Advertisment

എട്ടാം ജയത്തിന് ഒരുങ്ങുന്ന കൊടിക്കുന്നിൽ മാവേലിക്കരയിൽ കൊടി പാറിക്കുമോ ? മല്ലന്മാരെ യുവാക്കൾ മലർത്തിയടിക്കുന്ന പാരമ്പര്യം അരുൺകുമാറിലൂടെ മാവേലിക്കര വീണ്ടും പുറത്തെടുക്കുമോ ? അഭിപ്രായ സർവേകളിൽ മുന്നേറി എൽ.ഡി.എഫ്. വിജയം തുടരാൻ പൊരിഞ്ഞ പ്രചാരണത്തിൽ യു.ഡി.എഫ്. 4 മന്ത്രിമാർ പ്രചാരണം നയിക്കുന്ന മാവേലിക്കരയിൽ കാര്യങ്ങൾ പ്രവചനാതീതം

ഇരുമുന്നണികൾക്കുമൊപ്പം ശക്തമായ പ്രചാരണത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസിലെ ബൈജു കലാശാലയും. സർവേകളിൽ പലതിലും ഇടതുമുന്നണിക്ക് വിജയവും മുന്നേറ്റ സാദ്ധ്യതയും പ്രവചിച്ചിരിക്കെ അതിശക്തമായ പ്രചാരണത്തിലാണ് യു.ഡി.എഫ്. 

New Update
ca arun kumar kodikkunnil suresh baiju kalasala

തിരുവനന്തപുരം: കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കരയിൽ പ്രവചനാതീതമാണ് ഇത്തവണത്തെ പോരാട്ടം. എട്ടാം തവണയും ലോക്‌സഭയിലേക്ക് വിജയക്കൊയ്ത്തിനിറങ്ങിയ സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷിനെ പിടിച്ചുകെട്ടാൻ സി.പി.ഐ ഇത്തവണ പുതുമുഖവും യുവപോരാളിയുമായ അഡ്വ. സി.എ. അരുൺ കുമാറിനെയാണ് രംഗത്തിറക്കിയത്.

Advertisment

ഇരുമുന്നണികൾക്കുമൊപ്പം ശക്തമായ പ്രചാരണത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസിലെ ബൈജു കലാശാലയും. സർവേകളിൽ പലതിലും ഇടതുമുന്നണിക്ക് വിജയവും മുന്നേറ്റ സാദ്ധ്യതയും പ്രവചിച്ചിരിക്കെ അതിശക്തമായ പ്രചാരണത്തിലാണ് യു.ഡി.എഫ്. 


മന്ത്രിമാരുടെ പൊലിമയിലാണ് മാവേലിക്കര നിയോജകമണ്ഡലം. കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാൽ, പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാർ, ചെങ്ങന്നൂരിൽ സജി ചെറിയാൻ. മാവേലിക്കരയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്തെയും ജനപ്രതിനിധികൾ മന്ത്രിമാരാണ്. ഇതിനൊപ്പം കൃഷി മന്ത്രി പി. പ്രസാദും മണ്ഡലത്തിലെ വോട്ടറാണ്. അങ്ങനെ ആകെ മൊത്തം നാല് മന്ത്രിമാരാണ് ഇടത് പ്രചരണം നയിക്കുന്നത്.


തെന്മല മുതൽ കുട്ടനാടുവരെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയോടു ചേർന്ന് കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നീളംകൂടിയ മണ്ഡലമാണ് മാവേലിക്കര. മന്ത്രി പി.പ്രസാദിന്റെ അഡീഷണഷൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എ അരുൺകുമാറാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി.

ഇതുകൊണ്ടുതന്നെ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലകൾക്കിടയിലും മാവേലിക്കരയിലും പി.പ്രസാദ് സജീവമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനും തിരഞ്ഞെടുപ്പ് ചുമതലകൾക്കും ചുക്കാൻ പിടിക്കുന്നത് മന്ത്രിമാരാണ്. കേരളത്തിൽ ഏറ്റവും അധികം മന്ത്രിമാരുള്ള ലോക്‌സഭ മണ്ഡലവും മാവേലിക്കരയാണ്.

