Advertisment

കുഴപ്പക്കാർക്ക് പണിഷ്‍മെന്റ് ട്രാൻസ്ഫർ കൊടുക്കുന്ന കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ ജോലി ചെയ്താൽ ഇനി കൂടുതൽ ശമ്പളവും അവധിയും. എട്ട് ഡ്യൂട്ടിക്ക് ഒന്ന് എന്ന കണക്കിൽ ആർജ്ജിത അവധി. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം അലവൻസ്. കൂടുതൽ ആനുകൂല്യങ്ങൾ ജോലിചെയ്യാൻ ഉദ്യോഗസ്ഥരില്ലാതെ പദ്ധതി നടത്തിപ്പു പോലും അവതാളത്തിലാവുന്നതിനാൽ. 3 ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോളടിച്ചു

ഈ മൂന്ന് ജില്ലകളിൽ ആവശ്യത്തിന് സർക്കാരുദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതി നടത്തിപ്പും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം താളം തെറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആനുകൂല്യങ്ങൾ നൽകുക.

New Update
govt office

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ജില്ലകളിലെ സർക്കാർ ജീവനക്കാർക്ക് മറ്റ് ജില്ലകളിലെ ജീവനക്കാരേക്കാൾ കൂടുതൽ അവധിയും ശമ്പളവും ലഭിക്കാൻ വഴിയൊരുങ്ങുന്നു. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിശ്ചിത കാലയളവിൽ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനമായി കൂടുതൽ ആർജ്ജിത അവധിയും അലവൻസും അനുവദിക്കുന്നതാണ് പരിഗണനയിൽ.

Advertisment

ഈ മൂന്ന് ജില്ലകളിൽ ആവശ്യത്തിന് സർക്കാരുദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതി നടത്തിപ്പും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം താളം തെറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആനുകൂല്യങ്ങൾ നൽകുക.

ഈ ജില്ലകളിലേക്ക് സ്ഥലംമാറ്റം കിട്ടുന്നവർ അവധിയെടുത്ത് മാറിനിൽക്കുന്നത് പദ്ധതി നടത്തിപ്പിലും ഭരണനിർവഹണത്തിലും പ്രതിസന്ധിയുണ്ടാക്കുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. എൻജിനിയർ, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിങ്ങനെ തസ്തികകളിലാണ് ആളില്ലാത്തത്.


 ചീഫ്സെക്രട്ടറി ഡോ.വി.വേണു വിളിച്ച സർവീസ് സംഘടനകളുടെ യോഗത്തിൽ ആർജ്ജിത അവധി കൂട്ടാൻ തത്വത്തിൽ ധാരണായായി. പെരുമാറ്റച്ചട്ടമുള്ളതിനാൽ പ്രഖ്യാപനം പിന്നീടേ ഉണ്ടാവൂ. പതിനൊന്ന് ഡ്യൂട്ടിക്ക് ഒന്ന് എന്ന കണക്കിൽ നിലവിൽ അനുവദിക്കുന്ന ആർജ്ജിത അവധി എട്ട് ഡ്യൂട്ടിക്ക് ഒന്ന് എന്ന രീതിയിലാക്കുന്നതാണ് പരിഗണനയിൽ.


അവധി കൂട്ടുന്നതിലൂടെ ജീവനക്കാരുടെ സേവനം ഉറപ്പാക്കാമെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ മൂന്ന് ജില്ലകളിലെ സേവനത്തിന് അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം പ്രത്യേക അലവൻസായി നൽകണമെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ധാരണയായിട്ടില്ല.

കാസർകോട്, വയനാട്, ഇടുക്കി ജില്ലകൾക്ക് പുറമെ അട്ടപ്പാടിയിലെ സേവനത്തിനു കൂടി ഈ ആനുകൂല്യങ്ങൾ നൽകണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ നിശ്ചിതകാലം ജോലിചെയ്യുന്നവർക്ക് പിന്നീട് അവർ ആവശ്യപ്പെടുന്നിടത്തോ വീടിനു സമീപത്തേക്കോ സ്ഥലംമാറ്റം അനുവദിക്കും.

ഇവിടങ്ങളിൽ നിയമിക്കപ്പെടുന്ന വകുപ്പുമേധാവികൾ അടക്കമുള്ളവർ സ്വാധീനമുപയോഗിച്ച് മറ്റിടങ്ങളിലേക്ക് സ്ഥലംമാറിപ്പോവുന്നതും നീണ്ട അവധിയെടുക്കുന്നതും പതിവാണ്. നിശ്ചിത കാലയളവു വരെ നിർബന്ധമായും തുടരണമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഫലമില്ല. തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതിവിഹിതം വിനിയോഗിക്കാനാവാതെ പാഴായിപ്പോവുന്ന സ്ഥിതിയുമുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഈ ജില്ലകളിൽ വികസന പദ്ധതികൾ മുടങ്ങുകയാണ്. പദ്ധതികൾ തീരുംവരെ തുടരണമെന്ന സർക്കാരിന്റെ നിർദ്ദേശവും ജീവനക്കാർ ചെവിക്കൊള്ളുന്നില്ല. ഒഴിവുകളിൽ യഥാസമയം നിയമനം നടത്തിയിട്ടും, പുതിയവർ അവധിയിൽ പ്രവേശിക്കുന്നു. അടിയന്തര സാഹചര്യത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനും അനുമതി. സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പദ്ധതി നിർവഹണത്തിനടക്കം തടസമാണ്. ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിൽ അവിടങ്ങളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കും - ഇതാണ് സർക്കാരിന്റെ നയം.

Advertisment