Advertisment

ഓരോ ഫയലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ കുന്നുകൂടിയത് മൂന്നുലക്ഷത്തിലേറെ ഫയലുകൾ. ഭരണവേഗം കൂട്ടാൻ കർശന നടപടികളുമായി സർക്കാർ. പ്രൊമോഷനും സ്ഥലംമാറ്റത്തിനുമെല്ലാം മാനദണ്ഡം വരും. എല്ലാവർക്കും 15 ദിവസം നിർബന്ധ പരിശീലനം. സെക്രട്ടേറിയറ്റിൽ ഭരണചക്രം തിരിക്കാൻ വിദഗ്ദ്ധരായ ജീവനക്കാരുടെ കൂട്ടം. ഭരണത്തിന്റെ മുഖം മിനുക്കാൻ സർക്കാർ

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഭരണചക്രം തിരിക്കാൻ സമർത്ഥരായ ജീവനക്കാരുടെ പൂൾ സൃഷ്ടിക്കാനും സ്ഥലംമാറ്റപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനം നിർബന്ധമാക്കാനുമുള്ള ഭരണപരിഷ്കരണ വിദഗ്ദ്ധസമിതി ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലാണ്. ഇവ നടപ്പാക്കുന്നതോടെ സർക്കാർ സർവീസിന്റെ കാര്യക്ഷമത ഉയരുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
secreteriate files freezing

തിരുവനന്തപുരം: ജോലി ചെയ്താലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ പ്രൊമോഷനും ആനുകൂല്യങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തുമെന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വരുന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഭരണചക്രം തിരിക്കാൻ സമർത്ഥരായ ജീവനക്കാരുടെ പൂൾ സൃഷ്ടിക്കാനും സ്ഥലംമാറ്റപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനം നിർബന്ധമാക്കാനുമുള്ള ഭരണപരിഷ്കരണ വിദഗ്ദ്ധസമിതി ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലാണ്. ഇവ നടപ്പാക്കുന്നതോടെ സർക്കാർ സർവീസിന്റെ കാര്യക്ഷമത ഉയരുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

Advertisment

സമർത്ഥരായ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാന കസേരകളിൽ ഇരുത്തുന്നതോടെ ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനവേഗം കൂട്ടാനും വഴിയൊരുങ്ങും. നിലവിലെ ഉദ്യോഗസ്ഥരിൽ നിന്ന് സമർത്ഥരായവരെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഫയലുകൾ അതിവേഗം പഠിക്കാനും വിഷയം ഉൾക്കൊള്ളാനും ചടുലമായി തീരുമാനങ്ങൾ എടുക്കാനും പ്രാപ്തിയുള്ളവരായിരിക്കും ഇവരെന്ന് സർക്കാർ വിലയിരുത്തുന്നു.


ചെറിയ സംശയത്തിന്റെ പേരിലും ഫയലുകൾ വച്ചുതാമസിപ്പിച്ചും കൈമാറിയും കാലതാമസം വരുത്തുന്നതാണ് ഭരണത്തിന്റെ വേഗം കുറയ്ക്കാൻ കാരണം. സമർത്ഥർ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തുന്നതോടെ ഈ പ്രവണത ഇല്ലാതാക്കാൻ കഴിയും. 


