തിരുവനന്തപുരം: സി.ഐ.ടി.യു പിന്തുണയിൽ നടക്കുന്ന ഡ്രൈവിങ്ങ് പരിഷ്കരണത്തിന് എതിരായ സമരക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷനുമായി ചർച്ച നടത്താൻ നിർബന്ധിതനായ മന്ത്രി ഗണേഷ് അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാനും നിർബന്ധിതനാകുകയായിരുന്നു.
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾ സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ കാതലായ നിർദ്ദേശങ്ങൾ പിൻവലിച്ചതോടെ സമരം പിൻവലിച്ച് ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷനും വിട്ടുവീഴ്ചക്ക് തയാറായി. 15 കൊല്ലം കഴിഞ്ഞ വാഹനങ്ങൾ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശമാണ് പിൻവലിച്ച നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്.
മറ്റെല്ലാ മേഖലയിലും 15 കൊല്ലം കഴിഞ്ഞ വാഹനങ്ങൾ ഉപേയാഗിക്കാൻ അനുവദിക്കുമ്പോൾ ഡ്രൈവിങ്ങ് പരിശീലനത്തിന് മാത്രം നിബന്ധന വെയ്ക്കുന്നത് വിവേചനപരമാണെന്നായിരുന്നു സ്കൂളുകളുടെ വാദം. രണ്ട് വശത്തും ക്ളച്ചും ബ്രേക്കുമുളള വാഹനം ഡ്രൈവിങ്ങ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശവും പിൻവലിക്കാൻ മന്ത്രിതല ചർച്ചയിൽ തീരുമാനമായി.
രണ്ട് വശത്തും ക്ലച്ചും ബ്രേക്കും ഉളള വാഹനങ്ങൾ വേണ്ടെന്ന സർക്കാർ തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ടായിരുന്നു. സുരക്ഷയെ ബാധിക്കുന്ന പ്രശ്നം എന്ന നിലയിലാണ് അവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. റോഡിലൂടെ വണ്ടി ഓടിച്ച് തെളിയിച്ചതിന് ശേഷം എച്ച് ടെസ്റ്റ് എടുത്താൽ മതിയെന്ന നിബന്ധനയും എടുത്തുകളഞ്ഞു.
പഴയ രീതി അനുസരിച്ച് എച്ച് ടെസ്റ്റ് പാസായ ശേഷം റോഡിലൂടെ വാഹനം ഓടിച്ച് കാണിച്ചാൽ മതി. പ്രതിദിന ടെസ്റ്റുകളുടെ കാര്യത്തിലും ഗതാഗത വകുപ്പ് വിട്ടുവീഴ്ചക്ക് തയാറായി. പ്രതിദിന ടെസ്റ്റുകൾ 40 ആയി ഉയർത്താനാണ് തീരുമാനം.രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുളള സ്ഥലങ്ങളിൽ 80 ടെസ്റ്റുകൾ വരെ നടത്താം.
ഡ്രൈവിങ്ങ് ടെസ്റ്റിന് തടസങ്ങൾ നേരിട്ടത് മൂലം ലേണേഴ്സ് ലൈസൻസിൻെറ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിലും അനുഭാവപൂർണമായ തീരുമാനം എടുത്തിട്ടുണ്ട്. എത്ര ലേണേഴ്സ് ലൈസൻസുകൾ പെൻഡിങ്ങായി കിടപ്പുണ്ടെന്ന് പരിശോധിച്ച് കൃത്യമായ കണക്കെടുക്കും. ലേണേഴ്സ് കാലാവധി കഴിയുമെന്ന് ഓർത്ത് ആരും ആശങ്കപ്പെടേണ്ടെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
ചെറിയ തുക അടച്ചാൽ ലേണേഴ്സ് കാലാവധി നീട്ടി നൽകും. ലൈസൻസ് എടുത്തതിനുശേഷം വീണ്ടും പോയി വണ്ടിയോടിക്കാൻ പഠിക്കുന്ന രീതി ഇനി വേണ്ട. നല്ല ലൈസൻസ് ഉള്ളവർ നന്നായി വണ്ടിയോടിച്ചാൽ അപകടങ്ങൾ കുറയും. കേരളത്തിൽ ഇനി നല്ല ലൈസൻസ് ഉണ്ടാകുമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
സി.ഐ.ടി.യു നേതൃത്വത്തിലുളള ഡ്രൈവിങ്ങ് സ്കൂൾ അസോസിയേഷനും സംയുക്ത സമര സമിതിയും ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലെല്ലാം അനുകൂല തീരുമാനമായിട്ടും സി.ഐ.ടി.യു പൂർണ തൃപ്തരല്ല. മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്ന വാഹനത്തിൽ ടെസ്റ്റ് നടത്തണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് സി.ഐ.ടി.യു നിലപാട്.
ടെസ്റ്റുകളുടെ എണ്ണം ഇനിയും ഉയർത്തണമെന്നും ആവശ്യമുണ്ട്. സമരം തുടരണമോയെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.എന്നാൽ സംയുക്ത സമരസമിതി ചർച്ചയിൽ പൂർണ്ണ തൃപ്തരാണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ അംഗീകരിച്ചുവെന്നാണ് സംയുക്ത സമിതിയുടെ പ്രതികരണം.