സിറ്റിംഗ് എം.പി, മുതിർന്ന കോൺഗ്രസ് നേതാവ് തുടങ്ങിയ നിലകളിൽ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ അറിയാവുന്ന കൊടിക്കുന്നിലിന് വോട്ടർമാരുമായുള്ള പരിചയവും അടുപ്പവും ഗുണകരമാവും. എൻ.എസ്.എസ്. നേതൃത്വത്തിന് കൊടിക്കുന്നിൽ സുരേഷിലുള്ള വിശ്വാസം ഗുണം ചെയ്യുമെങ്കിലും എസ്.എൻ.ഡി.പിയുമായുള്ള അകൽച്ച ബി.ഡി.ജെ.എസിന് വളക്കൂറുള്ള മണ്ഡലത്തിൽ പ്രശ്നമാണ്.


കാർഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് വലിയ പ്രതിസന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മണ്ഡലത്തിൽ ആവശ്യത്തിന് കേന്ദ്ര പദ്ധതികളില്ലെന്ന പോരായ്മ ഇവയൊക്കെ തിരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളാണ്. ഒന്നര പതിറ്റാണ്ടായി കൊടിക്കുന്നിൽ തന്നെ മാവേലിക്കരയിൽ മത്സരിക്കുന്നത് അണികൾക്കൊപ്പം വോട്ടർമാരിലും മടുപ്പിനും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നാണ് ഇടതു നിരീക്ഷണം.


എം.പിയെന്ന നിലയിൽ മണ്ഡലത്തിലെ സാന്നിദ്ധ്യക്കുറവും വികസന രംഗത്തെ മുരടിപ്പുമെല്ലാം ഇക്കുറി ജനവിധി തങ്ങൾക്ക് അനുകൂലമാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ. പല വമ്പൻ നേതാക്കളെയും യുവനേതാക്കൾ അടിതെറ്റിച്ച ചരിത്രമുള്ള മണ്ഡലം കൂടിയാണ് മാവേലിക്കര.

കോൺഗ്രസിന്റെ കരുത്തുറ്റ നേതാവും സിറ്റിംഗ് എം.പിയുമായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കാലിടറിയത് അന്ന് ഏറക്കുറെ പുതുമുഖമായിരുന്ന സി.എസ്. സുജാതയ്ക്കു മുന്നിലാണെന്നത് ശ്രദ്ധേയം. കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണപരാജയവുമാണ് എൻ.ഡി.എ പ്രചാരണ ആയുധമാക്കുന്നത്.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നത്തിന്റെ പേരിലാണെങ്കിൽപ്പോലും വോട്ട് വിഹിതം നന്നായി വർദ്ധിപ്പിക്കാനായ എൻ.ഡി.എയ്ക്ക് ഇത്തവണ അത് കുറയാതെ നോക്കുന്നതിനൊപ്പം, ഇരുമുന്നണികളുടെയും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിർണായക ശക്തിയായി മാറേണ്ടതുണ്ട്. അതേസമയം, ബി.ജെ.പിക്ക് നല്ല വോട്ട് ബാങ്കുള്ള മണ്ഡലം ബി.ഡി.ജെ.എസിന് കൈമാറിയതിൽ വിയോജിപ്പുള്ള ബി.ജെ.പി പ്രവർത്തകരുമുണ്ട്. 


ലോക്‌സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കൊടിക്കുന്നിൽ 1989-ൽ ഇരുപത്തേഴാം വയസിലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. മാവേലിക്കരയ്ക്കു മുമ്പ് സംവരണ മണ്ഡലമായിരുന്ന അടൂരിൽ ആറു തവണ മത്സരിച്ചതിൽ നാലു തവണ വിജയിച്ചു.

അടൂർ മണ്ഡലം മാവേലിക്കരയിൽ ലയിപ്പിച്ചപ്പോഴും യു.ഡി.എഫിന് മറ്റൊരു സ്ഥാനാർത്ഥിയെപ്പറ്റി ചിന്തിക്കേണ്ടി വന്നിട്ടില്ല. 2012 മുതൽ 14 വരെ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു. ചിറ്റയം ഗോപകുമാറും ബി.ഡി.ജെ.എസിലെ തഴവ സഹദേവനുമായിരുന്നു കഴിഞ്ഞ തവണ മുഖ്യ എതിരാളികൾ.

Advertisment