Advertisment

മുഖ്യമന്ത്രി വിദേശത്ത് ചുറ്റിയടിക്കുമ്പോൾ ക്ലിഫ് ഹൗസിൽ മരപ്പട്ടികൾക്ക് ശനിദശ. മരപ്പട്ടികളെ തുരത്താൻ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണിയും നവീകരണവും. മുഖ്യമന്ത്രി തിരിച്ചെത്തും മുൻപ് മരപ്പട്ടികളെയെല്ലാം ശരിയാക്കും. ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിയും തകൃതി. ക്ലിഫ്ഹൗസിലെ ശല്യക്കാരായ മരപ്പട്ടികൾ ഇനി കടക്ക് പുറത്ത്...

ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളിൽ മുഖ്യമന്ത്രി ഇപ്പോൾ സന്ദ‌ർശനത്തിലാണ്. ഈ സമയം കൊണ്ട് മരപ്പട്ടിയെ ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ശ്രമം. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പ് പണികൾ പൂ‌ർത്തിയാക്കും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
clif house

തിരുവനന്തപുരം: മരപ്പട്ടി ശല്യം കാരണം ജീവിക്കാനാവുന്നില്ലെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ ക്ലിഫ് ഹൗസിൽ മരപ്പട്ടി ശല്യം ഒഴിവാക്കാൻ അറ്റകുറ്റപ്പണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മരപ്പട്ടിയുടെ ശല്യം കാരണം വെള്ളം പോലും തുറന്നുവയ്ക്കാനാവുന്നില്ലെന്നും വസ്ത്രങ്ങളിൽ മരപ്പട്ടി മൂത്രമൊഴിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisment

ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളിൽ മുഖ്യമന്ത്രി ഇപ്പോൾ സന്ദ‌ർശനത്തിലാണ്. ഈ സമയം കൊണ്ട് മരപ്പട്ടിയെ ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ശ്രമം. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പ് പണികൾ പൂ‌ർത്തിയാക്കും.


നീന്തൽകുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഊരാളുങ്കലിനാണ് ഇതിന്റെ ചുമതല. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും റൂഫിന്റെ വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി 5.93 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ മരപ്പട്ടി ശല്യം വൻ ചർച്ചയായിരുന്നു. പഴയ വീടുകളുടെ തട്ടിൻപുറങ്ങളും ഒഴിഞ്ഞ കെട്ടിടങ്ങളും മരപ്പട്ടിയുടെ അഭയ കേന്ദ്രങ്ങളാണ്.ഇരുട്ടും ആൾനക്കവുമില്ലാത്ത സ്ഥലത്തും ഇവയുണ്ടാകും.

പാമ്പുകളെ പോലെ സൂക്ഷിച്ചില്ലെങ്കിൽ മരപ്പട്ടികളും അപടകാരികളാണ്. സംസ്ഥാനത്ത് മലബാർ സിവറ്റ് എന്ന ഇനത്തിലുള്ള മരപ്പട്ടിയാണ് കാണുന്നത്. കറുത്ത നിറത്തിൽ കൂർത്ത രോമാവൃതമായ ഇവയ്ക്ക് ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ വരെയുണ്ടാകാറുണ്ട്. ഇവയെ പിടികൂടാൻ ചെന്നാൽ ഇവർ ആക്രമിക്കും. കൂർത്തപല്ലുകൾ ഉപയോഗിച്ച് കടിക്കും.

60 ശതമാനത്തോളം വരുന്ന മരപ്പട്ടികളിൽ പേ വിഷബാധയുള്ളത് കൊണ്ട് ഈ രീതിയിലും ജനങ്ങൾ മുൻകരുതലുകൾ എടുക്കണം. പണ്ടുകാലത്ത് കാട്ടിലെ മരത്തിൽ കണ്ടിരുന്ന ഈ സസ്തനി ഇപ്പോൾ നാട്ടിലാണ് കൂടുതൽ. പകൽ പുറത്തിറങ്ങാത്ത ഇവർ രാത്രി സഞ്ചാരികളാണ്.

മരപ്പട്ടിയുണ്ടെന്ന് വിളിച്ചാൽ അതിനെ പിടികൂടേണ്ടയെന്നാണ് വനം വകുപ്പിന്റെ അനൗദ്യോഗിക ഉത്തരവ്. സംസ്ഥാനത്തെ പല വനം വകുപ്പ് കേന്ദ്രങ്ങളിലും പാമ്പിനേക്കാൾ കൂടുതൽ എത്തുന്ന ഫോൺ കോളുകൾ മരപ്പട്ടിയുടേതാണ്.

