Advertisment

വീടിന്റെ ടെറസിൽ സോളാർ പാനൽ വച്ച് കറണ്ട് ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചവർക്ക് കെഎസ്ഇബിയുടെ എട്ടിന്റെ പണി. സോളാർ വൈദ്യുതിയുടെയും ഉപയോഗിച്ചതിന്റെയും യൂണിറ്റ് കണക്കാക്കി ബില്ലിടുന്ന രീതി നിർത്തുന്നു. ഇനി ബില്ലിടുക വൈദ്യുതി വില നോക്കി. സോളാർ വൈദ്യുതിക്ക് വില യൂണിറ്റിന് 2.69 രൂപ. കെഎസ്ഇബിയുടെ വൈദ്യുതിക്ക് വില 4.20 രൂപ. സോളാർ വച്ചവർക്കും ഇനി കറണ്ട് ബില്ല് വരുമ്പോൾ കൈപൊള്ളും

നിലവിൽ സോളാർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഉപഭോക്താവ് ഗ്രിഡിൽനിന്ന് എടുത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിൽ നിന്ന് കുറച്ച് ബാക്കിവരുന്ന വൈദ്യുതിക്ക് മാത്രം ബില്ല് നൽകുന്ന രീതിയാണ്. ഭേദഗതിയനുസരിച്ച് വൈദ്യുതിയുടെ അളവിന് പകരം വൈദ്യുതിയുടെ വിലയാണ് കണക്കിലെടുക്കുക.

New Update
roof solar plant and kseb

തിരുവനന്തപുരം: വീടിനു മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ചാർജ്ജ് കുറയ്ക്കാൻ ശ്രമിച്ചവർക്ക് എട്ടിന്റെ പണിയുമായി കെ.എസ്.ഇ.ബി. സോളാർ പാനൽ സ്ഥാപിച്ചവർക്കെല്ലാം വമ്പൻ കറണ്ട് ബിൽ വരുന്നെന്ന പരാതികൾ വ്യാപകമാണ്. നെറ്റ് ബില്ലിംഗ് രീതിയിൽ വൻ മാറ്റമാണ് വരാൻ പോവുന്നത്. ഇതോടെ വൈദ്യുതി ബിൽ കുറയുമെന്ന് കരുതി സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

Advertisment

നിലവിൽ സോളാർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഉപഭോക്താവ് ഗ്രിഡിൽനിന്ന് എടുത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിൽ നിന്ന് കുറച്ച് ബാക്കിവരുന്ന വൈദ്യുതിക്ക് മാത്രം ബില്ല് നൽകുന്ന രീതിയാണ്. ഭേദഗതിയനുസരിച്ച് വൈദ്യുതിയുടെ അളവിന് പകരം വൈദ്യുതിയുടെ വിലയാണ് കണക്കിലെടുക്കുക.


അതായത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില ഗ്രിഡിൽ നിന്ന് എടുക്കുന്ന വൈദ്യുതിയുടെ വിലയിൽ നിന്ന് കുറയ്ക്കും. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.69 രൂപയും ഗ്രിഡിൽനിന്ന് എടുക്കുന്ന വൈദ്യുതിക്ക് ശരാശരി 4.20 രൂപയുമായിരിക്കും വില. ഇതോടെ വൻ തുകയുടെ വൈദ്യുതി ബില്ലായിരിക്കും കിട്ടുക. 


ഉദാഹരണ സഹിതം പറഞ്ഞാൽ ഒരു വീട്ടിലെ സോളാർ വൈദ്യുതി ഉത്പാദനം 180 യൂണിറ്റ് ആണെന്നിരിക്കട്ടെ. വീട്ടിലെ വൈദ്യുതി ഉപയോഗം 200 യൂണിറ്റുമാണ്. 20 യൂണിറ്റിന്റെ അധിക ഉപയോഗമാണുണ്ടാവുന്നത്. നിലവിലെ വ്യവസ്ഥ പ്രകാരം 20 യൂണിറ്റിന്റെ ദ്വൈമാസ ബില്ലായി 126 രൂപ നൽകിയാൽ മതി. പുതിയ വ്യവസ്ഥ നിലവിൽ വന്നാൽ 180 യൂണിറ്റ് സോളാർ വൈദ്യുതിക്ക് കെ.എസ്.ഇ.ബി 484 രൂപ ഉപഭോക്താവിന് നൽകും. 200 യൂണിറ്റ് വീട്ടിൽ ഉപയോഗിക്കുന്നതിന് ബിൽ 857 രൂപയായിരിക്കും. 373 രൂപ ഉപഭോക്താവിന് അധിക ബാദ്ധ്യതയുണ്ടാവും.

പുനരുപയോഗ ഊർജ്ജ റെഗുലേഷനിലെ 21,26 ചട്ടങ്ങളനുസരിച്ചാണ് നെറ്റ് മീറ്ററിംഗ് ബില്ലുകളിടുന്നത്. ചട്ടം 21 അനുസരിച്ച് ഒരുമെഗാവാട്ട് വരെ ശേഷിയുള്ളവയ്ക്കും ചട്ടം 26 അനുസരിച്ച് ഒരുമെഗാവാട്ടിൽ കൂടുതലുള്ള സോളാർ പ്ലാന്റുകൾക്കും ആണ് ബില്ലുകളിടുക. നെറ്റ് മീറ്റർ ബില്ലിലെ മാറ്റം ഉപയോക്താക്കൾക്ക് എതിരാണ്.

ഇതിനെല്ലാം പുറമെ ട്രാൻസ്ഫോർമറുകൾ ഇല്ലാത്തതും സോളാർ വൈദ്യുതി പദ്ധതിക്ക് തിരിച്ചടിയാണ്. സൂര്യഘർ പദ്ധതിയിലുണ്ടാക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകണമെന്നതും അതിനുള്ള നെറ്റ് മീറ്റർ കെ.എസ്.ഇ.ബി.യിൽ നിന്ന് തന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.


കെ.എസ്.ഇ.ബി.യിൽ നെറ്റ് മീറ്റർ ലഭ്യമാകാത്തതിനാൽ ഇതിനകം പൂർത്തിയായ 40 ലേറെ പദ്ധതികളാണ് ഓരോ സെക്ഷനിലും ഉൽപാദനം തുടങ്ങാനാകാതെ കിടക്കുന്നത്. ഗ്രിഡിലേക്ക് കണക്ട് ചെയ്യാതെ സൗരോർജ്ജം ഉൽപാദിപ്പിക്കാനാവില്ല. സംസ്ഥാനത്ത് 1.27 ലക്ഷം വീടുകളിലാണ് ഇതിനകം പുരപ്പുറ സോളാർ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ 1009.29 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.


ഓൺഗ്രിഡ് സോളാർ സ്ഥാപിച്ചവർ പകൽ സമയം വൈദ്യുതി ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്നത്രയും അളവ് വൈദ്യുതി അവർക്ക് രാത്രി സമയങ്ങളിൽ പകരം നൽകണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

പകൽ യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള വില നാലു രൂപയിൽ താഴെയാണെങ്കിൽ രാത്രി അത് 12 രൂപയിൽ കൂടുതലുമാണ്. ഇതുമൂലം വൻസാമ്പത്തിക നഷ്ടമുണ്ടാകും. സോളാർപ ദ്ധതി നഷ്ടം പഠിക്കാൻ കളമശേരിയിലെ സിസ്റ്റം ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Advertisment