Advertisment

വിജിലൻസ് ഡയറക്ടറായിരിക്കെ ചുവപ്പും പച്ചയും കാർഡ് ഉയർത്തിക്കാട്ടി സർക്കാരിനെ വിറപ്പിച്ചു. ഇപ്പോൾ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ ഡിജിപി ജേക്കബ് തോമസിനെ വരിഞ്ഞുമുറുക്കി സർക്കാർ. സുപ്രീംകോടതി അനുവദിച്ച 2 മാസത്തിനകം തെളിവുകൾ കണ്ടെത്തി കുറ്റപത്രം നൽകാൻ അതിവേഗ നീക്കം. തത്തയെ കൂട്ടിലടയ്ക്കാൻ തുനിഞ്ഞിറങ്ങി സർക്കാർ !

New Update
jacob thomas

തിരുവനന്തപുരം: വിജിലൻസ് മേധാവിയായിരിക്കെ, ചുവപ്പും പച്ചയും കാർഡ് ഉയർത്തിക്കാട്ടി സർക്കാരിനെ വെള്ളം കുടിപ്പിച്ച മുൻ ഡി.ജി.പി ജേക്കബ് തോമസിനെ ഡ്രഡ്ജർ അഴിമതി കേസിൽ കുരുക്കിയിടുകയാണ് സർക്കാർ.

Advertisment

സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തി ജേക്കബ് തോമസിനെതിരായ കേസ് തുടരാൻ അനുമതി നേടിയെടുത്തതിന് പിന്നാലെ, വിജിലൻസ് അന്വേഷണം നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.  

വിജിലൻസ് തിരുവനന്തപരും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ എസ്.പി വി.അജയകുമാർ, വിജിലൻസ് സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പി അനിൽ ജോസ്, സ്‌പെഷ്യൽ യൂണിറ്റ് ഒന്ന് ഇൻസ്‌പെക്ടർ അഭിലാഷ് കെ.വി എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സുപ്രീംകോടതി അനുവദിച്ച 2മാസ കാലപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘം.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ചട്ടം ലംഘിച്ച് ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. ഇത് തിരുവന്തപുരം വിജിലൻസ് സ്പ്ഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്  ഒന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.  

അന്വേഷണം തുടരാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്ജർ വാങ്ങിയതിൽ 14.96കോടി  രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആർ.  സമാനമായ എഫ്.ഐ.ആർ നേരത്തെ കോട്ടയം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ അനുമതിയോടെയായിരുന്നു പുതിയ എഫ്.ഐ.ആർ സമർപ്പിച്ചത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജേക്കബ്തോമസ് ഐ.പി.എസിൽ നിന്ന് സ്വയംവിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് അഴിമതിക്കേസ്. ജേക്കബ്തോമസ് 2020ൽ വിരമിച്ചിരുന്നു.

2009-14 കാലത്ത് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഹോളണ്ട് ആസ്ഥാനമായ എ.എച്ച്.സി യ്ക്ക് കരാർ നൽകിയതായി എഫ്.ഐ.ആറിലുണ്ട്. ടെൻഡർ ക്ഷണിച്ച് മൂന്ന് മാസത്തെിൽ കുറയാത്ത കാലാവധിയ്ക്കുളളിൽ കരാർ ഉറപ്പിയ്ക്കണമെന്ന ചട്ടം മറികടന്ന് 21 ദിവസം കൊണ്ട് കരാർ ഉറപ്പിച്ചു.


പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഉളള മറ്റ് കമ്പനികൾക്ക് അവസരം നൽകാതെ ഏക ടെൻഡർ അംഗീകരിച്ചതും ചട്ടലംഘനമായി വിജിലൻസ് കുറ്റപ്പെടുത്തുന്നു. ഏക കരാർ അംഗീകരിയ്ക്കുമ്പോൾ സാങ്കേിതിക വിദഗ്ദരുടെ ഉപദേശം തേടി അനുമതി വാങ്ങണം എന്ന ചട്ടവും ജേക്കബ്തോമസ് പാലിച്ചില്ല.


ജേക്കബ് തോമസിന്റെ നടപടി കമ്പനിയ്ക്ക് രണ്ട് കോടിയോളം രൂപയുടെ ലാഭം ഉണ്ടാക്കി കൊടുത്തിരിയ്ക്കാമെന്നും വിജിലൻസ് അനുമാനിക്കുന്നു. കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഡ്രഡ്ജറുകൾക്ക് ചുങ്കം ചുമത്തുണമായിരുന്നു. എന്നാൽ ഡയറക്ടർ ഇടപെട്ട് നികുതി ഇളവ് വരുത്തി കൊടുത്തതായി വിജിലൻസ് ആരോപിയ്ക്കുന്നു.

കുറഞ്ഞപക്ഷം അഞ്ച് വർഷമെങ്കിലും അറ്റകുറ്റപ്പണി ലഭ്യമാക്കേണ്ടത് കരാറിലെ പിഴവ് കാരണം നഷ്ടമായി. ഇതിലൂടെ 203.41 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലൻസ് കണക്കാക്കുന്നു. കരാറിലെ പോരായ്മകൾ കാരണം 15 കോടിയോളം രൂപ സർക്കാർ ഖജനാവിന് നഷ്ടം ഉണ്ടായതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്. 14.96 കോടി രൂപയുടെ പൊതുനഷ്ടം സർക്കാരിനുണ്ടായെന്നും ഇടപാടുകൾ സുതാര്യമല്ലെന്നും ധനസെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമാണ് കണ്ടെത്തിയത്.

ഒരുവട്ടം ഹൈക്കോടതിയും വിജിലൻസും രണ്ടാം തവണ മുവാറ്റുപുഴ വിജിലൻസ് കോടതിയും ജേക്കബ് തോമസിനെതിരായ ആരോപണം തള്ളിയിരുന്നു.

2015ൽ ഡി.ജി.പി പദവിയിലെത്തിയ ജേക്കബ് തോസമസിനെ ഇടത് സർക്കാർ വിജിലൻസ് ഡയറക്ടറാക്കിയിരുന്നു. തുടർന്ന് സർക്കാരുമായി ഏറ്റുമുട്ടൽ ആരംഭിച്ച അദ്ദേഹത്തിനെതിരെ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇടപാടിൽ ക്രമക്കേട് നടത്തിയെന്നും തമിഴ്നാട്ടിൽ അനധികൃതമായി ഭൂമിവാങ്ങിയെന്നും ക്രിമിനൽ കേസുണ്ടായി.

ഇതിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ അദ്ദേഹത്തിനെതിരെ കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രതികൂല റിപ്പോർട്ട് സമർപ്പിച്ചതോടെ കേന്ദ്രാനുമതി ലഭിച്ചില്ല.

തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സുപ്രീംകോടതിയിൽ ജേക്കബ് തോമസിന്റെ വാദം. വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോൾ ഉന്നതരായ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തി കേസെടുത്തിന്റെ പേരിലുള്ള പകപോക്കലാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് ജേക്കബ് തോമസ് സുപ്രീംകോടതിയിൽ മുൻപ് നൽകിയ സത്യവാങ്മൂലത്തിലും പറയുന്നത്.

ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ സുപ്രധാന തെളിവുകളോ രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസ് സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഹോളണ്ടിലെ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ജേക്കബ് തോമസ് പ്രത്യേകം താൽപര്യമെടുത്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേസിൽ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാരും സത്യൻ നരവൂരുമാണു സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

Advertisment