അധികൃതർക്ക് മരപ്പട്ടിയെ കെണിവച്ചോ അല്ലാതെ പിടിക്കുന്നതും ശ്രമകരമായ ജോലിയാണ്. പഴയ തട്ടിൻ പുറങ്ങളിൽ കയറി ഇവയെ പിടിക്കുമ്പോൾ അത് പൊളിഞ്ഞ് വീണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ശ്രമകരമായി ഇതിനെ പിടികൂടി കാട്ടിലെത്തിച്ചാൽ ഇവ വീണ്ടും തിരികെ വരുന്ന സ്ഥിതിയാണ്.


വീട്ടിൽ മരപ്പെട്ടിയെത്തിയാൽ കെണിവച്ചോ അല്ലാതെയോ പിടികൂടി കാട്ടിൽ കൊണ്ടു പോയി കളയാനേ സാധീക്കൂ. ഇതു വരാതിരിക്കാൻ പ്രത്യേകിച്ച് മാർഗമൊന്നിമില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. മരപ്പട്ടികളുടെ വിഹാര കേന്ദ്രം ഇല്ലാതാക്കുക മാത്രമാണ് വഴി.


ഇവർ കഴിയുന്ന തട്ടിൻപുറം അടയ്ക്കുകയോ വീടിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഇവർ കയറാത്ത രീതിയിൽ സജ്ജീകരിക്കുകയോ ചെയ്യണം.

ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ഇവർ മൂത്രമൊഴിക്കും. ഇതിന്റെ അസഹ്യമായ ദുർഗന്ധംകാരണം പലതും പിന്തിരിയാറുണ്ട്.

മരപ്പട്ടി ശല്യമുള്ള ഇടങ്ങളിലെ പറമ്പുകളിലുള്ള പഴങ്ങളും പച്ചകറിളും ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. പഴങ്ങളും പച്ചക്കറികളുമാണ് ഇവയുടെ ആഹാരം. വീടുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ, വെള്ളം എന്നിവ അടച്ച് സൂക്ഷിക്കണം. കോഴി, താറാവ് എന്നിവയെ ആക്രമിച്ച് കൊല്ലും.

രാജ്ഭവനിൽ ഗവർണർ താമസിക്കുന്ന വസതിയായ ഗവർണേഴ്സ് അപ്പാർട്ട്മെന്റിന് മുകളിലെ മച്ചിലൂടെ മരപ്പട്ടികൾ ഓടുന്നതും മുറികളിൽ മൂത്രമൊഴിച്ച് നാശമാക്കുന്നതും ഗവർണറുടെ ഉറക്കം കളഞ്ഞിരുന്നു. മച്ചിലെ പൊട്ടിയ ഓടുകൾ മാറ്റിയിട്ടും ഇരുമ്പുവല അടിച്ചുമാണ് രാജ്ഭവനിൽ മരപ്പട്ടിയെ തുരത്തിയത്. മച്ചിൽ വിളക്കുകൾ തെളിയിച്ചതോടെ രാത്രി മരപ്പട്ടി എത്താതായി. ഇപ്പോൾ മരപ്പട്ടി ശല്യമില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

പൗരാണിക കേരളീയ വാസ്തുശിൽപ്പ രീതിയിലാണ് നിർമ്മിച്ചിട്ടുള്ള രാജ്ഭവനിൽ, മിക്ക മുറികളിലും മച്ചുകളും അതിനു മുകളിൽ പാകിയ ഓടുകളുമുണ്ട്. മച്ചിനു മുകളിലാണ് മരപ്പട്ടികൾ താമസമാക്കിയത്. ഗവർണറുടെ ഉറക്കത്തിനു പോലും തടസമുണ്ടാക്കുന്ന രീതിയിൽ മരപ്പട്ടി ശല്യമുണ്ടായതോടെ, പൊട്ടിയ ഓടുകളെല്ലാം മാറ്റി, ചോർച്ച അടച്ച്, മച്ചുകളെല്ലാം നവീകരിക്കാൻ ഗവർണർ നിർദ്ദേശിച്ചു.

ചുരുങ്ങിയ ചെലവിൽ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിയും നവീകരണവും നടത്തി. ഈസമയത്ത് കോവളം കടൽത്തീരത്തെ സർക്കാർ ഗസ്റ്റ്ഹൗസ് താമസത്തിന് വിട്ടുതരണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം സുരക്ഷാകാരണങ്ങളാൽ സംസ്ഥാന സർക്കാർ നിരസിച്ചു. അതോടെ, രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ മാത്രമായുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് ഗവർണർ താമസം മാറ്റിയിരുന്നു.

തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്. വി.വി.ഐ.പികൾക്ക് താമസിക്കാൻ ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്.

Advertisment