Advertisment

തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ എല്ലാ വാർഡുകളും ഇടതുമുന്നണിക്ക് അനുകൂലമായി വെട്ടിമുറിക്കാൻ ഓർഡിനൻസ് വരുന്നു. നീക്കം വാർഡുകളിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ. 1200 തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് വീതം കൂട്ടാനാണ് ഓർഡിനൻസെങ്കിലും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കണം. സങ്കീർണ നടപടികളും അധിക ചെലവുമുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന് കണ്ടറിയണം

നിലവിൽ സംസ്ഥാനത്ത് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ഇടതിനാണ് മേൽക്കൈ. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഇടതുമുന്നണി നേടിയത്. 86 മുനിസിപ്പാലിറ്റികളുള്ളതിൽ 45 എണ്ണത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ 35 എണ്ണമാണ് എൽ.ഡി.എഫിനൊപ്പം പോയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cpm bjp

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡുകൾ വീതം കൂട്ടാനുള്ള സർക്കാർ തീരുമാനം എല്ലാ വാർഡുകളും വിഭജിച്ച് അധികാരം ഇടതുപക്ഷത്ത് നിലനിർത്താനുള്ള തന്ത്രമാണ്. അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 1200 തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതം കൂട്ടാൻ ഓർഡിനൻസിറക്കുന്നത്.

Advertisment

ഇതോടെ 1200 വാർഡുകൾ പുതുതായി സൃഷ്ടിക്കപ്പെടും. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. ഭേദഗതിയോടെ ഇതിൽ 1200ന്റെ വർദ്ധനയുണ്ടാവും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23വാർഡുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24മായി ഉയരും.


നിലവിൽ സംസ്ഥാനത്ത് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ഇടതിനാണ് മേൽക്കൈ. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഇടതുമുന്നണി നേടിയത്. 86 മുനിസിപ്പാലിറ്റികളുള്ളതിൽ 45 എണ്ണത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ 35 എണ്ണമാണ് എൽ.ഡി.എഫിനൊപ്പം പോയത്.

പതിന്നാല് ജില്ലാ പഞ്ചായത്തുകളുള്ളതിൽ പത്തും ഇടതുപക്ഷത്തിനാണ്. ബ്ളോക്ക് പഞ്ചായത്തുകളാകട്ടെ കൂട്ടത്തോടെ എൽ.ഡി. എഫിനെയാണ് വരിച്ചത്. 152 ബ്ളോക്ക് പഞ്ചായത്തുകളിൽ 108 എണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ അതിന്റെ മൂന്നിലൊന്നേ യു.ഡി.എഫിന് നേടാനായുള്ളൂ.

ഗ്രാമപഞ്ചായത്തുകളാണ് നല്ലൊരളവിൽ യു.ഡി.എഫിന്റെ മാനം രക്ഷിച്ചതെന്ന് പറയാം. 941 പഞ്ചായത്തുകളിൽ 370 ലധികം എണ്ണത്തിൽ ഭൂരിപക്ഷം നേടാൻ അവർക്ക് കഴിഞ്ഞു. എന്നാൽ അവിടെയും എൽ.ഡി.എഫിന് തന്നെയാണ് വലിയ മേൽക്കൈ. 500ലേറെ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്.


പക്ഷേ, ബി.ജെ.പിയുടെ മുന്നേറ്റമാണ് അന്നേ ഇടതിനെ അലട്ടിയത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കിയപ്പോൾ ബി.ജെ.പിയും ഇരുമുന്നണികളോടു പൊരുതി തിളക്കമാർന്ന വിജയം നേടിയിരുന്നു. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തവണത്തെപ്പോലെ 35 സീറ്റ് നേടാൻ അവർക്ക് കഴിഞ്ഞു. പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തിയ ബി.ജെ.പി ആദ്യമായി പന്തളം നഗരസഭാ ഭരണവും നേടി. 24 ഗ്രാമ പഞ്ചായത്തുകളുടെ ഭരണവും അവർക്കാണ്.


കൊച്ചി, തൃശൂർ കോർപറേഷനുകളിൽ നിർണായക ശക്തിയാകാനും ബി.ജെ.പി കൗൺസിലർമാർക്ക് കഴിയുമെനന്ന സ്ഥിതിയായിരുന്നു. കൊല്ലത്ത് രണ്ടിൽ നിന്ന് ആറിലേക്കും എറണാകുളത്ത് രണ്ടിൽ നിന്ന് അഞ്ചിലേക്കും സീറ്റുയർത്തിയ ബി.ജെ.പി കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്നു. ബി.ജെ.പിയുടെ ഈ മുന്നേറ്റത്തിന് തടയിടാനാണ് വാർഡുകൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ വിഭജിക്കാനുള്ള നീക്കം.

ഓർഡിനൻസിറക്കാനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഒരുവാർഡ് കൂട്ടാൻ എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കേണ്ടി വരും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ, 4 മുതിർന്ന ഐ.എ.എസുകാർ എന്നിവർ അംഗങ്ങളായ സമിതിക്കാണ് ചുമതല. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കും.

ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്രി നിയമങ്ങളിൽ ഭേദഗതി വരുത്തും. ഓർഡിനൻസിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല.

2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ, വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.

സെൻസസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്. 2021ൽ സെൻസസ് നടന്നിട്ടില്ല. അതിനാൽ ജനസംഖ്യാ വർദ്ധനവിന്റെ കണക്കില്ല. അതുകൊണ്ടാണ് നിയമഭേദഗതിയും അതിനനുസരണമായ ഓർ‌ഡിനൻസും വേണ്ടിവരുന്നത്. ഇതേ ആവശ്യത്തിന് മുൻപ് ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ സെൻസസ് നടന്നിട്ടില്ലെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ നിഷേധിച്ചിരുന്നു.

Advertisment