ കരുത്തുറ്റ പ്രതിഛായക്ക് മേൽ സംശയത്തിൻെറയും അവിശ്വാസത്തിൻെറയും കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഇതിനെയെല്ലാം വകഞ്ഞ് മാറ്റിവേണം 20 സീറ്റുകളുളള കേരളത്തിൽ നല്ല ശതമാനം സീറ്റിലെങ്കിലും ജയിച്ചുവരാൻ.


അല്ലാത്ത പക്ഷം പാർട്ടിയിലെ അപ്രമാദിത്വം അടക്കമുളള എല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ മരുമകന് കിട്ടുന്ന വലിയ പരിഗണന അടക്കമുളള കാര്യങ്ങളിൽ അസംതൃപ്തിയുളള രണ്ടാം നിര നേതാക്കൾ കലാപക്കൊടി ഉയർത്തിയേക്കാം.  ഇക്കാരണങ്ങളെല്ലാം ചേരുമ്പോൾ പിണറായി വിജയനും വിഷുഫലം അനുകൂലമാകേണ്ടത് അനിവാര്യമാണ്.

കെ.പി.സി.സി. അധ്യക്ഷനൊപ്പം നിന്ന് കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇത്തവണത്തെ വിഷുഫലം അഗ്നിപരീക്ഷയാകുന്നു. നിശബ്ദമായ കൊട്ടാര വിപ്ളവത്തിലൂടെ രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത സതീശന് ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം ഉണ്ടായേ പറ്റു. ഇപ്പോള്‍ പട നയിക്കുന്നത് സതീശന്‍ ഒറ്റയ്ക്കാണ്.


മുൻ തിരഞ്ഞെടുപ്പിൽ വിജയത്തിൻെറ കൊടുമുടി കയറി നിൽക്കുന്ന മുന്നണി ആ നിലയില്‍ നിന്നും മോശമല്ലാതെ പിടിച്ച് നിന്നില്ലെങ്കില്‍  സതീശൻെറ നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉയരാം. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കണ്ണുംനട്ടിരിക്കുന്ന സതീശൻെറ സ്വപ്നങ്ങളെ പ്രതികൂലമായി ബാധിക്കും. അതേസമയം ഫലം അനുകൂലമായാല്‍ കോണ്‍ഗ്രസില്‍ അനിഷേധ്യനായി സതീശന്‍ ഉയരും. 


കോടിയേരി ബാലകൃഷ്ണൻെറ പിൻഗാമിയായി സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ  എം.വി.ഗോവിന്ദനും ഇത്തവണത്തെ ഫലം ഏറെ നിർണായകമാണ്. പാർട്ടിയിലെയും സർക്കാരിലെയും സർവാധിപതിയായി വാഴുന്ന പിണറായിക്ക് ശേഷം പാർട്ടിയിലെ രണ്ടാമാനെന്ന പദവിയിലേക്ക് അനിഷേധ്യനായി വളരണമെങ്കിൽ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൂടിയേ തീരു.

രാഷ്ട്രീയ കാമ്പയിൻ ഏറെക്കുറെ പിണറായിക്ക് വിട്ടുകൊടുത്തിരിക്കുന്ന ഗോവിന്ദൻ, സംഘടനാകാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. എന്നാൽ കരുവന്നൂർ പോലുളള തട്ടിപ്പുകളുടെ അലയൊലികൾക്ക് തിരഞ്ഞെടുപ്പ് കാലത്തും ശമനമില്ലാത്തതും വിഭാഗീയത പീലിവിരിച്ചാടുന്ന ആലപ്പുഴയും അടിയുടെ വക്കോളം എത്തിയിരിക്കുന്ന പത്തനംതിട്ടയും പാർട്ടി നയത്തിന് വിരുദ്ധമായി ബി.ജെ.പിയെ പുകഴ്ത്തുന്ന മുന്നണി കൺവീനറും എല്ലാം എം.വി.ഗോവിന്ദൻെറ നായകശേഷിയെ ഇപ്പോൾ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന തോതിലുളള വിജയം കൂടി ഉണ്ടാവുന്നില്ലെങ്കിൽ എം.വി.ഗോവിന്ദൻെറ കസേരയ്ക്കും ഇളക്കം തട്ടാം.

Advertisment