മൂന്നു ലക്ഷത്തിലേറെ ഫയലുകളാണ് സെക്രട്ടേറിയറ്റിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചതാണ്. സർക്കാർ നയവും അതാണ്. എന്നാൽ ഫയലുകൾ കുന്നുകൂടുന്നത് സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും ജനങ്ങൾക്ക് ഭരണത്തിലെ മെല്ലെപ്പോക്ക് മനസിലാവാനും ഇടയാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ഫോൺ കോളിൽ തീരുന്ന സംശയങ്ങൾക്കുപോലും ഫയലുകൾ പല തട്ടുകളിലേക്ക് തള്ളിവിടുന്ന കാലഹരണപ്പെട്ട സംവിധാനമാണ് ഫയലുകൾ കെട്ടിക്കിടക്കാൻ കാരണം. നിയമ പരിജ്ഞാനം, കാര്യക്ഷമത,കമ്പ്യൂട്ടർ അടക്കമുളള സാങ്കേതിക സംവിധാനത്തോട് ആഭിമുഖ്യം, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, മത്സരപ്പരീക്ഷകളിലെ മികവ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ വിലയിരുത്തി വിദഗ്ദരായ ജീവനക്കാരുടെ പാനലുണ്ടാക്കാനാണ് സർക്കാ‌ർ നീക്കം.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അധികപരിഗണന നൽകി പ്രൊമോഷൻ നൽകുന്ന സംവിധാനം പരിഷ്ക്കരിക്കണം. അവരുടെ പ്രാപ്തിവിലയിരുത്തുന്ന പരീക്ഷകൾ വേണം. സാങ്കേതിക കാര്യങ്ങളോട് വിമുഖതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയോ, പുനർവിന്യസിക്കുകയോ വേണം. ജീവനക്കാരുടെ സ്ഥലം മാറ്റം നടക്കുമ്പോൾ അവരെ നിയോഗിക്കുന്ന വകുപ്പുകളിലെ വിഷയങ്ങളെ അധീകരിച്ചുള്ള പരിശീലനം നിർബന്ധമാക്കും. ഓരോ വർഷവും ഓരോ ജീവനക്കാരനും നിർബ്ബന്ധമായും പങ്കെടുത്തിരിക്കേണ്ട പരിശീലനങ്ങളുടെ എണ്ണം നിശ്ചയിക്കേണ്ടതാണ്. ഇതിന് വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.


അസിസ്റ്രന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള എല്ലാ ജീവനക്കാർക്കും വർഷത്തിൽ 15 ദിവസം നിർബന്ധ പരിശീലനം നൽകണം. സെക്രട്ടേറിയറ്റിൽ എൻട്രി കേഡറിൽ നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പര്യാപ്തമായ കാലയളവ് ഇൻഡക്ഷൻ ട്രെയിനിംഗ് നൽകണം. വിരമിക്കാൻ രണ്ട് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ വേഡ് പ്രോസസിംഗ് ചെയ്യാനുള്ള നിർബ്ബന്ധിത പരിശീലനം നൽകണം.  പരിശീലനത്തിനൊടുവിൽ പരീക്ഷ നടത്തണം. പരീക്ഷ പാസാകാത്തവരെ വീണ്ടും പരിശീലനത്തിന് അയയ്ക്കണം.


ഭരണഭാഷ സംബന്ധിച്ച് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഔദ്യോഗിക ഭാഷയായി മലയാളം നിർബന്ധമാക്കിയെങ്കിലും അത് പൂർണ്ണമായി നടപ്പാവാത്ത സാഹചര്യത്തിൽ ഇംഗ്ളീഷ് ഭാഷയിൽ പുറപ്പെടുവിക്കേണ്ട ഉത്തരവുകൾ ഏതൊക്കെയെന്ന് വ്യക്തമായി നിർവചിക്കണം. അവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും മലയാളത്തിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.  

ഇ ഓഫീസ് വന്ന ശേഷം നിയമവകുപ്പിൽ ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ അസിസ്റ്രന്റ് തസ്തികകൾ ആവശ്യത്തിലധികമായതിനാൽ ഈ തസ്തികകൾ മൂന്നിലൊന്നായി കുറച്ച് ഉടൻ ഉത്തരവിറക്കണം. ഈ തസ്തികകളുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാൽ റാങ്ക് ലിസ്റ്റ് തീരുന്ന തീയതിക്ക് ശേഷം വരുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല.

നിലവിലുള്ള തസ്തികകളുടെ എണ്ണം മൂന്നിലൊന്നായി നിജപ്പെടുത്തുന്നതുവരെ തസ്തികകൾ അബോളിഷ് ചെയ്തുകൊണ്ടേയിരിക്കണം. നിർത്തലാക്കുന്ന തസ്തികകൾക്ക് പകരമായി ഇപ്പോൾ ജീവനക്കാരുടെ കുറവുള്ള വകുപ്പുകളിൽ ആവശ്യമുള്ള തസ്തികകൾ സൃഷ്ടിക്കാവുന്നതാണ്.

Advertisment